വിശ്വാസപ്രതിസന്ധി നേരിടുന്ന പശ്ചാത്യസഭ സുവിശേഷത്തിലേക്ക് മടങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ബെല്‍ജിയം സന്ദര്‍ശനത്തിന് എത്തിയ മാര്‍പാപ്പ ബ്രസല്‍സിലെ സേക്രഡ് ഹാര്‍ട്ട് ബസിലിക്കയില്‍ 2500 ലേറെ വരുന്ന വൈദികരെയും മെത്രാന്മാരെയും സന്യസ്തരെയും മതബോധകരേയും അഭിസംബോധന ചെയ്യുകയായിരുന്നു. യൂറോപ്പിന്റെ പുനര്‍സുവിശേഷീകരണത്തിന്റെ പ്രസക്തി തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കി.
യേശുക്രിസ്തു ലോകത്തിനു സമ്മാനിച്ച സദ്വാര്‍ത്ത ഒരിക്കല്‍ കൂടി സകലരോടും പ്രഘോഷിക്കണമെന്നും മുഴുവന്‍ സൗന്ദര്യത്തോടെയും ആ സുവിശേഷ സന്ദേശം ജ്വലിച്ചു നില്‍ക്കാന്‍ ഇടയാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ബെല്‍ജിയത്തിലും യൂറോപ്പില്‍ പൊതുവെയും വിശ്വാസജീവിതം നയിക്കുന്ന കത്തോലിക്കരുടെ എണ്ണം കുറഞ്ഞു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ വാക്കുകള്‍. ക്രൈസ്തവികത യൂറോപ്പില്‍ ഒരു ന്യൂനപക്ഷമായോ സാക്ഷ്യമായോ മാറിയിരിക്കുകയാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
യേശുക്രിസ്തുവുമായി ഗാഢമായ സ്‌നേഹബന്ധത്തില്‍ ആയിരിക്കുകയും സുവിശേഷം ഉയര്‍ത്തുന്ന ആവശ്യങ്ങളോട് പ്രതികരിക്കാന്‍ സന്നദ്ധതയുള്ളവരുമായ വൈദികരെ ഈ പരിവര്‍ത്തന ഘട്ടത്തില്‍ യൂറോപ്പിന് ആവശ്യമാണെന്ന് മാര്‍പാപ്പ വ്യക്തമാക്കി.
സഭയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ മറച്ചു പിടിക്കരുത്, അവര്‍ വിചാരണ ചെയ്യപ്പെടണമെന്നും മാര്‍പാപ്പ, നാഷണല്‍ സ്റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. നാല്‍പതിനായിരത്തിലേറെ പേര്‍ ഈ ദിവ്യബലിക്ക് എത്തിയിരുന്നു. കര്‍മ്മലീത്ത സന്യാസിനിയായ സിസ്റ്റര്‍ അനാ ഡി ജീസസിനെ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. നിഷ്പാദുക കര്‍മ്മലീത്ത സന്യാസ സമൂഹത്തെ ഫ്രാന്‍സിലും ബെല്‍ജിയത്തിലും വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിസ്റ്റര്‍ അനായുടേത്.
ഭ്രൂണഹത്യ അനുവദിക്കുന്ന നിയമത്തില്‍ ഒപ്പുവയ്ക്കുന്നതിനു പകരം, താല്‍ക്കാലികമായി സിംഹാസനത്തില്‍ നിന്ന് മാറിനിന്ന ബെല്‍ജിയം രാജാവ് ബുദോവിന്റെ ഓര്‍മ്മകള്‍ മാര്‍പാപ്പ ആദരവോടെ പങ്കുവച്ചു. 1951 മുതല്‍ 1993 വരെ ബെല്‍ജിയം രാജാവായിരുന്ന അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ പുരോഗമിക്കുമെന്ന് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. സമാനമായ നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് രാജാവിനെ അനുസ്മരിക്കേണ്ടതാണെന്ന് മാര്‍പാപ്പ പറഞ്ഞു. രാജാവിന്റെ കബറിടവും പാപ്പ സന്ദര്‍ശിച്ചു.
1990 ലാണ് ബെല്‍ജിയത്തില്‍ ഭ്രൂണഹത്യ നിയമവിധേയമായത്. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കാന്‍ രാജാവ് ബാധ്യസ്ഥനായിരുന്നു. എന്നാല്‍ ആ സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി അദ്ദേഹം രണ്ടു ദിവസം രാജാവിന്റെ ചുമതലകളില്‍ നിന്ന് സ്വയം മാറിനില്‍ക്കുകയായിരുന്നു.