

എന്തുകൊണ്ടെന്നാൽ, രക്ഷിക്കപ്പെടുന്നവരുടെ യിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്.
2 കോറിന്തോസ് 2 : 15
"വത്സല മക്കളേ,
ഇതുവരെ നിങ്ങളുടെ പള്ളിയുടെ വികാരിയായി രുന്ന ബഹുമാനപ്പെട്ട ...... അച്ചന്റെ സേവനം പൂർത്തി യാവുകയാണ്. ഇന്നു മുതൽ നിങ്ങളുടെ വികാരി യായി ബഹുമാനപ്പെട്ട ...... അച്ചനെ ഇതിനാൽ ഞാൻ നിയമിച്ചിരിക്കുന്നു. ആകയാൽ, നിങ്ങൾ ഓരോരുത്തരുടെയും ആ ഇടവകാതിർത്തിയിൽപ്പെട്ട മറ്റെല്ലാവരുടെയും ആത്മാക്കളെക്കുറിച്ചും സ്വന്തം ഉദ്യോഗസംബന്ധമായ ഇതര കടമകളെക്കുറിച്ചും ദൈവതിരുമുമ്പിൽ കൃത്യമായി കണക്കു ബോധിപ്പി ക്കുവാൻ കടപ്പെട്ടിരിക്കുന്ന ബഹുമാനപ്പെട്ട അച്ചനെ നിങ്ങളുടെ ഇടയനും ആത്മീയപിതാവുമായി സ്വീകരിച്ച് സ്നേഹിക്കുകയും ബഹുമാനിക്കുകയും യഥായോഗ്യം അനുസരിക്കുകയും എല്ലാറ്റിലും സഹായിക്കുകയും അച്ചന്റെ സദുപദേശമനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്."
ഇടവകയിൽ പുതിയ വികാരിയെ നിയമിക്കുമ്പോൾ രൂപതാധ്യക്ഷൻ നൽകുന്ന വികാരി നിയമന പത്രിക യുടെ പ്രധാനഭാഗം ഇപ്രകാരമാണ്. അതനുസരിച്ച് അഞ്ച് മാസം മുമ്പ് ഇടവകയിൽ ചുമതലയേറ്റ വൈദികൻ ഫെബ്രുവരി 28-ന് സ്ഥലം മാറിപ്പോയി. ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തതുപോലെ, ഇടവകജനം ചെറുപ്പക്കാരനായ ആ വൈദികനെ ഇടയനും ആത്മീയ പിതാവുമായി സ്വീകരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും സഹായിക്കുകയും ചെയ്തു.
ദൈവജനം പത്രിക പദാനുപദം പഠിച്ചതു കൊണ്ടായിരിക്കുമോ അങ്ങനെ സംഭവിച്ചത്? അല്ല. സ്നേഹിക്കാനും ബഹുമാനിക്കാനും അനുസരിക്കാനും സഹായിക്കാനും തോന്നുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത് എന്നതാണ് കാരണം. ഇതിന് വിപരീതമായ പ്രകൃതമുള്ള വൈദികരുമുണ്ട്. ആടുകളുടെ സ്നേഹവും ബഹുമാനവും ആവശ്യമില്ലെന്ന് ഭാവിച്ച് അവരെ അകറ്റി നിർത്തുന്ന ഇടയന്മാരുണ്ട്. കോപവും പാരുഷ്യവും കൊണ്ട് മുറിപ്പെടുത്തുന്ന വൈദികരുണ്ട്. വാക്കും നോക്കും കർമ്മങ്ങളും വഴി വെറുപ്പിച്ച് വിശ്വാസത്തിൽ നിന്നു തന്നെയും ആത്മാക്കളെ അകറ്റുന്ന വൈദികരുണ്ട്. സുവിശേഷത്തിലെ എണ്ണയും വീഞ്ഞും കൈവശമില്ലാത്തതിനാൽ മുറിവേറ്റവർക്ക് കർത്താവിന്റെ സത്രം നിഷേധിക്കുന്ന വൈദികരുണ്ട്.
എന്തായാലും, മാറിപ്പോയ വൈദികൻ ഒരു നല്ല മനുഷ്യനായിരുന്നു. കരുണയും കുലീനതയുമുള്ള വൈദികനായിരുന്നു. കുഞ്ഞുങ്ങൾ, കൗമാരക്കാർ, യുവജനങ്ങൾ, മുതിർന്നവർ, സ്ത്രീകൾ എന്നിങ്ങനെ എല്ലാവരെയും അദ്ദേഹം ഒരുപോലെ സ്നേഹിച്ചു. എല്ലാവരോടും ആദരവോടെ പെരുമാറി. എല്ലാവരെയും ക്ഷമയോടെ കേട്ടു. അർഥസമ്പുഷ്ട മായി പ്രസംഗിച്ചു; മനോഹരമായി ഗാനങ്ങൾ ആലപിച്ചു. ദൈവദത്തമായ ആനന്ദത്തെക്കുറിച്ച് പഠിപ്പിച്ചു. എല്ലാം ആത്മനിറവോടെ അനുഷ്ഠിച്ചു. ക്രിസ്തു എല്ലാമായതിനാലും എല്ലാവരിലുമായതിനാലും (കൊളോ. 3:11) എല്ലാവർക്കും എല്ലാമാകാൻ അദ്ദേഹം തീക്ഷ്ണമായി പരിശ്രമിച്ചു. റംശയിലെ പ്രാർഥനപോലെ, പ്രശാന്തമായ സായംകാലവും ആശ്വാസപ്രദമായ രാത്രിയും പ്രതീക്ഷാനിർഭരമായ പ്രഭാതവും സൽപ്രവൃത്തികൾ നിറഞ്ഞ ദിവസവും നൽകി അദ്ദേഹത്തിലൂടെ ദൈവം ഇടവകയെ അനുഗ്രഹിച്ചു.
വൈദികരിൽ നിന്ന് ദൈവജനം ആഗ്രഹിക്കുന്നത് ക്രിസ്തുവിന്റെ പരിമളമാണ്. "പരിമളസസ്യങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും നാഥൻ' ഹൃദയത്തിൽ നിത്യമായി പതിച്ച സ്നേഹമുദ്രയിൽ നിന്നുയരുന്ന പരിമളം പൊഴിക്കാനാണല്ലോ അവർ "വിളിക്ക പ്പെടുകയും വേർതിരിക്കപ്പെടുകയും വിശുദ്ധീകരിക്ക പ്പെടുകയും' ചെയ്തിരിക്കുന്നത്. ഈ ലോകത്തിലെ ദുർഗന്ധങ്ങളെ സൗഗന്ധികങ്ങളാക്കാൻ അവരെ ശക്തിപ്പെടുത്തുന്നത് ആ പരിമളമാണ്. പൂവ് ചോദിക്കുന്നവർക്ക് വസന്തം നൽകാൻ അവരെ പ്രാപ്തരാക്കുന്നത് ആ പരിമളമാണ്. പന്നിക്കുഴികളിൽ നിപതിച്ച ദൈവപുത്രരെ പിതൃഭവനത്തിലേക്ക് വീണ്ടെടുക്കുന്നത് ആ പരിമളമാണ്. എന്നാൽ, പൗരോഹിത്യത്തെ അഹത്തിന്റെയും അധികാരത്തിന്റെയും സമ്പത്തിന്റെയും സുഖലോലുപതയുടെയും ആഘോഷമാക്കി അധഃപതിപ്പിക്കുന്നവർ ദൈവജനത്തിന് ആ പരിമളം നിഷേധിക്കുകയും യേശുക്രിസ്തുവിനെ അപകീർത്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.