കൊച്ചി: മതേതര ഭാരതത്തില്‍ ക്രൈസ്തവ മതം പാടില്ല എന്ന അങ്ങേയറ്റം അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, അതിന്റെ പേരില്‍ ക്രിസ്മസ് കാലയളവില്‍ രാജ്യത്തുട നീളം അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന വര്‍ഗീയശക്തികളുടെ നീക്കങ്ങളില്‍ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് ലാറ്റിന്‍ സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ കടപുഴക്കുന്ന ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ ജനാധിപത്യ വിശ്വാസി കള്‍ ഒന്നടങ്കം എതിര്‍ക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഭാരതം ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ മാത്രം കുത്തകയല്ല, മറിച്ച് വൈവിധ്യങ്ങളെ നെഞ്ചേറ്റുന്ന ഒരു മതേതര രാജ്യമാണ്. മധ്യപ്രദേശില്‍ കാഴ്ചശക്തിയില്ലാത്ത യുവതിയെ മര്‍ദ്ദിച്ചതും, ഛത്തീസ്ഗഡിലും ഉത്തരാഖണ്ഡിലും ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയതും, കേരളത്തില്‍ പോലും കരോള്‍ സംഘങ്ങളെ ആക്രമിച്ചതും ഫാസിസ്റ്റ് ചിന്താഗതിയുടെ ഭീകരമായ ഫലങ്ങളാണ്. മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് വര്‍ഗ്ഗീയ സംഘടനകള്‍ ശ്രമിക്കുന്നത്.
ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ആരാധനാസ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റം ഒരു മതേതര രാജ്യത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് കെ.സി.വൈ.എം ലാറ്റിന്‍ സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. ക്രൈസ്തവ മതത്തിനെതിരെയും വിശ്വാസികള്‍ക്കെതിരെയും പരസ്യമായ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെയും വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുകയും ഭാരതത്തിന്റെ മതേതര മണ്ണില്‍ ഓരോ പൗരനും തന്റെ വിശ്വാസം മുറുകെ പിടിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറായി കൊണ്ട് ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കാനും ഭയരഹിതമായ അന്തരീക്ഷം ഉറപ്പാക്കാനും സര്‍ക്കാരുകളും സുരക്ഷാ ഏജന്‍സികളും തയ്യാറാകണമെന്ന് കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ മതേതര സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ജനാധിപത്യപരമായി നേരിടുമെന്നും, ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രബുദ്ധരായ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും കെ.സി.വൈ.എം ലാറ്റിന്‍ സംസ്ഥാന സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.