കുട്ടികൾ ജനിക്കാത്ത ലോകം

A world where no children are born
Published on

കേരളത്തിൽ നിന്ന് ആയിരക്കണക്കിനു യുവാക്കൾ വിദേശങ്ങളിലേക്ക്, അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ നാടുകളിലേക്കു ചേക്കേ റുന്നു. വിദ്യാഭ്യാസം ഉള്ളവർക്കും അതു കുറഞ്ഞവർക്കും അവിടെ സാധ്യതക ളുണ്ട്. എന്തുകൊണ്ടാണ് ഈ ചെറുപ്പക്കാർ നാടുവിട്ട് പോകുന്നത്? നല്ല നാട് നോക്കി യുവാക്കൾ പുറപ്പാട് നടത്തുന്നു. മാത്രമല്ല വിദേശങ്ങളിൽ യുവാക്കൾ വളരെ കുറഞ്ഞു. അവർക്കു കാര്യങ്ങൾ നടത്താൻ ആളുകളെ വേണം. എന്തു കൊണ്ട്? 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ് ജനന നിയന്ത്രണ ഉപാധികൾ ശാസ്ത്രലോകത്തും തുടർന്നു സാധാരണ കുടുംബങ്ങളിലും ലഭ്യമാക്കിത്. അതിന്റെ ഫലമായി കുഞ്ഞുങ്ങൾ ജനിക്കുന്നതു വളരെ കുറഞ്ഞു. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ യുഗം പിറന്നു. ഉത്തരവാദിത്വരഹിതമായ ലൈംഗിക വേഴ്ചകൾ വർദ്ധിച്ചു. അവിടെ മാത്രമല്ല ഇവിടെയും ഇതു സംഭവിച്ചു കഴിഞ്ഞു. കേരളത്തി ലേക്കു അതിഥിത്തൊഴിലാളികളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിനു ചെറുപ്പക്കാർ എത്തുന്നു.

ലോകജനസംഖ്യ ഇങ്ങനെ നിരന്തരമായി കൂടിക്കലരുകയാണ്. അത് എന്തു പ്രതിസന്ധികൾ ഉണ്ടാക്കും എന്ന് പ്രവചിക്കാനാവില്ല. ട്രംപ് എന്ന അമേരിക്കൻ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ ഭരണത്തിന്റെ പ്രത്യേകതകളും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ വെള്ളക്കാരുടെ ആശങ്കയുടെ ഫല മാണ്. വെള്ളക്കാരുടെ ആധിപത്യം ഇല്ലാതാകുന്നു എന്ന വ്യാകുലത. ഇത്തരം പ്രവണതകൾ മറ്റിടങ്ങളിലും ഉണ്ടാകാം. മനുഷ്യത്വത്തിനു വേലികെട്ടുന്ന രാഷ്ട്രീയം ഭാരതത്തിലും പ്രകടമാണ്. കുട്ടികൾ ജനിക്കാത്ത പ്രശ്നം യൂറോപ്പിന്റെ മാത്രമല്ല. അതിവിടെയും സംഭവിക്കുകയാണ്.

സമ്പന്നർക്കും വിദ്യാഭ്യാസം കൂടിയവർക്കും കുട്ടികളെ പോറ്റാൻ കഴിവില്ലാത്തതല്ല കാരണം. വിദ്യയും സമ്പത്തും കൂടുമ്പോൾ കുട്ടികൾ ശല്യങ്ങളായി മാറുകയാണോ?

ലോകത്തിൽ ഇപ്പോൾ ശരാശരി ഒരു സ്ത്രീക്ക് 2.2 കുട്ടികളാണ് ഉണ്ടാകുന്നത്. മരിക്കുന്നിടത്തോളം ആളുകൾ ജനിക്കാൻ ഒരു സ്ത്രീക്കു 2.1 കുട്ടി ജനിക്കണം. എന്നാൽ ഇന്ത്യയിൽ ഒരു സ്ത്രീക്ക് 1.9 കുട്ടികളേ ജനിക്കുന്നുള്ളൂ. ജനന നിരക്കിൽ വ്യത്യാസങ്ങൾ സംഭവിക്കുന്നത് നഗരഗ്രാമ വ്യത്യാസത്തിലാണ്. ഇന്ത്യയിലെ നഗരങ്ങളിൽ ഒരു സ്ത്രീക്കു 1.5 കുട്ടികളാണ് ജനിക്കുന്നത്. വിദ്യാഭ്യാസവും സാമ്പ ത്തികനിലയും ഇവിടെ പ്രധാനമാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയർന്നവർക്കു മറ്റുള്ളവരേക്കാൾ കുട്ടികൾ കുറയുന്നു. ഇന്ത്യയുടെ തലസ്ഥാന മായ ഡൽഹിയിൽ ഒരു സ്ത്രീക്കു 1.2 കുട്ടികൾ മാത്രമാണ് ജനിക്കുന്നത്.

ഇന്ത്യയുടെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ജനനനിരക്ക് കുറവാണ്. അവിടങ്ങളിൽ ഒരു സ്ത്രീക്കു 1.3 കുട്ടികൾ മാത്രം. ഇതേ ജനനനിരക്കാണ് വികസിത രാജ്യമെന്നു പറ യുന്ന ജപ്പാനിലെയും ജനനനിരക്ക്. അമേരിക്കൻ ഐക്യനാടുകളിൽ 1.6 ആണ് ജനനനിരക്ക്. ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഫിൻലന്റിലാണ് 0.4. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ജനനനിരക്കു കൂട്ടുന്നു. ബീഹാറിൽ ജനനനിരക്ക് 2.9, ഉത്തർപ്രദേശിൽ 2.6, മധ്യപ്രദേശിൽ 2.4, രാജസ്ഥാനിൽ 2.3. ഈ കണക്കുകൾ നമ്മോടു ഒരു നഗ്നസത്യം പറയുന്നു. കുട്ടികളെ സ്വീകരിക്കുന്നതും, കുട്ടികളെ സ്നേഹിക്കുന്നതും കുറയുന്നു. കുട്ടികൾ വിവാഹജീവിതത്തിന്റെ ഭാരമായി മാറുന്നു. സമ്പന്നർക്കും വിദ്യാഭ്യാസം കൂടിയവർക്കും കുട്ടികളെ പോറ്റാൻ കഴിവി ല്ലാത്തതല്ല കാരണം. വിദ്യയും സമ്പത്തും കൂടുമ്പോൾ കുട്ടികൾ ശല്യങ്ങളായി മാറുകയാണോ?

ലോകം മുഴുവൻ നേരിടുന്നത് ഒരു ധാർമ്മിക പ്രതിസന്ധിയാണ്. ജനിച്ചു ജീവി ക്കുന്നവരുടെ സംഘാതമായ നിശ്ചയത്തിന്റെ സ്വാർത്ഥതയിൽ ജനിക്കാനുള്ള വർക്കും ലോകം നിഷേധിക്കുന്നു. ഭാവിക്കു വർത്തമാനത്തിന്റെ മേലുള്ള അവ കാശമാണ് ധാർമ്മികത. ജനിച്ചവർ ജനിക്കാനുള്ളവരോടു പുലർത്തുന്ന ഒരു ധാർമ്മിക ഉത്തരവാദിത്വത്തിന്റെ പ്രശ്നം. ജനിച്ചവരുടെ ഭീകരസ്വാർത്ഥതയിൽ നാം ജീവിക്കുന്നു. ഉപാധികളുടെ പ്രശ്നമല്ല ഇത്. വ്യക്തികളുടെ മനഃസാക്ഷിയിൽ എടുക്കുന്ന തീരുമാനങ്ങളുടെ പ്രശ്നമാണ്. എന്തു ഉപാധിയും ധാർമ്മികമാകുന്നത് അതിന്റെ ലക്ഷ്യത്തിന്റെ ധാർമ്മികതയിലാണ്. കുട്ടികൾ വേണ്ട എന്ന ദമ്പതി കളുടെ നിശ്ചയമാണ് പ്രതിസന്ധിയിൽ. ഈ പശ്ചാത്തലത്തിലാണ് പോൾ ആറാമൻ പാപ്പയുടെ “മനുഷ്യജീവൻ” എന്ന 1968 ജൂലൈ 25 ന്റെ ചാക്രിക ലേഖനം പ്രസക്തമാകുന്നത്. ആ ചാക്രികലേഖനമാണ് കൃത്രിമ ജനനനിയന്ത്രണ ഉപാധികളുടെ ഉപയോഗം അധാർമ്മികമാണ് എന്നു മാർപാപ്പ വ്യക്തമാക്കിയത്. എന്നാൽ ആ ചാക്രികലേഖനം യൂറോപ്യൻ രാജ്യങ്ങളിലെ മെത്രാൻ സമിതികൾ സ്വീകരിച്ചോ എന്ന പ്രശ്നം നാം ശ്രദ്ധിക്കണം. വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ല എന്നു പറഞ്ഞു ചാക്രികലേഖനം പ്രയോഗത്തിൽ അസ്വീകാര്യമായി മാറി. പിന്നീട് വന്ന മാർപാപ്പമാർ പൊതുവിൽ ഈ വിഷയത്തിൽ നിശ്ശബ്ദരായി. ക്രമേണ സന്താന ഉല്പാദന നിയന്ത്രണ മാർഗങ്ങളുടെ ധാർമ്മികത വലിയ പ്രശ്ന മല്ലാതായി, അതു കുട്ടികൾ വേണ്ട എന്ന നിശ്ചയമായി വ്യാപകമായ രീതിയിൽ സ്വീകരിക്കപ്പെട്ടു, അങ്ങനെ ലൈംഗികവേഴ്ചകൾ പ്രജനനവുമായി ബന്ധമില്ലാത്ത തായി മാറി. അതു ഭീകരമായ ഉത്തരവാദിത്വ രാഹിത്യമായി മാറി.

ആധുനികലോകം കണ്ട ഏറ്റം പ്രസക്തനായ ധാർമ്മികശാസ്ത്ര ചിന്തകനാണ് എമ്മാനുവേൽ ലെവിനാസ്. അദ്ദേഹം സമർത്ഥിക്കുന്നത് മനുഷ്യചിന്തയുടെ പ്രഥമ പരിഗണന ധർമ്മം എന്നതാണ്. അഹത്തിന്റെ ആധിപത്യചിന്തയിൽ അപരനെ നിഷേധിക്കുന്ന അധാർമ്മികത വളരുന്നു. ദൈവത്തിന്റെ ലോകസാ ന്നിധ്യം ഉണ്ടാക്കുന്നത് ധാർമ്മിക ജീവിതത്തിലാണ്. അപരന് ആതിഥ്യം നല്കുന്ന താണ് ധർമ്മം. ധർമ്മം ചോദിക്കുന്ന ദൈവത്തിന്റെ സ്വരമാണ് മനഃസാക്ഷി. ഈശ്വരന്റെ നിഴൽ വീഴുന്നതു അപരന്റെ മുഖത്താണ്. ഓരോ കുട്ടിയും ദൈവം ലോകത്തെ സ്നേഹിക്കുന്നു എന്ന സന്ദേശവുമായി വരുന്നതിനെക്കുറിച്ച് ടാഗോർ പാടി. സ്ത്രീത്വം ആതിഥ്യത്തിന്റെ രൂപമാണ്. ഗർഭിണിയുടെ വേദന അപരനുവേണ്ടി സഹിക്കുന്നു. കുഞ്ഞിനെ ഗർഭത്തിൽ പേറി അവൾ കാണിക്കുന്ന ഉത്തരവാദിത്വ ത്തിലാണ് ഒരു സ്ത്രീ അമ്മയാകുന്നത്. ഇവിടെയാണ് ഗർഭനിരോധനമാർഗങ്ങ ളുടെ ഉപയോഗത്തിന്റെ ധാർമ്മികത വളരെ അപ്രധാനമായി മാറുന്നത്.

ജീവൻ എന്ന ദൈവദാനത്തിന്റെ സ്വീകരണത്തിൽ മനുഷ്യർ പ്രകടിപ്പിക്കുന്ന സ്വാർത്ഥത നമ്മെ വിഴുങ്ങുന്നു. അതു മനുഷ്യന്റെ ഭാവി തന്നെ അപകടത്തിലാ ക്കുന്നു. ദാനമായി കിട്ടിയ ജീവൻ എന്നതു ദാനമായി നല്കാൻ മടിക്കുന്നു. അഹന്ത യുടെ സംഘാത സ്വഭാവം ഫാസിസ്റ്റ് ചിന്തയായി മാറിയിരിക്കുന്നു. “എന്നെക്കാൾ ഉപരി അപരന് മുൻഗണന കൊടുക്കുന്നതു മാത്രമാണ് കേവലമൂല്യം” ലെവിനാസ് എഴുതി. അപരനുവേണ്ടി ജീവൻ ബലി ചെയ്യാൻ കഴിയുന്നവനാണ് മനുഷ്യൻ. ധാർമ്മികമായി അപരനെ വഹിക്കുക എന്നതും അക്ഷരാർഥത്തിൽ കുഞ്ഞിനെ ഗർഭത്തിൽ പേറുക എന്നതും രണ്ടല്ല. കുഞ്ഞിനു ജന്മം നല്കലും ധർമ്മവും രണ്ടല്ല, ഒന്നാണ്. ജീവൻ ദാനമായി ലഭിച്ചവന്റെ ഉത്തരവാദിത്വമാണത്.

logo
Sathyadeepam Online
www.sathyadeepam.org