Kerala

വിദ്യാഭ്യാസ മന്ത്രിയുടെ വാക്കും ചെയ്തികളും പദവിയുടെ മഹത്വം മറന്നാണെന്ന് കെ സി എഫ് (കേരള കാത്തലിക് ഫെഡറേഷന്‍) സംസ്ഥാന സമിതി

Sathyadeepam

കൊച്ചി: വിദ്യാഭ്യാസ മന്ത്രിയുടെ വാക്കും ചെയ്തികളും പദവിയുടെ മഹത്വം മറന്നാണെന്ന് കെ.സി.എഫ്. (കേരള കാത്തലിക് ഫെഡറേഷന്‍) സംസ്ഥാന സമിതി കുറ്റപ്പെടുത്തി. 16000-ല്‍ പരം അധ്യാപകര്‍ക്കു വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്തതിനെപ്പറ്റി പരാതിപ്പെടുന്നവരോട്  വിമോചന സമരത്തിന് ഇനി പ്രയാസ മാണെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്ന് ഉണ്ടാകുന്നത്. മന്ത്രിയുടെ പ്രസ്താവന പലതും വസ്തുതാ വിരുദ്ധവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ്.

ഭിന്നശേഷി നിയമനത്തിന് ആവശ്യമായ ഒഴിവുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്‌മെന്റ് സര്‍ക്കാരിനും കോടതിക്കും സമര്‍പ്പിച്ചിട്ടുള്ളതാണ്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍ നിയമവിരുദ്ധരായി ചിത്രീകരിക്കുന്നതിനാണ് അക്കാര്യം മറച്ചുവച്ചുള്ള മന്ത്രിയുടെ പ്രസ്താവനയെന്ന് കെ.സി. എഫ് കുറ്റപ്പെടുത്തി.

എന്‍എസ്എസ് മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ സമാന സ്വഭാവമുള്ള ഏജന്‍സികള്‍ക്കും ഈ ഉത്തരവ് നടപ്പാക്കാം എന്നു വ്യക്തമാക്കിയിരുന്നതാണ്. ക്രിസ്ത്യന്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്.

എക്കാലവും എല്‍ഡിഎഫിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചവരാണ് സമരരംഗത്തുള്ളതെന്ന മന്ത്രിയുടെ വാക്ക്, വിവേചനരഹിതമായി  ആളുകള്‍ക്കു സേവനം ചെയ്യുമെന്ന സത്യപ്രതിജ്ഞയുടെ നഗ്‌നമായ ലംഘനമാണെന്നു കെ.സി.എഫ് സംസ്ഥാനസമിതി കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ് കുട്ടി, ട്രഷറര്‍ അഡ്വ ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, എം സി എ ഗ്ലോബല്‍ പ്രസിഡന്റ് ബൈജു എസ്. ആര്‍ , സംസ്ഥാന ഭാരവാഹികളായ ജയ്മോന്‍ തോട്ടുപുറം, ധര്‍മ്മരാജ് പി, സിന്ധുമോള്‍ ജസ്റ്റസ്, എബി കുന്നേല്‍പറമ്പില്‍, ജസ്സി അലക്സ്, ടെസ്സി ബിജു എന്നിവര്‍ പ്രസംഗിച്ചു.

ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ഭവനം നിര്‍മ്മാണ സഹായവുമായി എറണാകുളം അങ്കമാലി അതിരൂപത

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ഉത്കണ്ഠ: കെ സി ബി സി വിമന്‍സ് കമ്മീഷന്‍

പാപ്പായുടെ ഉച്ചകോടിയില്‍ ഷ്വാര്‍സ്‌നെഗറും

കമ്മ്യൂണിസ്റ്റ് റൊമേനിയായിലെ 'രഹസ്യമെത്രാന്‍' നിര്യാതനായി

500 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മെക്‌സിക്കന്‍ രൂപതയുടെ 500-ാം വാര്‍ഷികാഘോഷം