പുതിയ മാര്‍പാപ്പയുടെ ഭരണം ആരംഭിച്ചതിന്റെ ബഹുമാനാര്‍ത്ഥം വത്തിക്കാന്‍ യൂറോ കളക്ടര്‍ കോയിന്‍ സെറ്റിന്റെ ഭാഗമായി പുതിയ നാണയങ്ങള്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഭരണകൂടം പുറത്തിറക്കി. നാണയങ്ങളില്‍ തന്റെ മുഖം ഉപയോഗിക്കരുത് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖമുള്ള നാണയങ്ങള്‍ 2014-ന് ശേഷം വത്തിക്കാന്‍ ഇറക്കിയിരുന്നില്ല.
5 യൂറോ നാണയം ഒഴികെയുള്ള മറ്റ് വത്തിക്കാന്‍ നാണയങ്ങള്‍, യൂറോ പൊതു നാണയമായി ഉപയോഗിക്കുന്ന 21 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്.
1 സെന്റ്, 2 സെന്റ്, 5 സെന്റ് യൂറോ നാണയങ്ങളില്‍ ലിയോയുടെ ഔദ്യോഗിക ചിഹ്നവും വലിയ മൂല്യമുള്ള നാണയങ്ങളില്‍ അദ്ദേഹത്തിന്റെ മുഖവുമാണ് പതിപ്പിച്ചിരിക്കുന്നത്. പേപ്പല്‍ സ്റ്റേറ്റുകള്‍ക്ക് മേല്‍ മാര്‍പാപ്പമാര്‍ക്ക് ലൗകികാധികാരം ഉണ്ടായിരുന്ന മധ്യകാലഘട്ടം മുതല്‍ക്കേ നാണയങ്ങളില്‍ മാര്‍പാപ്പയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. 1929-ല്‍ വത്തിക്കാന്‍ സിറ്റി രൂപീകരിച്ച തൊട്ടുപിന്നാലെ, ഈ പരമാധികാര രാജ്യം മാര്‍പാപ്പയുടെ ചിത്രം പതിച്ച ലിറ (യൂറോയ്ക്ക് മുമ്പുള്ള ഇറ്റാലിയന്‍ നാണയം) പുറത്തിറക്കി. 2001-ല്‍ യൂറോ സ്വീകരിച്ചതോടെ വത്തിക്കാന്‍ ലിറ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തി.
2002 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മുഖത്തോട് കൂടിയാണ് ആദ്യത്തെ വത്തിക്കാന്‍ യൂറോ നാണയങ്ങള്‍ പുറത്തിറങ്ങിയത്. 2006 മുതല്‍ 2013 വരെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മുഖമുള്ള മറ്റൊരു കൂട്ടം നാണയങ്ങളും പുറത്തിറക്കി.
ഏറ്റവും പുതിയ വത്തിക്കാന്‍ നാണയങ്ങള്‍, അവയുടെ നിര്‍മ്മാണ ചുമതലയുള്ള വത്തിക്കാന്റെ ഫിലാറ്റലിക് ആന്‍ഡ് നുമിസ്മാറ്റിക് ഓഫീസ് വഴി 59 യൂറോയ്ക്ക് വാങ്ങാന്‍ ലഭ്യമാണ്.