വരവറിയിച്ച് വരും തലമുറ

The coming generation will be announced.
Published on

ഇന്ത്യയിലൊന്നും ഇനി പഴയതുപോലെയാകില്ലെന്ന പ്രതീക്ഷാനിർഭരമായ സന്ദേശം നൽകിക്കൊണ്ടാണ് ജന്തർ മന്തറിൽ വന്നു കൂടിയ വരും തലമുറ മടങ്ങിപ്പോയത്. അല്ല, അവർ എങ്ങും പോയിട്ടില്ല. കടന്നുവരുന്ന ഭാവിയെ സ്വീകരിക്കാൻ കാവലും കരുതലുമായി അവർ ഇവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുന്നു.

കേവലമൊരു വൈകാരികവിക്ഷോഭം എന്നതിനപ്പുറം, മാർഗങ്ങളും ലക്ഷ്യങ്ങളും വ്യക്തമായി നിർവചിച്ചുറപ്പിച്ച ജനാധിപത്യസമരമായിരുന്നു സി ജെ പി യുടെ നേതൃത്വത്തിൽ നടന്നത്. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലും വിദ്യാഭ്യാസമന്ത്രിയുടെ രാജി എന്ന പ്രഥമാവശ്യത്തിൽ നിന്നു തെല്ലിട പോലും മാറാൻ യുവജനങ്ങൾ തയ്യാറായില്ല. വിയോജിപ്പുകളെ അവഗണിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന സ്വേച്ഛാധിപത്യശൈലി വിദ്യാർഥികൾക്കടുത്തു വിലപ്പോയില്ല. മന്ത്രി പ്രധാനിൽ നിന്നു പ്രധാനമന്ത്രിയിലേക്കു സമരത്തിന്റെ കുന്തമുനകൾ നീണ്ടു. ഒടുവിൽ, ഏറ്റവും വേദനാപൂർണമായ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രഭരണകൂടം തയ്യാറാകേണ്ടിവന്നു.

അനീതിക്കെതിരെയുള്ള സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ഭരണകൂടങ്ങളെ തിരുത്താൻ സാധിക്കുമെന്ന വിശ്വാസം വീണ്ടെടുത്ത ഒരു സമരമായിരുന്നു ഇത്. രാഷ്ട്രീയ ലാഭങ്ങൾക്കപ്പുറം സ്വന്തം അവകാശങ്ങൾക്കായി വിദ്യാർഥികൾ ഒറ്റക്കെട്ടായി നിലകൊണ്ടപ്പോൾ അതിന് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ലഭിച്ചു. യുവത്വം മുന്നിൽ നിന്നു നയിക്കുമ്പോൾ തിരുത്തപ്പെടാനാകാത്ത അനീതിയുമില്ല, വഴങ്ങാത്ത ഭരണകൂടവുമില്ല. സർഗ്ഗാത്മകവും സമാധാനപരവുമായ പ്രതിഷേധങ്ങൾക്ക് ഏത് അടഞ്ഞ വാതിലുകളെയും വലിച്ചു തുറക്കാനാകും.

നല്ല മാറ്റങ്ങൾക്കായി യുവസമൂഹം മുന്നോട്ടുവരുമ്പോൾ, സഭയും അവരുടെ പിന്നിലുണ്ടാകണം. മനസ്സാക്ഷിയെ മാനദണ്ഡമാക്കിയാൽ ഇത്തരം സന്ദർഭങ്ങളിൽ ആശയക്കുഴപ്പം അസ്ഥാനത്താകും.

മെയ് 1968 ലെ ഫ്രഞ്ച് വിദ്യാർഥി പ്രക്ഷോഭത്തെയും 1989 ലെ ടിയാനൻമെൻ പ്രക്ഷോഭത്തെയും (ചൈന) 1989 ലെ വെൽവെറ്റ് വിപ്ലവത്തെയും (ചെക്കോസ്ലോവാക്യ) 2018 ലെ ജീവനുവേണ്ടിയുള്ള മാർച്ചിനെയും (അമേരിക്ക) ഓർമ്മിപ്പിക്കുന്നതായിരുന്നു ഡൽഹിയിലെ ജന്തർ മന്തർ പ്രക്ഷോഭമെന്നു പറയുന്നത് അതിശയോക്തിപരമാകില്ല. വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയൊന്നും പിന്തുണയില്ലാതെ, വിദ്യാർഥികൾക്കിടയിൽ നിന്നു സ്വാഭാവികമായി ഉയർന്നു വന്ന സമരങ്ങളായിരുന്നല്ലോ ഇതെല്ലാം. അതിശക്തമായ ഭരണകൂടങ്ങളോടാണ് ഇവരെല്ലാം ഏറ്റുമുട്ടിയത്. വിജയപരാജയങ്ങൾ എന്തുതന്നെയായിരുന്നാലും അവയെല്ലാം ചരിത്രത്തിലിടം പിടിച്ചവയും അവയ്ക്കു ശേഷമുള്ള ചരിത്രഗതിയെ സ്വാധീനിച്ചവയുമാണ്.

ജന്തർ മന്തർ പ്രക്ഷോഭത്തെ വിവിധ ക്രൈസ്തവസഭകൾ അനുഭാവപൂർവമാണ് കണ്ടത്. സംഘടിതവും ഏകീകൃതവുമായ പിന്തുണ സഭകൾ ഔദ്യോഗികമായി നൽകിയില്ലെങ്കിലും കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്ത് സഭകളുടെ വിവിധ തലങ്ങളിലുള്ള നേതാക്കളും വിശ്വാസികളും സമരരംഗത്തുള്ള യുവജനങ്ങൾക്കു സഹായങ്ങളുമായി എത്തിയിരുന്നു. വിദ്യാർഥികളെ അടിച്ചൊതുക്കാൻ പുറപ്പെട്ട പോലീസ് നടപടിയെ സി ബി സി ഐ ശക്തമായി വിമർശിച്ചു.

പ്രതിഷേധങ്ങൾ എപ്പോഴും സമാധാനപരവും അഹിംസാത്മകവുമായിരിക്കണമെന്ന് കർക്കശമായി ഓർമ്മിപ്പിക്കുമ്പോൾ തന്നെ, ലെബനൻ, ഫിലിപ്പീൻസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാമുണ്ടായ വൻ ജനകീയ പ്രക്ഷോഭങ്ങളിൽ വിദ്യാർഥികൾക്കൊപ്പം കത്തോലിക്കാ പുരോഹിതരും സന്യസ്തരും രംഗത്തിറങ്ങിയിരുന്നു എന്നത് നമുക്കു മറക്കാതിരിക്കാം. യുവജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും അവരുമായി സംവാദത്തിൽ ഏർപ്പെടാനും സഭ എപ്പോഴും ഭരണകൂടങ്ങളോട് ആവശ്യപ്പെടാറുണ്ട്. മാറ്റത്തിന്റെ ശില്പികൾ എന്നാണ് ഫ്രാൻസിസ് മാർപാപ്പ യുവജനങ്ങളെ വിശേഷിപ്പിച്ചത്. നല്ല മാറ്റങ്ങൾക്കായി യുവസമൂഹം മുന്നോട്ടുവരുമ്പോൾ, സഭയും അവരുടെ പിന്നിലുണ്ടാകണം. മനസ്സാക്ഷിയെ മാനദണ്ഡമാക്കിയാൽ ഇത്തരം സന്ദർഭങ്ങളിൽ ആശയക്കുഴപ്പം അസ്ഥാനത്താകും.

ജന്തർ മന്തറിലെ സമരത്തിൽ തോൽവി വിഴുങ്ങി വെള്ളം കുടിച്ച മറ്റൊരു കൂട്ടർ മാധ്യമങ്ങളാണ്. സ്വേച്ഛാധിപത്യം വച്ചു നീട്ടുന്ന സൗജന്യങ്ങൾ നുണഞ്ഞ്, യജമാനന്മാർക്കായി എഴുത്തും പ്രസംഗവും ആട്ടവും പാട്ടുമായി വിലസി, ജനാധിപത്യത്തിലെ നാലാം തൂണെന്ന സ്വവിശേഷണത്തെ പരിഹാസ്യമാക്കിയ ഗോദി മീഡിയ. അവരെ വകവയ്ക്കുന്നില്ലെന്നും അവരെക്കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്നും വിദ്യാർഥികൾ വിളിച്ചു പറഞ്ഞു. വാർത്തകളും വീക്ഷണങ്ങളും കലർത്തി വിളമ്പി തങ്ങൾ നിർമ്മിക്കുന്നതാണ് പൊതുജനാഭിപ്രായമെന്ന വ്യവസ്ഥാപിത മാധ്യമങ്ങളുടെ ഗർവിന്റെ ബലൂണുകൾ കുട്ടികൾ കുത്തിപ്പൊട്ടിച്ചു. രാജ്യദ്രോഹത്തിന്റെയും തീവ്രവാദത്തിന്റെയും ദേശസ്നേഹത്തിന്റെയും വീരാരാധനയുടെയും പഴഞ്ചൻ പദസഞ്ചയങ്ങൾ കൊണ്ട്, മാധ്യമങ്ങൾക്കിനി ഇവിടൊന്നും ചെയ്യാനില്ലെന്ന് വിദ്യാർഥികൾ തീർപ്പാക്കി. അതു പാഠമാക്കി, പഠിച്ചു, ദേശീയമാധ്യമരംഗം സ്വയം തിരുത്തുമെങ്കിൽ അതവർക്കു നല്ലതാണ്, രാജ്യത്തിനും.

ഒളിഞ്ഞതും തെളിഞ്ഞതുമായ ജനവിരുദ്ധ അജണ്ടകളുമായി മുന്നോട്ടു പോകുന്ന ഫാസിസ്റ്റുകൾക്കും അവരുടെ വിടുപണിക്കാർക്കും യുവാക്കൾ നൽകുന്ന സന്ദേശം വ്യക്തമാണ്. വീണ്ടും പിണക്കിയാൽ, വിജയം തേടി അവർ വീണ്ടും വരും, പരാജയം തളികയിൽ വച്ചു തരും. കാരണം, ഒരിക്കൽ വിജയം രുചിച്ചവരാണവർ.

logo
Sathyadeepam Online
www.sathyadeepam.org