വിശുദ്ധ ഡോമിനിക് സാവിയോ (1842-1857) : മെയ് 6 

വിശുദ്ധ ഡോമിനിക് സാവിയോ (1842-1857) : മെയ് 6 

വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ഞാന്‍ ശക്തനല്ല. എങ്കിലും, എല്ലാ പ്രവൃത്തിയും, ഏറ്റം നിസ്സാരംപോലും, ദൈവത്തിന്റെ സ്തുതിക്കായി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
വി. ഡോമിനിക് സാവിയോ

വി. ഡോണ്‍ബോസ്‌കോയുടെ ആദ്യത്തെ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്ന വി. ഡോമിനിക് സാവിയോ, ഉത്തര ഇറ്റലിയിലെ മുരിയാള്‍ഡോ എന്ന സ്ഥലത്ത് 1842 ഏപ്രില്‍ 2-നു ജനിച്ചു. ദരിദ്രരായ ബ്രിഡ്ജിഡും ചാള്‍സ് സാവിയോയുമായിരുന്നു മാതാപിതാക്കള്‍.

കൊച്ചു ഡോമിനിക്കിന്റെ വിശുദ്ധ ജീവിതത്തിനു പശ്ചാത്തലം ഒരുക്കിക്കൊടുത്തത് സ്വന്തം വീടും ഇടവകപ്പള്ളിയുമാണ്. വളരെ സമാധാനപൂര്‍ണമായ ക്രൈസ്തവജീവിതം നയിച്ചിരുന്ന ആ കുടുംബത്തിന്റെ അന്തരീക്ഷം കൂടുതല്‍ വെളിച്ചം സ്വീകരിക്കാനും ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാനും അവന്റെ ആത്മാവിനെ സജ്ജമാക്കിക്കൊണ്ടിരുന്നു. അവന്റെ ഹൃദയത്തില്‍ ദൈവത്തോടുള്ള സ്‌നേഹവും കന്യകാമാതാവിനോടുള്ള ഭക്തിയും ആഴമായി വളരുവാന്‍ ഡോണ്‍ബോസ്‌കോ സഹായിച്ചു.

എന്നും രാവിലെ അഞ്ചുമണിക്ക് ഡോമിനിക് പള്ളിയില്‍ പോകും, അള്‍ത്താരബാലനായി വി. ബലിയില്‍ സംബന്ധിക്കും, അതിനുശേഷം കുറെനേരം പ്രാര്‍ത്ഥനയില്‍ മുഴുകും. മഴയോ മഞ്ഞോ വെയിലോ ഒന്നും ഡോമിനിക്കിന്റെ ഈ ദിനചര്യയ്ക്കു മുടക്കം വരുത്തിയില്ല.

ഡോമിനിക് സാവിയോയുടെ ജീവചരിത്രം രചിച്ച ഡോണ്‍ബോസ്‌കോയാണ് മറ്റുള്ളവരെ സഹായിച്ചും അവരെ ദൈവത്തിന്റെ അനന്തസ്‌നേഹത്തിലേക്കു നയിച്ചും മിഷന്‍പ്രവര്‍ത്തനം ആനന്ദകരമായി നടത്താമെന്ന് അവനെ പഠിപ്പിച്ചത്. ആദ്ധ്യാത്മിക ജീവിതത്തില്‍ ഡോമിനിക് പെട്ടെന്ന് വളര്‍ന്നുവലുതായി. ഭാവികാര്യങ്ങള്‍ പ്രവചിക്കാന്‍ പോലുമുള്ള പക്വത ലഭിച്ചു. ഡോമിനിക്കിന്റെ ചില ദര്‍ശനങ്ങള്‍ 1850-ല്‍ പോപ്പ് പയസ് ഒമ്പതാമന്റെ സഭാഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയത്രേ! പോപ്പ് പയസ് പത്താമന്‍ പറഞ്ഞു: "മാമ്മോദീസായില്‍ നിന്നു ലഭിച്ച വിശുദ്ധിയും നിഷ്‌കളങ്കതയും ഒളിമങ്ങാതെ അവസാനംവരെ കാത്തുസൂക്ഷിച്ച ഈ ബാലന്‍ ഒരു യഥാര്‍ത്ഥ വിശുദ്ധന്‍ തന്നെ!" 15 വയസ്സില്‍ ഡോമിനിക്ക് ആദ്ധ്യാത്മികതയില്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചിരുന്നു. പതിനൊന്നാം പീയൂസിന്റെ വാക്കുകളില്‍: "ക്രൈസ്തവ ജീവിതത്തിന്റെ പൂര്‍ണത നമുക്കു ഡോമിനിക്കില്‍ ദര്‍ശിക്കാം-മൂന്നു സ്രോതസുകളില്‍നിന്നാണ് ഡോമിനിക്കിന്റെ ജീവന്‍ ഊര്‍ജ്ജം സംഭരിച്ചിരുന്നത്: വിശുദ്ധി, ഭക്തി, തീക്ഷ്ണത."

ഒരു വിശുദ്ധനാകാനുള്ള മോഹം ഉള്ളില്‍ കൊണ്ടു നടന്നിരുന്ന ഡോമിനിക് 1857 മാര്‍ച്ച് 9-ന് ഒരു സ്വര്‍ഗ്ഗീയദര്‍ശനത്തില്‍ മുഴുകി വിളിച്ചു പറഞ്ഞു: ഹൊ! എത്ര മനോഹരമായ കാഴ്ച! അദ്ദേഹം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെടുകയായിരുന്നു. 1950 മാര്‍ച്ച് 5-ന് ഡോമിനിക്കിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

1954 ജൂണ്‍ 12-ന് ഡോമിനിക്കിനെ വിശുദ്ധനെന്നു നാമകരണം ചെയ്തുകൊണ്ട് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പറഞ്ഞു: "വെറും 15 വയസ്സുള്ള ഈ ബാലനെ അള്‍ത്താരയില്‍ വണക്കത്തിനായി പ്രതിഷ്ഠിക്കാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ കാലഘട്ടത്തിന്റെ യുവത്വത്തിന് ഡോമിനിക്ക് ഒന്നാന്തരം മാതൃകയാണ്. യുവഹൃദയങ്ങളില്‍നിന്ന് നന്മയുടെ അടിവേരുവരെ നശിപ്പിക്കാന്‍ ദുഷ്ടശക്തികല്‍ കിണഞ്ഞു ശ്രമിക്കുന്ന ഈ ദശാസന്ധിയില്‍, ശാരീരികമായി ദുര്‍ബലനെങ്കിലും ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ ജ്വലിച്ച ഈ യുവാവ്-ഡോമിനിക് സാവിയോ – ആധുനികയുവത്വത്തിന്റെ ശക്തമായ പ്രതീകമാണ്."

വെറും ഏഴു വയസ്സുള്ളപ്പോള്‍, 1849 ഏപ്രില്‍ 8 ഈസ്റ്റര്‍ ഞായറാഴ്ച പ്രഥമ ദിവ്യകാരുണ്യസ്വീകരണവേളയില്‍ കൊച്ചുഡോമിനിക് എടുത്ത നാലു പ്രതിജ്ഞകള്‍ എക്കാലത്തെയും യുവത്വത്തിനുവേണ്ടി നല്‍കുന്ന ഒരു മാര്‍ഗ്ഗദര്‍ശനമാണ്.

1. ഞാന്‍ കൂടെക്കൂടെ കുമ്പസാരിക്കും. കുമ്പസാരക്കാരന്‍ അനുവദി ക്കുന്നതനുസരിച്ച് വി. കുര്‍ബാന സ്വീകരിക്കും.

2. തിരുനാള്‍ ദിനങ്ങള്‍ വിശുദ്ധമായി ആചരിക്കും.

3. ഈശോയും മാതാവും ആയിരിക്കും എന്റെ സ്‌നേഹിതര്‍.

4. പാപം ചെയ്യുന്നതിനെക്കാള്‍ മരണമാണു ഭേദം.

Related Stories

No stories found.