സ്‌കൂളുകള്‍ക്കുള്ള പി എം ശ്രീ പദ്ധതി : എന്ത്, എങ്ങനെ, എന്തുകൊണ്ട്...?

സ്‌കൂളുകള്‍ക്കുള്ള പി എം ശ്രീ പദ്ധതി : എന്ത്, എങ്ങനെ, എന്തുകൊണ്ട്...?
Published on
  • ജോസഫ് ആന്റണി പള്ളിശ്ശേരില്‍

പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പി എം ശ്രീ പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്ന കേന്ദ്രാവിഷ്‌കൃതമായ വിദ്യാഭ്യാസപദ്ധതി കേരളത്തില്‍ വലിയ തര്‍ക്കവിഷയമായല്ലോ. ഏറ്റവും അവസാനം ഈ പദ്ധതിയുടെ എം ഒ യു ഒപ്പുവച്ച കേരളം ഉള്‍പ്പടെ 26 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ഈ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. 28 സംസ്ഥാനങ്ങളില്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ് പദ്ധതിയില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്നത്. കേരളത്തിലെ ഭരണമുന്നണിയിലും മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ ഭരണകക്ഷിയിലെ പ്രമുഖ രാഷ്ട്രീയകക്ഷി അവര്‍ ഇത്രനാളും പറഞ്ഞു നടന്നിരുന്ന നിലപാടുകളൊക്കെ മറന്നുകൊണ്ട് പദ്ധതിയില്‍ ഒപ്പുവച്ചു എന്നതാണു വിവാദമായത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും സാമ്പത്തിക ആനുകൂല്യം നേടിയെടുക്കാന്‍ സ്വീകരിച്ച ഒരു അടവുനയത്തിന്റെ ഭാഗമായിട്ടാണ് രഹസ്യമായി ഈ പദ്ധതിയില്‍ ഒപ്പുവച്ചത് എന്ന വിചിത്രമായ വ്യാഖ്യാനമാണ് കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ രാഷ്ട്രീയനേതൃത്വവും ഉത്തരവാദിത്വപ്പെട്ട മന്ത്രിയും പറഞ്ഞത്. ഇതു സംബന്ധിച്ച് ഭരണമുന്നണിയില്‍ ഉണ്ടായ കലാപങ്ങളും ഘടകക്ഷിയുടെ സമ്മര്‍ദ്ദവും മൂലം കരാറില്‍ നിന്നും പിന്‍മാറുന്നു എന്നറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനു കത്തുകൊടുത്തു എങ്കിലും പിന്നീട് ഇതുസംബന്ധിച്ച് നടപടികളൊന്നു ഉണ്ടായില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പി എം ശ്രീ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി ഇത്ര വിവാദമാക്കാന്‍ എന്താണ് ഇതിലെ പ്രധാനപ്രശ്‌നങ്ങള്‍? എന്താണ് ഈ പദ്ധതിയിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും? 2020-ലെ ദേശീയ വിദ്യാഭ്യാസനയം (The National Education Policy 2020 -NEP) അനുസരിച്ചു രാജ്യത്ത് നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള വിദ്യാലയങ്ങള്‍ എന്നിവ ഉള്‍പ്പടെ 14,500 സ്‌കൂളുകളെ മാതൃകാ സ്‌കൂളുകളാക്കി ഉയര്‍ത്തുന്നതിനായി അഞ്ചു വര്‍ഷക്കാലത്തേക്ക് (2022-23 മുതല്‍ 2026-27 വരെ) ഉള്ള ഒരു പദ്ധതിയാണ് പി എം ശ്രീ എന്നറിയപ്പെടുന്ന ഈ വിദ്യാഭ്യാസ പദ്ധതി.

പി എം ശ്രീ പദ്ധതിയുടെ മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിട്ടുള്ള വിദ്യാര്‍ത്ഥി കേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ പഠനരീതികളെല്ലാം കേരളത്തില്‍ വളരെ നേരത്തേതന്നെ നടപ്പിലാക്കിയിട്ടുള്ളതാണ്. കൂടാതെ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പലതും വളരെ നേരത്തേ തന്നെ കേരളത്തിലെ സ്‌കൂളുകളില്‍ ഉള്ളതാണ്.

2022 സെപ്റ്റംമ്പര്‍ 7-നാണ് ഈ പദ്ധതി ഔപചാരികമായി തുടങ്ങിയത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. കെ കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി നാല് വര്‍ഷം എടുത്താണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. 5 വര്‍ഷത്തേക്ക് 27,360 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 5 വര്‍ഷത്തേക്ക് ആകെ കേന്ദ്ര വിഹിതം 18,128 കോടി രൂപയും സംസ്ഥാന വിഹിതം 9,232 കോടി രൂപയുമാണ്. രാജ്യത്തെ ഓരോ ബ്ലോക്കിലും പരമാവധി രണ്ട് സ്‌കൂളുകള്‍ (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും). കേരളത്തില്‍ 152 ബ്ലോക്കുകളിലായി ഈ പദ്ധതി പരമാവധി കിട്ടാവുന്നത് 304 സ്‌കൂളുകള്‍ക്കാണ്. അതില്‍ തന്നെ കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 40 കേന്ദ്രീയ വിദ്യാലയങ്ങള്‍, 25 നവോദയ വിദ്യാലയങ്ങള്‍ 1 ആര്‍മി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. ഇനി കേരളത്തിലെ 238 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുമാത്രമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള അര്‍ഹത.

നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍ക്കു പുറമേ ഒരു ബ്ലോക്കില്‍ നിന്നും രണ്ടു വിദ്യാലയങ്ങള്‍ എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്നതുമായ സ്‌കൂളുകളെയാണ് ഏറ്റെടുത്തു പി എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ആ സ്‌കൂളുകളില്‍ പുതിയ ദേശീയ വിദ്യാഭ്യാസനയമനുസരിച്ചുള്ള കരിക്കുലവും സിലബസും അതനുസരിച്ചുള്ള പഠനവുമായിരിക്കും നടക്കുക. ഇതിലൂടെ ഘട്ടം ഘട്ടമായി സ്റ്റേറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏറ്റെടുക്കുകയും സ്‌കൂളുകളില്‍ പാഠ്യപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് ഭരണഘടന അനുവദിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ തന്ത്രപൂര്‍വ്വം കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയും ചെയ്യും എന്നതാണ് ഈ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഒരു ആക്ഷേപം.

പി എം ശ്രീ പദ്ധതിയില്‍ ചേരുന്ന സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ ദേശീയ പാഠ്യപദ്ധതിയും കരിക്കുലവും എന്‍ സി ആര്‍ ടി യുടെ പാഠപുസ്തകങ്ങളും പഠിപ്പിക്കേണ്ടി വരുന്നു. ഇത് സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് എന്നു നിരീക്ഷിച്ചാല്‍ തെറ്റെന്നു പറയാന്‍ കഴിയുമോ?

പ്രീ പ്രൈമറി വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസത്തിന്റെ (formal education) ന്റെ ഭാഗം ആകും എന്നുള്ളതാണ് ഈ പദ്ധതിയുടെ ഒരു സവിശേഷത. Early Childhood Care and Education (ECCE) അതായത് അംഗന്‍വാടി പ്രീ പ്രൈമറി സ്‌കൂളുകളും ഈ പദ്ധതിയുടെ ഭാഗമാകും. പി എം ശ്രീ സ്‌കൂളുകളുടെ പ്രായമാനദണ്ഡങ്ങള്‍ 2020-ലെ ദേശീയ വിദ്യാഭ്യാസനയ ചട്ടക്കൂടിന് അനുസൃതമായിരിക്കും. പ്രീ പ്രൈമറി പ്രവേശനത്തിന് മാര്‍ച്ച് 31 മുതല്‍ കുറഞ്ഞത് മൂന്ന് വയസ്സും ഒന്നാം ക്ലാസിന് കുറഞ്ഞത് ആറ് വയസ്സും ആയിരിക്കും പ്രായപരിധി. 5+3+3+4 എന്നരീതിയിലാണ് ക്ലാസ്സുകള്‍!. മൂന്ന് വയസില്‍ പ്രവേശനം നേടുന്ന കുട്ടി പ്രീ പ്രൈമറി വിദ്യാഭ്യാസത്തോടെ ആരംഭിച്ച് ഗ്രേഡ് 2 വരെ ഈ ഘട്ടത്തില്‍ പഠിക്കുന്നു. 3 വയസ്സുമുതല്‍ മുതല്‍ 8 വയസ്സുവരെ, അതായത് രണ്ടാം ക്ലാസ് വരെ. ഈ ഘട്ടമാണ് അടിസ്ഥാന തലം (ഫൗണ്ടേഷണല്‍ സ്‌റ്റേജ്). അടുത്തത് തയ്യാറെടുപ്പ് ഘട്ടം (Preparatory Stage). 8 മുതല്‍ 11 വയസ്സ് വരെയുള്ള ഈ ഘട്ടത്തില്‍ 3, 4, 5 ക്ലാസ്സുകള്‍ ഉള്‍പ്പെടുന്നു. മധ്യഘട്ടം 11 വയസു മുതല്‍ 14 വയസ്സ് വരെ. ഈ ഘട്ടത്തില്‍ 6, 7, 8 ക്ലാസ്സുകള്‍ ഉള്‍പ്പെടുന്നു. ദ്വിതീയ ഘട്ടം (Secondary Stage) 14 വയസു മുതല്‍ 18 വയസ്സ് വരെ. ഈ ഘട്ടത്തില്‍ 9, 10, 11, 12 ക്ലാസ്സുകള്‍ ഉള്‍പ്പെടുന്നു.

പി എം ശ്രീ പദ്ധതിയുടെ മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിട്ടുള്ള വിദ്യാര്‍ത്ഥി കേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ പഠനരീതികളെല്ലാം കേരളത്തില്‍ വളരെ നേരത്തേതന്നെ നടപ്പിലാക്കിയിട്ടുള്ളതാണ്. കൂടാതെ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പലതും വളരെ നേരത്തേ തന്നെ കേരളത്തിലെ സ്‌കൂളുകളില്‍ ഉള്ളതാണ്. എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളുന്നതും സ്വാഗതം ചെയ്യുന്നതുമായ അന്തരീക്ഷം ഉറപ്പാക്കാനും സുരക്ഷിതമായ ഒരു പഠന അന്തരീക്ഷം പ്രദാനം ചെയ്യാനും ഈ സ്‌കൂളുകള്‍ക്ക് സാധിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമായി പറയപ്പെടുന്നത്. ഇക്കാര്യങ്ങളിലെല്ലാം നേരത്തേ തന്നെ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്.

അടിസ്ഥാന ശാസ്ത്ര ആശയങ്ങള്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ നിന്ന് നീക്കം ചെയ്തതിനെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും വിമര്‍ശിച്ചിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അധ്യായങ്ങളും പ്രധാന ഭാഗങ്ങളും 9, 10 ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ഇല്ലാതാക്കി.

ഭരണഘടനാപരമായി വിദ്യാഭ്യാസം എന്നത് സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണ്ണചുമതലയില്‍ ഉള്ള ഒന്നാണ്. അതിന്റെ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാരുകള്‍ കൈകടത്തുകയോ നിയന്ത്രിക്കുകയോ ചെയ്യാറില്ലായിരുന്നു. എങ്കിലും കേന്ദ്ര സര്‍ക്കാരുകള്‍ ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസ പ്രക്രിയക്ക് പൊതു മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന്റെ ഭാഗമായി ദേശീയതലത്തില്‍ വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള നയരേഖയും പാഠ്യപദ്ധതിചട്ടക്കൂടുമൊക്കെ കാലാകാലങ്ങളില്‍ തയ്യാറാക്കി നല്‍കുമായിരുന്നു എന്നു മാത്രം. പക്ഷേ പി എം ശ്രീ പദ്ധതിയില്‍ ചേരുന്ന സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ ദേശീയ പാഠ്യപദ്ധതിയും കരിക്കുലവും എന്‍ സി ആര്‍ ടി യുടെ പാഠപുസ്തകങ്ങളും പഠിപ്പിക്കേണ്ടി വരുന്നു. ഇത് സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് എന്നു നിരീക്ഷിച്ചാല്‍ തെറ്റെന്നു പറയാന്‍ കഴിയുമോ? സംസ്ഥാനങ്ങള്‍ക്ക് ന്യായമായും സ്വതന്ത്രമായ ഉപയോഗത്തിനും പദ്ധതി നടത്തിപ്പിനും ലഭിക്കേണ്ട ഭീമമായ തുക സംസ്ഥാനങ്ങളിലെ താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്‌കൂളുകളിലേക്കു മാത്രമായി ചിലവഴിക്കപ്പെടുന്നത് സംസ്ഥാനത്ത് പരിമിതമായ സൗകര്യങ്ങളുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളോട് കാട്ടുന്ന വിവേചനവും ക്രൂരതയുമാണ്.

2020-ലെ ദേശീയ വിദ്യാഭ്യാസനയത്തില്‍ ആസൂത്രിതമായ കാവിവല്‍ക്കരണവും ഹിന്ദുത്വ അജണ്ടകള്‍ തന്ത്രപൂര്‍വ്വം നടപ്പിലാക്കുന്നതിനുള്ള ശ്രമവും ഉണ്ടാകുന്നു എന്നുള്ളതാണ് മറ്റൊരു ആരോപണം. ഈ ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് - എന്‍ സി ആര്‍ ടി. 2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് സ്‌കൂളുകള്‍ക്കു വേണ്ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ ചില ഉള്ളടക്കങ്ങള്‍.

2020-ലെ ദേശീയ വിദ്യാഭ്യാസനയത്തില്‍ ആസൂത്രിതമായ കാവിവല്‍ക്കരണവും ഹിന്ദുത്വ അജണ്ടകള്‍ തന്ത്രപൂര്‍വ്വം നടപ്പിലാക്കുന്നതിനുള്ള ശ്രമവും ഉണ്ടാകുന്നു എന്നുള്ളതാണ് മറ്റൊരു ആരോപണം. ഈ ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് - എന്‍ സി ആര്‍ ടി. 2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് സ്‌കൂളുകള്‍ക്കുവേണ്ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ ചില ഉള്ളടക്കങ്ങള്‍.

വര്‍ഗീയസംഘര്‍ഷത്തിന്റെ കാലഘട്ടങ്ങളുമായോ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കുമായോ ബന്ധപ്പെട്ട ചിത്രങ്ങളും സംഭവങ്ങളും ബോധപൂര്‍വ്വം നീക്കം ചെയ്യുകയോ ഗണ്യമായി പരിഷ്‌കരിക്കുകയോ ചെയ്തു. ഇത് 'ചരിത്രപരമായ പരിഷ്‌കരണവാദം' എന്നതിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചയ്ക്ക് കാരണമായി. മുഗള്‍ സാമ്രാജ്യത്തെയും രാജാക്കന്മാരെയും (ഉദാ. അക്ബര്‍, ഷാജഹാന്‍, ഔറംഗസീബ്) കുറിച്ചുള്ള മുഴുവന്‍ അധ്യായങ്ങളും 12-ാം ക്ലാസ് ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയും മറ്റ് ക്ലാസുകളില്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. ഇത് മധ്യകാല ഇന്ത്യന്‍ ചരിത്രത്തിലെ ഒരു പ്രധാന കാലഘട്ടം മായ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ്. അടുത്തത് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് നാഥുറാം ഗോഡ്‌സെയെ (ഗാന്ധിയുടെ ഘാതകന്‍) രാഷ്ട്രീയ സ്വയം സേവക് സംഘവുമായി (RSS) ബന്ധപ്പെടുകയും തുടര്‍ന്ന് RSS നെ നിരോധിക്കുകയും ചെയ്തത് ചരിത്രപാഠപുസ്തകത്തില്‍ നിന്നും നീക്കം ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഉള്ളടക്കവും അക്രമത്തെക്കുറിച്ചുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക പരാമര്‍ശവും ഇല്ലാതാക്കി. അയോധ്യ തര്‍ക്കവും പൊളിച്ചുമാറ്റലും ചര്‍ച്ച ചെയ്യുന്ന വിഭാഗത്തില്‍ 'ബാബറി മസ്ജിദ്' എന്ന പദം ഒരു പാഠപുസ്തകത്തില്‍ 'മൂന്ന് താഴികക്കുടങ്ങളുള്ള ഘടന' എന്ന വാചകം ഉപയോഗിച്ച് മാറ്റി. പൊളിച്ചുമാറ്റലിനെ തുടര്‍ന്നുണ്ടായ വര്‍ഗീയകലാപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു.

അടിസ്ഥാന ശാസ്ത്ര ആശയങ്ങള്‍ നീക്കം ചെയ്തതിനെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും വിമര്‍ശിച്ചിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അധ്യായങ്ങളും പ്രധാന ഭാഗങ്ങളും 9, 10 ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ഇല്ലാതാക്കി. പരിസ്ഥിതി പ്രശ്‌നങ്ങളായ വായു മലിനീകരണം, ഹരിതഗൃഹ പ്രഭാവം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങള്‍ 10-ാം ക്ലാസിലെ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയോ നേര്‍പ്പിക്കുകയോ ചെയ്തു. അടിസ്ഥാന രസതന്ത്ര അധ്യായത്തിന്റെ ഭാഗങ്ങളും ഇല്ലാതാക്കി. പുരാതന ഇന്ത്യന്‍ ചരിത്രത്തിന്റെ അവതരണത്തിലും മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആര്യന്മാര്‍ തദ്ദേശീയരാണെന്ന് സൂചിപ്പിക്കുന്ന ഒരു വിവരണത്തിന് അനുകൂലമായി ആര്യന്‍ കുടിയേറ്റ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഉള്ളടക്കം പരിഷ്‌കരിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. പുരാതന ഇന്ത്യയില്‍ ഗോമാംസം കഴിക്കുന്ന രീതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇല്ലാതാക്കിയതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മേലുള്ള ഭാരം കുറയ്ക്കുന്നതിനും വ്യത്യസ്ത ക്ലാസുകളിലുടനീളം വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനുമുള്ള യുക്തിസഹമായ പ്രക്രിയയുടെ ഭാഗമാണിതെന്ന് അവകാശപ്പെട്ടുകൊണ്ട് എന്‍സിഇആര്‍ടി ഈ മാറ്റങ്ങളെ ന്യായീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിദ്യാഭ്യാസത്തിന്റെ 'കാവിവല്‍ക്കരണം' എന്നറിയപ്പെടുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അജണ്ടയെ സഹായിക്കാനാണ് ഈ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളുമെന്നു വിമര്‍ശകര്‍ ആക്ഷേപിക്കുന്നതിനെ തള്ളിക്കളയാന്‍ കഴിയില്ല.

വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്ന് വരുന്ന കുട്ടികളെ അവരുടെ വ്യത്യസ്തമായ പഠന മികവുകളും കഴിവുകളും മനസ്സിലാക്കി പഠനപ്രക്രിയയില്‍ അവരെ സജീവ പങ്കാളികളാക്കുകയും അതിനുവേണ്ടി തുല്യവും (ഇക്വിറ്റി) എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അതിനേക്കാള്‍ ഉപരി സന്തോഷകരവുമായ ഒരു സ്‌കൂള്‍ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് എന്നാണ് പദ്ധതി രേഖയില്‍ പറഞ്ഞിരിക്കുന്നത്. അത് എത്രത്തോളം പ്രായോഗികമാകും എന്നതില്‍ സംശയമുണ്ട്.

ഇന്ത്യയില്‍ 2023 ജനുവരിയില്‍ നടന്ന 108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് (ISC) സമീപകാല ISC ചരിത്രത്തിലെ ഏറ്റവും വിവാദപരമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റിയത് ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. ആധുനിക ശാസ്ത്ര ആശയങ്ങളെ ഇന്ത്യന്‍ പുരാണങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധിപ്പിക്കുന്ന കപട ശാസ്ത്രീയ അവകാശവാദങ്ങള്‍ അവതരിപ്പിക്കുന്നതിന് ആധുനിക ശാസ്ത്രവിഷയങ്ങളുടെ ചര്‍ച്ച നടക്കേണ്ട വേദി ഉപയോഗപ്പെടുത്തി എന്നതാണ് പ്രശ്‌നം. കപടശാസ്ത്രവും പുരാതന അവകാശവാദങ്ങളും പുരാണങ്ങളെ ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്തുന്ന അവതരണങ്ങളും അനുവദിച്ചതിന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് വിവാദകേന്ദ്രമായി. ആഗോളശാസ്ത്ര സമൂഹത്തില്‍ നിന്നുള്ള പ്രതിഷേധത്തിനും ഇതു കാരണമായി. പുരാതന ഇന്ത്യക്കാര്‍ക്ക് ആധുനിക വിമാനങ്ങളേക്കാള്‍ സങ്കീര്‍ണ്ണമായ വ്യോമയാന സാങ്കേതികവിദ്യ (പറക്കും വാഹനങ്ങള്‍) ഉണ്ടായിരുന്നു, ഹിന്ദു ഇതിഹാസമായ മഹാഭാരതത്തില്‍ സ്‌റ്റെം സെല്‍, ടെസ്റ്റ് ട്യൂബ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചിരുന്നു തുടങ്ങിയ വാദങ്ങളാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ ഉന്നയിക്കപ്പെട്ടത്. ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍ തുടങ്ങിയ ശാസ്ത്ര പ്രതിഭകള്‍ മാനവരാശിക്കു സമര്‍പ്പിച്ച അടിസ്ഥാന ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുകയും നിരാകരിക്കുകയും മിത്തുകളേയും പുരാണേതിഹാസങ്ങളേയും ശാസ്ത്രീയമെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയുമാണുണ്ടായത്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷനും (ISCA) സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും (DST) തമ്മിലുള്ള തര്‍ക്കം കാരണം 2024 ജനുവരിയില്‍ നടക്കാനിരുന്ന 109-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് റദ്ദാക്കി. പ്രധാന ശാസ്ത്ര വേദികളില്‍ കപടശാസ്ത്രം ഉള്‍പ്പെടുത്തിയതിനാല്‍ ഉന്നത ശാസ്ത്രജ്ഞര്‍ പലരും പരിപാടി ബഹിഷ്‌കരിക്കുകയും, ISC യുടെ അക്കാദമിക് നിലവാരത്തിലും പ്രസക്തിയിലും മൊത്തത്തിലുള്ള ഇടിവ് സംഭവിക്കുകയും ചെയ്തു.

മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള പി എം ശ്രീ സ്‌കൂളുകളെ സംബന്ധിച്ച മാര്‍ഗ്ഗരേഖയില്‍ നിലവിലുള്ള അധ്യാപനരീതിയില്‍ നിന്നും പി എം ശ്രീ പദ്ധതി പല പ്രധാന രീതികളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നവകാശപ്പെടുന്നുണ്ട്. എന്നാല്‍ പി എം ശ്രീ പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട താഴെകൊടുത്തിരിക്കുന്ന പരിഷ്‌ക്കാരങ്ങളെല്ലാംതന്നെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ (കരിക്കുലം ഫ്രെയിം വര്‍ക്കിലും) നേരത്തെ പറഞ്ഞിട്ടുള്ളവതന്നെയാണ്.

  • ഉപരിപ്ലവ പഠനത്തില്‍ നിന്നുള്ള മാറ്റം. വിമര്‍ശനാത്മക ചിന്ത, പ്രശ്‌നപരിഹാരം, സര്‍ഗ്ഗാത്മകത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനഃപാഠമാക്കുന്നതില്‍ നിന്ന് ചിന്താപരമായ വികാസത്തിലേക്കു പഠിതാക്കളെ നയിക്കുന്നു.

അനുഭവ്വാധിഷ്ഠിതമായ പഠനം. പ്രായോഗിക, പ്രോജക്റ്റ് അധിഷ്ഠിത പഠനത്തിനും യഥാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു.

മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കും. പദ്ധതി കാലാവധി പൂര്‍ത്തിയായതിനു ശേഷം ഈ സഹായങ്ങള്‍ തുടരുമോ അതോ ഇതില്‍ നിന്നും കേന്ദ്രം പിന്‍വലിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

  • സൈദ്ധാന്തികധാരണയ്ക്ക് പകരം പ്രായോഗിക സാഹചര്യങ്ങളില്‍ അറിവു പ്രയോഗിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ കഴിവിനെ അടിസ്ഥാനമാക്കി വിലയിരുത്തുന്നു.

  • സമഗ്രവികസനം. അക്കാദമിക് നേട്ടങ്ങള്‍ക്ക് മാത്രമല്ല, സാമൂഹിക വൈകാരിക പഠനം, ശാരീരിക വിദ്യാഭ്യാസം, തൊഴില്‍ വൈദഗ്ധ്യം എന്നിവയ്ക്കും മുന്‍ഗണന നല്‍കുന്നു.

  • വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമീപനം. വിദ്യാര്‍ത്ഥികളുടെ സ്വയം പഠനം, സ്വയം ആസൂത്രണം ചെയ്ത പഠനം, വ്യക്തിഗതമായ പഠന പാതകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

  • സാങ്കേതികവിദ്യയുടെ സംയോജനം. അധ്യാപനപഠന പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും ഡിജിറ്റല്‍ ഉപകരണങ്ങളും വിഭവങ്ങളും സംയോജിപ്പിക്കുന്നു.

  • ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഴിവുകളില്‍ ഊന്നല്‍. ഇന്നത്തെ ലോകത്ത് വിജയത്തിന് അത്യാവശ്യമായ ആശയവിനിമയം, സഹകരണം, വിമര്‍ശനാത്മക ചിന്ത, സര്‍ഗ്ഗാത്മകത തുടങ്ങിയ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നേരിട്ട് അനുഭവങ്ങളിലൂടെയുള്ള പഠനം, വിമര്‍ശനാത്മക ചിന്ത, കഴിവ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു. വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നു.

ഈ നൂതന സമീപനങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവും പ്രസക്തവുമായ പഠനാനുഭവം സൃഷ്ടിക്കുക എന്നതാണ് പീ എം ശ്രീ പ്രോജക്റ്റ് ലക്ഷ്യമിടുന്നത്.

കേരളത്തെ സംബന്ധിച്ച് ഇവ യാതൊന്നും പുതുമയല്ല.

പി എം ശ്രീ പദ്ധതി മുന്നോട്ടുവയ്ക്കുന്ന മറ്റു ചില പ്രധാന സവിശേഷതകള്‍ ഇതാണ്.

മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കും. പദ്ധതി കാലാവധി പൂര്‍ത്തിയായതിനു ശേഷം ഈ സഹായങ്ങള്‍ തുടരുമോ അതോ ഇതില്‍ നിന്നും കേന്ദ്രം പിന്‍വലിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍: സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, സംയോജിത ശാസ്ത്ര ലാബുകള്‍, അടല്‍ ടിങ്കറിംഗ് ലാബുകള്‍. (6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നവീകരണവും സര്‍ഗ്ഗാത്മകതയും വളര്‍ത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ സ്ഥാപിച്ച ഒരു വര്‍ക്ക്‌സ്‌പെയ്‌സാണ് അടല്‍ ടിങ്കറിംഗ് ലാബ് (ATL). 3D പ്രിന്ററുകള്‍, റോബോട്ടിക്‌സ്, മൈക്രോകണ്‍ട്രോളറുകള്‍ തുടങ്ങിയ ഉപകരണങ്ങളുമായി പ്രായോഗിക അനുഭവം നല്‍കുന്ന ഈ ലാബുകള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നിവയില്‍ പരീക്ഷണം നടത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും 21-ാം നൂറ്റാണ്ടിലെ കഴിവുകള്‍ വികസിപ്പിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. ഇന്ത്യയില്‍ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സംരംഭം.)

  • സമഗ്ര പഠന പരിസ്ഥിതി. ആശയവിനിമയം, സഹകരണം, വിമര്‍ശനാത്മക ചിന്താശേഷി എന്നിവയില്‍ ഊന്നല്‍.

  • ഹരിത സംരംഭങ്ങള്‍. ജലസംരക്ഷണം, മാലിന്യ പുനരുപയോഗം, സൗരോര്‍ജ്ജ ഉപയോഗം.

  • ഡിജിറ്റല്‍, നൈപുണി അധിഷ്ഠിത പഠനം. വൈജ്ഞാനിക, വൈകാരിക, സാമൂഹിക വളര്‍ച്ച ഉള്‍പ്പെടെ മൊത്തത്തിലുള്ള വികസനത്തിന് അവസരങ്ങള്‍.

  • സമഗ്രവും തുല്യവുമായ വിദ്യാഭ്യാസം. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ പ്രവേശനം ഉറപ്പാക്കല്‍.

  • സമൂഹത്തിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ഇടപെടല്‍. സമൂഹങ്ങളുടെ സജീവ പങ്കാളിത്തവും സ്‌കൂള്‍ ആഘോഷവും പരിപാടികളും.

വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്ന് വരുന്ന കുട്ടികളെ അവരുടെ വ്യത്യസ്തമായ പഠന മികവുകളും കഴിവുകളും മനസ്സിലാക്കി പഠനപ്രക്രിയയില്‍ അവരെ സജീവ പങ്കാളികളാക്കുകയും അതിനുവേണ്ടി തുല്യവും (ഇക്വിറ്റി) എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അതിനേക്കാള്‍ ഉപരി സന്തോഷകരവുമായ ഒരു സ്‌കൂള്‍ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത് എന്നാണ് പദ്ധതി രേഖയില്‍ പറഞ്ഞിരിക്കുന്നത്. അത് എത്രത്തോളം പ്രായോഗികമാകും എന്നതില്‍ സംശയമുണ്ട്.

സ്‌കൂളിന്റെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കും എന്നും പദ്ധതിരേഖയില്‍ പറയുന്നുണ്ട്. ഉദാ. ലൈബ്രറി, ശാസ്ത്ര ലാബുകള്‍, ഭാഷാ ലാബുകള്‍ എന്നിവ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്, കൂടാതെ പഠന വിനോദയാത്രകള്‍ക്ക്, കലാകായിക പരിശീലനങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്, മാലിന്യ സംസ്‌കരണത്തിന് ഒക്കെ സഹായം ഉണ്ടാകും എന്നാണ് പറയുന്നത്. സ്‌കൂളിന്റെ ഗുണനിലവാരം, പഠനഫലം (Learning outcomes) എന്നിവയൊക്കെ തുടര്‍ച്ചയായി നിരീക്ഷിച്ചു വിലയിരുത്തി മാത്രമായിരിക്കും ഇതൊക്കെ നല്‍കുന്നത്. അതായത് മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കും. പദ്ധതി കാലാവധി പൂര്‍ത്തിയായതിനുശേഷം ഈ സഹായങ്ങള്‍ തുടരുമോ അതോ ഇതില്‍ നിന്നും കേന്ദ്രം പിന്‍വലിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പി എം ശ്രീ പദ്ധതിക്കുവേണ്ടി മുറവിളി കൂട്ടുകയും കേരളത്തില്‍ നടപ്പാക്കി വന്നിരുന്ന വിദ്യാഭ്യാസ പദ്ധതികളെ എതിര്‍ക്കുകയും ചെയ്യുന്നവരുടെ ഒരു പ്രധാനവാദം കേരളത്തിലെ വിദ്യാഭ്യാസം ഭാരതീയ സംസ്‌കാരത്തേയും ഇതിഹാസ പുരാണങ്ങളേയും തമസ്‌കരിച്ച് വൈദേശിക സംസ്‌കാരത്തേയും ചരിത്രത്തേയും അന്ധമായി അനുകരിക്കുന്നു എന്നതാണ്. അവരോട് ചോദിക്കാനുള്ളതിതാണ്: ശ്രീരാമനും സീതയും ശ്രീകൃഷ്ണനും പഞ്ചപാണ്ഡവന്മാരുമെല്ലാം ജാതിമതഭേദമന്യേ നമുക്കു പരിചിതരായത് എല്ലാ ഭവനങ്ങളിലും മഹാഭാരതവും രാമായണവും പഠിപ്പിച്ചിട്ടാണോ? ആദ്യം മുതല്‍ ഇപ്പോള്‍ വരെയും നമ്മുടെ പുണ്യപുരാണ ഇതിഹാസങ്ങളിലെ സംഭവങ്ങള്‍, കഥാപാത്രങ്ങള്‍, സമ്മുടെ പൈതൃകം ഒക്കെ കവിതയായും കഥയായും ചരിത്രമായും നമ്മുടെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉണ്ടായിരുന്നതുകൊണ്ടാണത്. അതുകൊണ്ട് പി എം ശ്രീ വിദ്യാഭ്യാസ പദ്ധതിയെ വ്യക്തതയോടെ പഠിച്ച് പരിഷ്‌ക്കരിച്ച് ദേഷമായത് തള്ളിക്കളഞ്ഞ് നല്ലത് സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ സ്വീകരിക്കുക. അതാണ് നമ്മുടെ നാടിനു നല്ലത്.

  • (കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു ലേഖകന്‍. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐ സി റ്റി പഠനപരിശീലന വിഭാഗമായ ഐ റ്റി @ സ്‌കൂളില്‍ അധ്യാപക പരിശീലകനായും, എറണാകുളം ജില്ലയുടെ കോ ഓര്‍ഡിനേറ്ററായും എറണാകുളത്തുള്ള അധ്യാപക പരിശീലനകേന്ദ്രത്തിന്റെ മുഖ്യ ചുമതലക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • josepantony@gmail.com)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org