ധാർമികതയും ദൈവിക ചിന്തയും നഷ്ടപ്പെടുന്ന സൈബർ ലോകത്ത് ധാർമികതയുടെ വക്താക്കളായി ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ സുവിശേഷപ്രഘോഷണം നടത്താൻ നാം ഓരോരുത്തരും മുന്നോട്ടുവരണമെന്ന് എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ ഫാദർ വർഗീസ് പൊട്ടക്കൽ ആഹ്വാനം ചെയ്തു. ചെറുപുഷ്പ മിഷൻ ലീഗ് എറണാകുളം അങ്കമാലി അതിരൂപത സുവർണജൂബിലി ജൂബിലി സമാപനാഘോഷങ്ങൾ അങ്കമാലി സുബോധന പാസ്റ്ററൽ സെന്ററിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാ. പൊട്ടക്കൽ.
കുട്ടികളിൽ പ്രേഷിതാഭിമുഖ്യം വളർത്താൻ ചെറുപുഷ്പ മിഷൻ ലീഗ് വേണമെന്നും എല്ലാക്കാലത്തേക്കാൾ പ്രസക്തി ഇന്ന് ചെറുപുഷ്പ മിഷൻ ലീഗിന് ഉണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ദൈവ നിരാസത്തിന്റെ ചിന്തകൾ വളരുന്ന ഈ കാലഘട്ടത്തിൽ തമ്പുരാനെ കാണിച്ചു കൊടുക്കാനും ഈശോയിൽ വളർത്താനും ചെറുപുഷ്പ മിഷൻ ലീഗിന് കഴിയണം.
ദൈവീക ചിന്ത പോലും മനസ്സിൽ നിന്നും മറന്നു അറിവ് സമ്പാദിക്കാൻ നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ ഈശോയിൽ നങ്കൂരമിട്ട് അറിവ് നേടാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കണം.
ആ അറിവ് നമ്മളെ നന്മയിലേക്ക് നയിക്കുന്നതാകണം.
ദൈവം നമ്മെ വിളിച്ചിരിക്കുന്നത് നാം ആയിരിക്കുന്നിടത്ത് ഈശോയെ മറ്റുള്ളവർക്ക് പ്രാപ്യമാക്കുവാൻ ആണെന്ന് ഉത്തമ ബോധ്യം നമുക്ക് ഏവർക്കും ഉണ്ടാകണം. - ഫാ. പൊട്ടക്കൽ വിശദീകരിച്ചു.
ചടങ്ങിൽ ചെറുപുഷ്പ മിഷൻ ലീഗ് എറണാകുളം അങ്കമാലി അതിരൂപത പ്രസിഡന്റ് തോമസ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. അതിരൂപത മുൻ ഡയറക്ടർമാരെ അങ്കമാലി സെന്റ് ജോർജ് ബസിലിക്ക റെക്ടർ ഫാ.ജിമ്മി പൂച്ചക്കാട്ട് മെമെന്റോ നൽകി ആദരിച്ചു.
ചെറുപുഷ്പ മിഷൻ ലീഗ് എന്ന സംഘടനയും മിഷൻലീഗിന്റെ മുദ്രാവാക്യങ്ങളും ആവേശമായി ഇന്നും കൊണ്ടുനടക്കുന്ന മുതിർന്ന തലമുറ അത് പുതിയ തലമുറയിലേക്ക് പകർന്നു നൽകി അതേ തീഷ്ണതയിലും ക്രിസ്തു വിശ്വാസത്തിലും പുതുതലമുറയെ വളർത്തിക്കൊണ്ടു വരുവാൻ തയ്യാറാകണമെന്ന് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.
മുൻകാലങ്ങളിൽ ചെറുപുഷ്പ മിഷൻ ലീഗിന് എറണാകുളം അങ്കമാലി അതിരൂപതയിൽ നേതൃത്വം കൊടുത്ത മുൻപ്രസിഡന്റുമാരെ അന്തർദേശീയ പ്രസിഡണ്ട് ഡേവിസ് വല്ലൂരാൻ മെമന്റോകൾ നൽകി ആദരിച്ചു. സുബോധന പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.രാജൻ പുന്നക്കൽ, ചെറുപുഷ്പ മിഷൻ ലീഗ് അങ്കമാലി മേഖല ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി, അതിരൂപത വൈസ് പ്രസിഡന്റ് അലീന പോളച്ചൻ, സംസ്ഥാന റീജിയൻ ഓർഗനൈസർ സിബിൻ മർക്കോസ്, അതിരൂപത റീജിയൻ ഓർഗനൈസർ പ്രിൻസ് യാക്കോബ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപതലത്തിൽ സംഘടിപ്പിച്ച കലാസാഹിത്യമത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മിഷൻലീഗ് കിടങ്ങൂർ ഉണ്ണി മിശിഹാ പള്ളി ശാഖയിലെ മുപ്പതോളം കുട്ടികൾ ചേർന്ന് അവതരിപ്പിച്ച രംഗപൂജയോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
അതിരൂപത ജോയിന്റ് ഡയറക്ടർ സിസ്റ്റർ അംബിക എഫ് സി സി വചന വായന നടത്തി.
അതിരൂപത ഡയറക്ടർ ഫാ . ജോഷി കളപറമ്പത്ത് സ്വാഗതം ആശംസിച്ചു.
അതിരൂപത ജനറൽ സെക്രട്ടറി ആന്റണി പാലമറ്റം നന്ദി പ്രകാശിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി വിവിധ ശാഖകളിൽ നിന്നും വന്ന നൂറുകണക്കിന് കുഞ്ഞുമിഷനറിമാർ പങ്കെടുത്ത പ്രേഷിത റാലി ഡി പോൾ സ്കൂളിൽ നിന്നും സുബോധനയിലെ സമ്മേളന ഹാളിലെക്ക് നടന്നു. അതിരൂപത സുവർണ ജൂബിലി വർഷ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് 2021 ഒക്ടോബർ മൂന്നാം തീയതി ആണ്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാലുകെട്ട് യൂണിറ്റുമായി സഹകരിച്ച് ഒരു ജൂബിലി ഭവനം നിർമ്മിച്ചു നൽകി. ജൂബിലി വർഷത്തിൽ മിഷൻ ലീഗ് മധ്യസ്ഥരുടെ തിരുശേഷിപ്പുകൾ അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റുകളിലൂടെ പ്രയാണം നടത്തുകയുണ്ടായി.
ഡയറക്ടർ ഫാ. ജോഷി കളപറമ്പത്തിന്റെ നേതൃത്വത്തിൽ സിസ്റ്റർ അംബിക ജോയിന്റ് ഡയറക്ടറായും തോമസ് ഇടശ്ശേരി പ്രസിഡന്റായും ഉള്ള കമ്മിറ്റിയാണ് അതിരൂപതയിൽ സംഘടനയ്ക്ക് നേതൃത്വം നൽകി വരുന്നത്.