പാത്രിയാർക്കീസും സിനഡും ഏറ്റുമുട്ടുമ്പോൾ: കാനോൻ നിയമത്തിലെ പുതിയ പരിഹാരം

When the Patriarch and the Synod Clash: A New Solution in Canon Law
Published on: 

മെത്രാന്മാരുടെ സിനഡിന് ഒരു പാത്രിയാർക്കീസിനെ നീക്കം ചെയ്യാൻ കഴിയുമോ? പൗരസ്ത്യ കത്തോലിക്കാ സഭകൾക്കു വേണ്ടിയുള്ള കാനോൻ നിയമസംഹിതയിൽ (CCEO) ഇതുവരെ ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല. ലെയോ പാപ്പായുടെ 'മുത്തുവാ കോൺകോർദീയാ' (പരസ്പര ഐക്യം) എന്ന അപ്പോസ്തോലിക ലേഖനം വഴിയായി CCEO കാനോന 106-ലും 126-ലും കൊണ്ടുവന്ന ഭേദഗതികൾ 2026 ഓഗസ്റ്റ് 29 മുതൽ നടപ്പിലായതോടെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചു.

ഇവിടെ പാത്രിയാർക്കീസിനെ സംബന്ധിച്ചു പറയുന്ന നിയമവ്യവസ്ഥകൾ പൊതുവേ സീറോ മലബാർ സഭ പോലുള്ള മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭകളുടെ മേജർ ആർച്ചുബിഷപ്പുമാർക്കും ബാധകമാണ്.

  • എന്തുകൊണ്ട് ഈ ഭേദഗതി?

മെൽക്കൈറ്റ്, അർമീനിയൻ, കൽദായ കത്തോലിക്കാ സഭകളിൽ പാത്രിയാർക്കീസും സിനഡും തമ്മിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് ഇത്തരമൊരു നിയമഭേദഗതിയിലേക്ക് വത്തിക്കാനെ നയിച്ചത്. തന്റെ രാജി ആവശ്യപ്പെടാൻ സിനഡിന് അധികാരമില്ലെന്ന് ചില പാത്രിയാർക്കീസുമാർ വാദിക്കുകയും സിനഡ് യോഗം വിളിച്ചുകൂട്ടാതിരിക്കുകയും ചെയ്തു. എതിർപക്ഷത്തുള്ള മെത്രാന്മാർ പങ്കെടുക്കാത്തതുമൂലം ക്വോറമില്ലാത്തതിനാൽ ചില സിനഡ് യോഗങ്ങൾ നടത്താൻ സാധിക്കാതെ വരികയും ചെയ്തു.

  • എന്താണ് ഈ ഭേദഗതി?

നിലവിലുണ്ടായിരുന്ന കാനോന 126 പ്രകാരം പാത്രിയാർക്കീസിന്റെ മരണം മൂലമോ സ്വമേധയായുള്ള രാജി മൂലമോ മാത്രമേ പാത്രിയാർക്കീസിന്റെ സിംഹാസനത്തിൽ ഒഴിവ് വന്നിരുന്നുള്ളൂ. കാനോന 126-ലെ ഭേദഗതി പ്രകാരം, നിശ്ചിത നടപടിക്രമം പാലിച്ച് റോമാ പാപ്പായുടെ അന്തിമാംഗീകാരത്തോടെ സിനഡ് പാത്രിയാർക്കീസിനെ നീക്കം ചെയ്യുമ്പോഴും പാത്രിയാർക്കൽ സിംഹാസനം ഒഴിവാകും.

നിലവിലുണ്ടായിരുന്ന കാനോന 106 പ്രകാരം പാത്രിയാർക്കീസിന് മാത്രമേ സിനഡ് യോഗം വിളിച്ചുകൂട്ടാൻ അധികാരമുണ്ടായിരുന്നുള്ളൂ. കാനോന 106-ലെ ഭേദഗതി മൂലം, പാത്രിയാർക്കീസ് സിനഡ് യോഗം വിളിച്ചുകൂട്ടിയില്ലെങ്കിൽ വോട്ടവകാശമുള്ള മെത്രാന്മാരിൽ മെത്രാഭിഷേക തീയതി പ്രകാരം ഏറ്റവും സീനിയറായ മെത്രാന് (അദ്ദേഹം തയ്യാറല്ലെങ്കിൽ അടുത്ത സീനിയർ എന്ന ക്രമത്തിൽ തുടർന്നുള്ള മെത്രാന്മാർക്കും) നിയമാനുസൃതമായി സിനഡ് വിളിച്ചുകൂട്ടാവുന്നതാണ്.

  • പാത്രിയാർക്കീസ് സിനഡിലെ ഒന്നാമൻ, രാജാവല്ല

പൗരസ്ത്യ കത്തോലിക്കാ സഭകളിലെ മെത്രാന്മാരുടെ സിനഡും അതിന്റെ തലവനായ പാത്രിയാർക്കീസും തമ്മിലുള്ള പരസ്പര ഐക്യവും കൂട്ടായ്മയുമാണ് സിനഡൽ ഭരണസംവിധാനത്തിന്റെ ആത്മാവെന്നാണ് 'മുത്തുവാ കോൺകോർദീയാ' വ്യക്തമാക്കുന്നത്. പാത്രിയാർക്കീസ് രാജാവല്ല, സിനഡിലെ ഒന്നാമൻ മാത്രമാണ്. എന്നാൽ, പാത്രിയാർക്കീസില്ലാതെ സിനഡും പൂർണമല്ല. പാത്രിയാർക്കീസും സിനഡും പരസ്പരപൂരകമായേ പ്രവർത്തിക്കാവൂ.

  • പ്രതിസന്ധിയുണ്ടായാൽ എന്താണ് ചെയ്യേണ്ടത്?

കാനോൻ നിയമത്തിലെ പുതിയ ഭേദഗതികൾ ഒരു പാത്രിയാർക്കീസിനെ എളുപ്പത്തിൽ നീക്കം ചെയ്യാനുള്ള അധികാരം സിനഡിന് നൽകുന്നില്ല. മറിച്ച്, ഗുരുതരമായ കാരണത്താൽ അവരുടെ കൂട്ടായ്മ തകർന്നാൽ മാത്രം, ഘട്ടംഘട്ടമായി പ്രയോഗിക്കാവുന്നതും സംരക്ഷണങ്ങൾ ഉൾപ്പെടുത്തിയതുമായ നടപടിക്രമമാണ് അത് മുന്നോട്ടുവെക്കുന്നത്.

1) സിനഡ് വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെടാം:

സാധാരണ ഗതിയിൽ 80 വയസ്സിന് താഴെയുള്ള മെത്രാന്മാർക്കാണ് വോട്ടവകാശമുള്ളത്. ഇവരിൽ മൂന്നിലൊന്നിൽ കുറയാത്തവർ മേൽപ്പറഞ്ഞ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ച അജണ്ടയിൽ ഉൾപ്പെടുത്തി സിനഡ് യോഗം വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടാൽ പാത്രിയാർക്കീസ് അത് നടപ്പിലാക്കണം. പാത്രിയാർക്കീസ് മേൽപ്പറഞ്ഞ ആവശ്യം നിരസിച്ചാൽ, സീനിയർ മെത്രാന് സിനഡ് യോഗം വിളിച്ചുകൂട്ടാവുന്നതാണ്.

2) പാത്രിയാർക്കീസിനോട് സിനഡിന് രാജി ആവശ്യപ്പെടാം:

സിനഡിലെ ചർച്ചയ്ക്കും പാത്രിയാർക്കീസിന് വിശദീകരണത്തിനുള്ള ആവശ്യമായ അവസരം നൽകിയതിനും ശേഷം, പാത്രിയാർക്കീസും സിനഡും തമ്മിലുള്ള കൂട്ടായ്മ പുനഃസ്ഥാപിക്കാനാവില്ലെന്ന് സിനഡ് വിലയിരുത്തുകയാണെങ്കിൽ പാത്രിയാർക്കീസിനോട് സ്ഥാനമൊഴിയാൻ സിനഡിന് അഭ്യർത്ഥിക്കാം (കാനോന 126 § 3). പാത്രിയാർക്കീസിന് സിനഡ് മുമ്പാകെയും റോമാ പാപ്പായ്ക്ക് നേരിട്ടും രാജി സമർപ്പിക്കാം. രണ്ടു സാഹചര്യങ്ങളിലും രാജി സ്വീകരിക്കുന്നതോടെ പാത്രിയാർക്കൽ സിംഹാസനം ഒഴിവായതായി കണക്കാക്കപ്പെടുന്നു (കാനോന 126 § 1).

3) സിനഡിന് പാത്രിയാർക്കീസിനെ നീക്കം ചെയ്യാം:

പാത്രിയാർക്കീസ് രാജി നിരസിച്ചാൽ, തുടർന്നുള്ള സിനഡ് യോഗത്തിൽ അധ്യക്ഷത വഹിക്കാനുള്ള പുതിയ അധ്യക്ഷനെ സിനഡിൽനിന്ന് തിരഞ്ഞെടുക്കാൻ വേണ്ട ക്രമീകരണം സീനിയർ മെത്രാൻ ചെയ്യണം. പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ കൂടിയ സിനഡ് യോഗത്തിൽ, സ്വയം പ്രതിരോധിക്കാനുള്ള ആവശ്യമായ അവസരം പാത്രിയാർക്കീസിന് നൽകിയശേഷം, രഹസ്യ വോട്ടിലൂടെ വോട്ടവകാശമുള്ള മെത്രാന്മാരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാത്രിയാർക്കീസിനെ നീക്കം ചെയ്യാം. പാത്രിയാർക്കീസിനെ നീക്കം ചെയ്യുന്ന പ്രമേയം മേൽപ്പറഞ്ഞ ഭൂരിപക്ഷത്തോടെ പാസായാൽ, അധ്യക്ഷൻ എത്രയും വേഗം റോമാ പാപ്പായെ വിവരമറിയിക്കണം. പാത്രിയാർക്കീസിനെ നീക്കം ചെയ്യാനുള്ള നടപടികൾ നിയമാനുസൃതവും നീതിയുക്തവും സ്വതന്ത്രവുമായി നടത്തിയെന്ന് ഉറപ്പായാൽ മാത്രമേ റോമാ പാപ്പാ നീക്കം ചെയ്യലിന് അംഗീകാരം (assent) നൽകുകയുള്ളൂ. അതോടെ പാത്രിയാർക്കൽ സിംഹാസനം ഒഴിവായതായി കണക്കാക്കപ്പെടുന്നു (കാനോന 126 § 4).

4) തുടർനടപടികൾ:

പാത്രിയാർക്കൽ സിംഹാസനം ഒഴിവായാൽ നിയമാനുസൃത നടപടിക്രമം (കാനോന 63-74; 110 § 3; 947–957) അനുവർത്തിച്ച് പുതിയ പാത്രിയാർക്കീസിനെ തിരഞ്ഞെടുക്കാം. മേജർ ആർച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പിന് കാനോന 153 പ്രകാരമുള്ള റോമാ പാപ്പായുടെ സ്ഥിരീകരണവും ആവശ്യമാണ്. നീക്കം ചെയ്യപ്പെട്ട പാത്രിയാർക്കീസിന് അദ്ദേഹത്തിന്റെ പദവിക്കനുസൃതമായ വാസസ്ഥലവും ജീവനാംശവും സ്ഥാനിക നാമവും ബഹുമതികളും സിനഡ് ഉറപ്പുവരുത്തണം (കാനോന 126 § 5, 62).

പാത്രിയാർക്കീസിനെ തിരഞ്ഞെടുത്ത സിനഡിനു തന്നെ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള അധികാരവും നൽകുന്ന നിർണായക നിയമഭേദഗതിയാണ് ഈ അപ്പോസ്തോലിക ലേഖനത്തിലൂടെ നിലവിൽ വന്നത്. റോമാ പാപ്പായുടെ അംഗീകാരം പാത്രിയാർക്കീസിനെ തിരഞ്ഞെടുക്കുമ്പോൾ ആവശ്യമില്ലെങ്കിലും, നീക്കം ചെയ്യുമ്പോൾ വേണം. എന്നാൽ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുമ്പോഴും നീക്കം ചെയ്യുമ്പോഴും റോമാ പാപ്പായുടെ അംഗീകാരം നിർബന്ധമാണ്.

പാത്രിയാർക്കീസിന്റെ ശുശ്രൂഷയുടെ പ്രഥമസ്വഭാവം സംരക്ഷിച്ചുകൊണ്ടുതന്നെ, സിനഡിന്റെ കൂട്ടുത്തരവാദിത്തത്തിന് കൂടുതൽ പ്രാധാന്യം നൽകാനും പൗരസ്ത്യ സഭകളുടെ സ്വയംഭരണാധികാരവും റോമാ പാപ്പായുടെ പരമാധികാരവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പുവരുത്താനും ഈ നിയമഭേദഗതികൾ വഴിതെളിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org