വിശുദ്ധ ആഡ്രിയന്‍ കാന്റര്‍ബറി  (710) : ജനുവരി 9

വിശുദ്ധ ആഡ്രിയന്‍ കാന്റര്‍ബറി  (710) : ജനുവരി 9
ആഫ്രിക്കയില്‍ ജനിച്ച ആഡ്രിയന്‍ ഇറ്റലിയില്‍ ഒരു ബനഡിക്‌ടൈന്‍ സന്യാസിയായിത്തീര്‍ന്നു. നന്നേ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹത്തെ നേപ്പിള്‍സിലെ ആശ്രമത്തിന്റെ അധിപനാക്കി. അസാധാരണമായ പാണ്ഡി ത്യവും ജീവിതവിശുദ്ധിയുമുണ്ടായിരുന്ന ആഡ്രിയനെ ഇംഗ്ലണ്ടിലെ കാന്റര്‍ബറിയുടെ ആര്‍ച്ചുബിഷപ്പാക്കാന്‍ തീരുമാനിച്ചു. ഇത്ര വലിയൊരു സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ യോഗ്യനല്ലെന്നു കരുതിയ ആഡ്രിയന്‍, ഒരു ഗ്രീക്കു സന്യാസിയായ തിയഡോറിനെ ആ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍, 66-കാരനായ തിയഡോറിന്റെ ഉപദേശകനായി പോകാന്‍ ആഡ്രിയന്‍ സമ്മതിക്കുകയും ചെയ്തു.
സ്ഥാനാരോഹണം കഴിഞ്ഞതേ യാത്ര പുറപ്പെട്ടു. പക്ഷേ, രണ്ടുവര്‍ഷത്തേക്ക് ആഡ്രിയനെ സംശയത്തിന്റെ പേരില്‍ ഫ്രാന്‍സില്‍ തടഞ്ഞു വച്ചു. എന്നാല്‍, സ്വതന്ത്രനാക്കപ്പെട്ട അദ്ദേഹം കാന്റര്‍ബറിയിലെ സെ. പീറ്റര്‍ ആശ്രമത്തിന്റെ അധിപനായി നിയമിക്കപ്പെട്ടു. സെ. അഗസ്റ്റിന്‍ 605-ല്‍ സ്ഥാപിച്ച ഒരു സ്ഥാപനമായിരുന്നു അത്. ആഡ്രിയന്റെ സമര്‍ത്ഥമായ നേതൃത്വത്തില്‍ ആ സ്ഥാപനം ബ്രിട്ടണിലെ ഏറ്റവും പ്രസിദ്ധമായ വിജ്ഞാനസ്രോതസ്സായിത്തീര്‍ന്നു.

വി. ആഡ്രിയന്‍ സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നു പഠിച്ചിറങ്ങിയ മിഷനറിമാരും വിശുദ്ധരായ പണ്ഡിതന്മാരുമടങ്ങിയ സംഘമാണ് 8-ാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലും ഫ്രാന്‍സിലും വിശ്വാസത്തിന് അടിത്തറ യിട്ടത്.
710 ജനുവരി 9-ന് ചരമമടഞ്ഞ വി. ആഡ്രിയനെ കാന്റര്‍ബറിയില്‍ സംസ്‌കരിച്ചു.
അജ്ഞതയാണ് മനുഷ്യനെ ബാധിക്കുന്ന മാരകമായ ഒരു രോഗം. മറ്റു രോഗങ്ങള്‍ക്കൊക്കെ മരുന്നുണ്ടെങ്കിലും അജ്ഞതയെ മറികടക്കുക ബുദ്ധിമുട്ടാണ്. സത്യം വിവേചിച്ചറിയുവാന്‍ സാമാന്യബോധം വേണം. അതില്ലാത്തവന്‍ അന്ധവിശ്വാസത്തിലും അവിശ്വാസത്തിലും നിപതിക്കുന്നു. മതതീവ്രവാദവും മറ്റും രൂപപ്പെടുന്നത് അങ്ങനെയാണ്. ദൈവവിശ്വാസവും, മതവിശ്വാസവും രണ്ടാണെന്നും, ഇവ രണ്ടും മനുഷ്യനുവേണ്ടിയാണെന്നും മറിച്ചല്ലെന്നും വിശ്വാസികള്‍ തിരിച്ചറിയണം. വി. ആഡ്രിയനെപ്പോലുള്ള വിശുദ്ധരൊക്കെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയത് അതുകൊണ്ടാണ്.

സത്യം മാത്രമേ നമ്മെ സ്വതന്ത്രരാക്കൂ. സത്യം എന്താണെന്നറിയാന്‍ സന്മനസ്സും വിവേകവും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org