കാഞ്ഞൂർ : പന്ത്രണ്ട് വർഷം നീണ്ടുനിൽക്കുന്ന വിശ്വാസ പരിശീലനത്തിനായി ഇടവകയിലെ 53 കുട്ടികൾ ഒന്നാം ക്ലാസിലേയ്ക്ക് പ്രവേശനം നേടി. പ്രവേശനോത്സവം വി. കുർബാനയോടെ ആരംഭിച്ചു. വിശ്വാസ പരിശീലന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഫാ. അമൽ പെരിയപ്പാടൻ ദിവ്യബലി അർപ്പിച്ചു. മാതാപിതാക്കളോടൊപ്പം വന്ന് കുട്ടികൾ കാഴ്ചസമർപ്പണം നടത്തി.
സി. ലിൻഡ, സി. ജൊവാന, മരിയ ജോയ് എന്നിവർ തിരുവചന വായനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും നേതൃത്വം നൽകി. ദിവ്യബലിയ്ക്ക് ശേഷം നടന്ന അസംബ്ലിയിൽ വെച്ച് കുട്ടികളെ ഈ വർഷത്തെ ആപ്തവാക്യത്തെ ആസ്പദമാക്കിയുള്ള ഫേയ്സ് മാസ്ക് ധരിപ്പിച്ചു. ഒപ്പം പരിശുദ്ധത്മാവിന്റെ രൂപം വെട്ടിയെടുത്ത ഹാൻഡ് സ്റ്റിക്കും, വലിയ മിട്ടായി പൊതിയുടെ മാതൃകയിൽ ഗിഫ്റ്റ് പേപ്പർ കൊണ്ട് പൊതിഞ്ഞ് തയ്യാറാക്കിയ ക്രയോൺസും സമ്മാനിച്ചു.
"ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പറഞ്ഞു പഠിപ്പിച്ചുകൊണ്ട് വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു. "ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ഒരു ഞായറാഴ്ച്ചപോലും മുടങ്ങാതെ വിശ്വാസ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് അതിരൂപത അവാർഡിന് അർഹരാകണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്‌ക്കൽ ആഹ്വാനം ചെയ്തു.
അസംബ്ലിക്കുശേഷം കുട്ടികൾക്കായി ആകർഷകമായ കളികളും, മറ്റ് ആക്ടിവിറ്റികളും ഇടവകയിലെ കെ.സി.വൈ.എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. മാസ്ക്കും, സ്റ്റിക്കും, ഗിഫ്റ്റും കെ.സി.വൈ.എം സംഘടനാംഗങ്ങളുടെ സംഭാവനയായിരുന്നു. ഈശോയോടൊപ്പം നിന്ന് സെൽഫി എടുക്കാനും സജ്ജീകരണം ഒരുക്കിയിരുന്നു.
ഫാ. അമൽ പെരിയപ്പാടൻ, സിനു പുത്തൻപുരയ്‌ക്കൽ, സെക്രട്ടറി സി. ഷാലി റോസ്, ലിൻസ് ജോസഫ്, അമൽ ജോസ്, ജാക്ക്സൺ സജി എന്നിവർ നേതൃത്വം നൽകി.