

കാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശ്വാസ പരിശീലന വിഭാഗം വിദ്യാർത്ഥികളാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ സ്വരുക്കൂട്ടിയത്. ക്ലാസ്സ് ടീച്ചേഴ്സിന്റെ നിർദ്ദേശപ്രകാരം മാതാപിതാക്കൾ കൊടുത്തു വിടുന്നതും, മിട്ടായിയും കളിപ്പാട്ടങ്ങളും വാങ്ങുവാൻ കുട്ടികൾ മാറ്റിവെച്ചിരിക്കുന്നതുമായ ചില്ലറ തുട്ടുകൾ എല്ലാ ഞായറാഴ്ച്ചകളിലും കൊണ്ടുവന്ന് ദിവ്യബലി മധ്യേ സ്തോത്രകാഴ്ചയായി സമർപ്പിക്കുന്നു.
ഒന്നാം ക്ലാസ്സിലെ കുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെ സ്തോത്രകാഴ്ച്ചയിൽ പങ്കുചേരുന്നു. ദാരിദ്ര്യം കൊണ്ടും, രോഗം കൊണ്ടും വലയുന്ന ധാരാളം സഹോദരങ്ങൾ തങ്ങൾക്ക് ചുറ്റുമുണ്ട് എന്ന വലിയ തിരിച്ചറിവ് കുഞ്ഞും നാളിലെ ബോധ്യപ്പെടുവാൻ ഈ പ്രവർത്തി കുട്ടികൾക്ക് പ്രചോദനമേകുന്നു.
പാവങ്ങളോട് സഹാനുഭൂതിയോടെ പെരുമാറുവാനും, അപരന്റെ ദുഃഖത്തിൽ പങ്കുചേരാനും കുട്ടികൾ ശീലിക്കുന്നു.
നിർദ്ദനരും ശയ്യാവലംമ്പരുമായ രോഗികളുടെ ചികിത്സയ്ക്കായിട്ടാണ് ഈ തുക വിനിയോഗിക്കുക. ഇടവകയിലെ അർഹരായവരെ കണ്ടെത്തി വികാരിയച്ചൻ ഈ ചികിത്സ സഹായധനം കൈമാറുന്നു.
വിശ്വാസ പരിശീലന വിഭാഗം അസി. ഡയറക്ടർ ഫാ. അമൽ പെരിയപ്പാടൻ, സെക്രട്ടറി സി. ഷാലി റോസ് എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴയ്ക്ക് കൈമാറി.
"നമ്മൾ ഒരാൾ മാത്രം വിചാരിച്ചാൽ ഒരുപക്ഷെ ഇതുപോലൊരു സഹായം നൽകാൻ സാധിച്ചെന്നുവരില്ല; എന്നാൽ നമ്മളെല്ലാവരുംകൂടി, പലതുള്ളി പെരുവെള്ളം എന്ന് പറയുംപോലെ കൊച്ചു കൊച്ചു പൈസകൾ സ്വരുക്കൂട്ടിയപ്പോൾ ഇത്രയും വലിയ തുക സമാഹരിക്കുവാൻ നമുക്ക് സാധിച്ചു" എന്ന് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് വികാരിയച്ചൻ പറഞ്ഞു.
പ്രധാനാധ്യാപകൻ സിനു പുത്തൻ പുരയ്‌ക്കൽ, ലിൻസ് ജോസഫ്, അമൽ ജോസ് എന്നിവർ നേതൃത്വം നൽകി.