Kerala

ഇഗ്‌നിസ് കേരളയുടെ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരം ശാന്തിഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാക്ഷന്

Sathyadeepam

തിരുവനന്തപുരം: ജെസ്വിറ്റ്‌സ് സുഹൃത്‌സംഘമായ ഇഗ്‌നിസ് കേരളയുടെ (IGNIS Kerala) പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരം വിഴിഞ്ഞം ചപ്പാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തിഗ്രാം എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ എല്‍. പങ്കജാക്ഷനാണ്.

വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ പിന്തുണയില്ലാതെ, ജാതി, മത, സാമുദായിക, വര്‍ഗ, വര്‍ണ്ണ, ലിംഗ, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നീതിബോധവും സാമൂഹ്യബോധവും പരിസ്ഥിതിബോധവും വളര്‍ത്തുന്ന സുസ്ഥിര സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലമായി ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന അംഗീകാരവും ആദരവുമാണ് ഈ പുരസ്‌കാരം. മാനവികതയുടെ ശ്രേഷ്ഠമായ ഒരു സാക്ഷ്യപത്രം എന്ന പ്രഘോഷണവും ആഘോഷവുമാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മാനവികതയുടെ അടിസ്ഥാന പ്രമാണങ്ങളായ ആദരവ്, നീതി, സമത്വം, സ്വാതന്ത്ര്യം, പാരസ്പര്യം എന്നീ മൂല്യങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവരുടെ സാക്ഷ്യം. കേരളത്തിലെ ജെസ്വിറ്റ് സന്യാസസമൂഹവുമായി ബന്ധപ്പെട്ട ഒരു സംഘം സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഇഗ്‌നിസ് കേരള.

കഴിഞ്ഞ നാല്‍പതു വര്‍ഷമായി എല്‍. പങ്കജാക്ഷന്‍ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് കൈത്താങ്ങാകുവാനായി ഗ്രാമസ്വരാജ്, തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ ശാക്തീകരണം,ഭക്ഷ്യ ആരോഗ്യ സ്വയംപര്യാപ്തത,

പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണം, നാട്ടറിവ് നാട്ടുവൈദ്യ പരിപോഷണം, സ്വാശ്രയ ബദല്‍ ചികിത്സാ സമ്പ്രദായങ്ങളുടെ പ്രോത്സാഹനം, സ്ത്രീകളുടേയും കുട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും ശാക്തീകരണം തുടങ്ങിയ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലുടനീളമുള്ള ചെറുതും വലുതുമായ സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതി സംഘടനകള്‍ക്കു ദിശാബോധം നല്‍കുന്നതിനും ഇന്ത്യന്‍ തനത് കന്നുകാലി ജനുസ്സു കളുടെ സംരക്ഷണത്തിനും പ്രവര്‍ത്തിക്കുന്നു.

2011ല്‍ ദേശീയ ചക്ക മഹോത്സവവും തുടര്‍ന്ന് ആറു വര്‍ഷക്കാലം ചക്കയുടെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കാന്‍ സംസ്ഥാനതലം മുതല്‍ ഗ്രാമതലം വരെ വിവിധ പരിപാടികള്‍ക്ക് ജാക്ക് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളിലൂടെ നേതൃത്വം നല്‍കി. രോഗമില്ലാത്ത ജീവിതത്തിന് ചെറുധാന്യങ്ങളുടെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി മില്ലറ്റ്‌സ് & വെല്‍നസ് മിഷന്‍ സംസ്ഥാനതല പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും പ്രയോജനങ്ങളും സാധാരണക്കാരില്‍ എത്തിക്കുന്നതിന് അദ്ദേഹവും ശാന്തിഗ്രാമും നടത്തുന്ന ഇടപെടലുകളും മാതൃകാപരമാണ്.

ഡിസംബര്‍ 20 ന് വൈകിട്ട് 3 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും അടങ്ങുന്ന ഇഗ്‌നിസ് കേരളയുടെ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്‌കാരം ശ്രീ. കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട) ശാന്തിഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാക്ഷന് സമര്‍പ്പിക്കും.

വിശുദ്ധ ബിബിയാന (363) : ഡിസംബര്‍ 2

ദൈവം നമ്മോടുകൂടെ

മനുഷ്യജീവന്റെ സമഗ്ര സംരക്ഷണ ശുശ്രൂഷകളില്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണം : ബിഷപ്പ് പോള്‍ ആന്റണി മുല്ലശ്ശേരി

ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുകയും നടപ്പിലാക്കുകയും ചെയ്യണം: പി ഒ സി ജനറല്‍ ബോഡി യോഗം

വിശുദ്ധ എലീജിയസ് (588-660) : ഡിസംബര്‍ 1