അടുത്ത ആഗോള യുവജന ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സഭകള്‍ ആരംഭിച്ചു. 2027 ആഗസ്റ്റില്‍ ദക്ഷിണ കൊറിയയിലെ സിയോണിലാണ് അടുത്ത ആഗോള യുവജന ദിനാഘോഷം നടക്കുക. ചുരുങ്ങിയത് ആയിരം യുവജന പ്രതിനിധികളെ എങ്കിലും സിയോളിലേക്ക് അയക്കണം എന്നാണ് ബംഗ്ലാദേശ് കത്തോലിക്കാ സഭയുടെ തീരുമാനം.
നാലു ലക്ഷമാണ് ബംഗ്ലാദേശിലെ കത്തോലിക്ക ജനസംഖ്യ. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി യുവാക്കള്‍ കൊറിയയിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറായി ഒരുക്കങ്ങള്‍ ആരംഭി ച്ചിട്ടുണ്ട് എന്നു ബംഗ്ലാദേശ് മെത്രാന്‍ സംഘത്തിന്റെ യുവജന കമ്മീഷന്‍ സെക്രട്ടറി ഫാ. ബികാഷ് ജെയിംസ് റെബീരോ അറിയിച്ചു.
യുവജനങ്ങളുടെ യാത്രാ ചെലവിന്റെ പകുതി മെത്രാന്‍ സംഘം ആയിരിക്കും വഹിക്കുക. നിര്‍ധന യുവാക്കളുടെ കാര്യത്തില്‍ ബാക്കി തുകയും സംഭാവനങ്ങളിലൂടെ സമാഹരിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിദേശയാത്രകളില്‍ ബംഗ്ലാദേശികള്‍ നിരവധി എമിഗ്രേഷന്‍ തടസ്സങ്ങള്‍ നേരിടാറുണ്ടെന്നും കഴിഞ്ഞവര്‍ഷം റോമിലേക്ക് നടത്തിയ ജൂബിലി തീര്‍ത്ഥാടനത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.