വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ.) ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം അടിയന്തരമായി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വൈ.എം സംസ്ഥാന സമിതി.
അഞ്ചുവർഷം കൂടുമ്പോഴാണ് എഫ്.സി.ആർ.എ. ലൈസൻസ് പുതുക്കേണ്ടത്. പുതുക്കൽ നിരസിക്കപ്പെടുകയോ അപേക്ഷ നൽകാതിരിക്കുകയോ കാലാവധി കഴിഞ്ഞും പുതുക്കിക്കിട്ടാതിരിക്കുകയോ ചെയ്താൽ ആ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ ആസ്തികൾ കേന്ദ്രസർക്കാർ നിയോഗിക്കുന്ന പ്രത്യേക അതോറിറ്റിക്ക് ഏറ്റെടുക്കാമെന്ന വ്യവസ്ഥയാണ് വിവാദമായിരിക്കുന്നത്.
ആറുവർഷംമുൻപ് എഫ്.സി.ആർ.എ. അക്കൗണ്ടുകൾ ന്യൂഡൽഹിയിലെ എസ്.ബി.ഐ. മെയിൻ ബ്രാഞ്ചിൽ മാത്രമാക്കി നിയമം ഭേദഗതിചെയ്തിരുന്നു. ഇപ്പോൾത്തന്നെ കർശന ചട്ടക്കൂടുള്ള നിയമത്തിന് വീണ്ടും ഭേദഗതി കൊണ്ടുവരുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് ക്രൈസ്തവസഭകളുടെ നിലപാട്. ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയാലും പല കാരണങ്ങളാൽ തടയുകയോ റദ്ദാക്കുകയോ ചെയ്യുന്ന രീതി ഇപ്പോൾത്തന്നെയുണ്ട്.
ഈ സാഹചര്യത്തിൽ നിർദിഷ്ട നിയമഭേദഗതി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിദേശ സംഭാവനകളെ ആശ്രയിക്കുന്ന ന്യൂനപക്ഷ സാമൂഹിക സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനും നിലനിൽപിനും ഭീഷണി ഉയർത്തുന്നതാണ്. ഇതിനകം തന്നെ ചില രൂപതകളുടെ ലൈസൻസ് റദ്ദുചെയ്യുകയും കനത്ത തുക പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെതിരെ സി.ബി.സി.ഐ അടക്കമുള്ള ക്രൈസ്തവ സഭാ നേതൃത്വവും വിവിധ സംഘടനകളും രംഗത്തെത്തിയ സാഹചര്യത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ നിരന്തരം അവഗണിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ പ്രതിഷേധാർഹമാണെന്നും ഭേദഗതി ബിൽ പുനപരിശോധിക്കണം എന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ സി. നോർബർട്ട സി.ടി.സി വൈസ് പ്രസിഡന്റുമാരായ ആഗി മരിയ, സാം സണ്ണി, സെക്രെട്ടറിമാരായ ജോയൽ ജോൺ റോയ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ധന്യ മോഹൻരാജ്, ട്രഷറർ ജെൻസൺ ആൽബി തുടങ്ങിയവർ സംസാരിച്ചു.