

കർണാടകയിലെ ഉൾഗ്രാമങ്ങളിൽ വിദ്യാഭ്യാസത്തിന്റെയും വികസനത്തിന്റെയും വെളിച്ചം എത്തിക്കുകയാണ് ദീനസേവനസഭയുടെ സിസ്റ്റർമാർ. സേവ് എ ഫാമിലി പ്ലാനിന്റെ സഹായത്തോടെ ഇവർ നടപ്പാക്കുന്ന പദ്ധതികൾ ഗ്രാമജീവിതത്തെ അടിമുടി മാറ്റിപ്പണിയുന്നു...
കൂലിപ്പണി ചെയ്തു പുലരുന്ന കുടുംബങ്ങൾ താമസിക്കുന്നതു കുടിലുകളിൽ. ഇവിടെ സ്ത്രീകൾ അതിരാവിലെ നാലു മണിക്ക് ഉണരും. മുതിർന്ന പെൺകുട്ടികളേയും കൂട്ടി അമ്മമാർ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ പുറത്തേക്കു പോകും. ഗ്രാമീണർ ഉണരുന്നതിനും വെളിച്ചം വീഴുന്നതിനും മുമ്പ് ഇതെല്ലാം പൂർത്തിയാക്കണം. വീടുകളിലേക്കു മടങ്ങിയാൽ പിന്നെ വീണ്ടും വെളിച്ചം മായിച്ച് ഇരുട്ടു വീഴുന്നതുവരെ ഇതിനായി കാത്തിരിക്കണം. രാത്രികളിൽ, കാട്ടുമൃഗങ്ങളെ പേടിക്കുകയും വേണം. വീടിനോടു ചേർന്ന് ഒരു ശൗചാലയമുണ്ടായാൽ അത് ഇവരുടെ ദിവസങ്ങളെ എങ്ങനെയാണു ബാധിക്കുക? എങ്ങനെയാണ് ഇവരുടെ ജീവിതങ്ങൾ മാറി മറിയുക?
അതറിയണമെങ്കിൽ, കർണാടകയിലെ ചാമരാജ് നഗറിലെ അനൂർ താലൂക്കിലെ ചില ജനവാസകേന്ദ്രങ്ങളി ലേക്കു ചെന്നാൽ മതി. അവിടെ സേവനം ചെയ്യുന്ന ദീനസേവന സഭയിലെ സമർപ്പിതരോടു ചോദിച്ചാൽ മതി.
ശൗചാലയങ്ങൾ ലഭിച്ച സ്ത്രീകൾ കണ്ണീർ വാർത്തു കൊണ്ടാണ് തങ്ങളോടു നന്ദി പറയാൻ എത്താറുള്ളതെന്നു സഭയുടെ കർണാടക - തമിഴ്നാട് നിർമ്മല പ്രൊവിൻസിന്റെ സാമൂഹ്യ സേവനവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ ലവ്.ലി ഡിഎസ്എസ് പറയുന്നു. സന്തോഷത്തിന്റെ കണ്ണീരാണത്. സമൂഹത്തിൽ സ്വാഭിമാനം വീണ്ടെടുക്കാൻ കഴിഞ്ഞതിന്റെ, സ്വകുടുംബത്തിനു സുരക്ഷ നേടാൻ കഴിഞ്ഞതിന്റെ കണ്ണീർ.
ഒന്നും രണ്ടുമല്ല, ആയിരത്തോളം കുടുംബങ്ങൾക്കാണ് ദീനസേവനസഭയുടെ ഈ പദ്ധതി പ്രകാരം ഈ പ്രദേശത്തു ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയിട്ടുള്ളത്. കാനഡയിലെ സുമനസ്സുകളെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സേവ് എ ഫാമിലി പ്ലാനിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സേവ് എ ഫാമിലി പ്ലാനിന്റെ പ്രവർത്തകർ ഈ പ്രദേശങ്ങളുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കി നിരവധി പദ്ധതികൾ ഇവർക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാം നടപ്പാക്കുന്നതിന്റെ ചുമതല ദീനസേവനസഭയ്ക്കാണ്. മറ്റു സഹസന്യാസിനിമാരോടൊപ്പം ഡയറക്ടറും പ്രൊജക്ടുകളുടെ കോർഡിനേറ്ററും എന്ന നിലയിൽ സിസ്റ്റർ ലവ്.ലി ഇതിനു നേതൃത്വം നൽകുന്നു.
ബെൽത്തംഗഡി രൂപതയിലെ കുട്രുപാടി ഇടവകാംഗമായ സിസ്റ്റർ സന്യാസം സ്വീകരിച്ച ശേഷമുള്ള മുപ്പതിലധികം വർഷങ്ങളും സാമൂഹ്യസേവന രംഗത്തു തന്നെയാണ് പ്രവർത്തിച്ചത്. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും സമ്പാദിച്ചിട്ടുണ്ട്. പിന്നീട് മൈസൂർ രൂപതയുടെ സാമൂഹ്യസേവനവിഭാഗത്തിൽ പ്രോജക്ട് കോർഡിനേറ്ററായി ആറു വർഷത്തോളം സേവനം ചെയ്തു. അന്ന് സേവ് എ ഫാമിലി പ്ലാനിന്റെ പദ്ധതികൾ നടപ്പാക്കുന്നതിനായി പ്രവർത്തിച്ചിരുന്നു. ആ പരിചയസമ്പത്ത് ഇപ്പോഴത്തെ കർമ്മരംഗത്തു സഹായകരമായി.
കർണാടകയിൽ തങ്ങൾ സേവനം ചെയ്യുന്ന പ്രദേശങ്ങളെ മനസ്സിൽ കാണാൻ സാധാരണ മലയാളികൾക്ക് എളുപ്പത്തിൽ കഴിയുമായിരിക്കില്ലെന്നു സിസ്റ്റർ സൂചിപ്പിച്ചു. അമ്പതു വർഷം മുമ്പത്തെ കേരളീയ നാട്ടിൻപുറങ്ങൾ സങ്കൽപിക്കാമെങ്കിൽ ഒരുപക്ഷേ ചിലതൊക്കെ മനസ്സിലാക്കാൻ പറ്റിയേക്കും. അത്രമാത്രം പിന്നാക്കം നിൽക്കുന്നവയാണ് ഇന്നും ഈ പ്രദേശങ്ങൾ.
വരൾച്ച കൊണ്ടു വലയുന്ന കൃഷിയിടങ്ങൾ. കുറഞ്ഞ കൂലി. വാഹനഗതാഗതം ദുഷ്കരമാക്കുന്ന റോഡുകൾ. എണ്ണത്തിലും ഗുണത്തിലും കുറവുള്ള വിദ്യാലയങ്ങൾ. സുരക്ഷിതമല്ലാത്ത പാർപ്പിടങ്ങൾ. വിദ്യാഭ്യാസം മുടക്കുന്ന ഭാവിതലമുറ. ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ച് അവബോധമില്ലാത്ത ജനങ്ങൾ. വൈദ്യുതി ഇന്നുമെത്താത്ത ഇടങ്ങൾ. ഇതെല്ലാമാണ് ഈ പ്രദേശങ്ങളുടെ പ്രത്യേകത.
അതുകൊണ്ടു നിരവധി പ്രോജക്ടുകൾ ഇപ്പോൾ ഇവിടെ സേവ് എ ഫാമിലി പ്ലാനിന്റെ സഹായത്തോടെ നടപ്പാക്കുന്നുണ്ട്. ആരോഗ്യം ശുചിത്വം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ.
അമ്പതോളം വീടുകൾ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു കഴിഞ്ഞു. പത്തോളം വീടുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീകളെ തയ്യൽ പഠിപ്പിക്കുകയും വരുമാനം ആർജിക്കുന്നതിനു പ്രാപ്തരാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ട്യൂഷൻ സെന്ററുകൾ തുടങ്ങിയതാണ് ശ്രദ്ധേയമായ മറ്റൊരു പദ്ധതി. സ്കൂളിൽ പോകാതിരിക്കുക, പോയാലും പഠിക്കാതിരിക്കുക, ഇടയ്ക്കു വച്ചു മുടങ്ങുക എന്നിവയെല്ലാം ഇവിടെയുള്ള സ്കൂൾ വിദ്യാർഥികളുടെ രീതിയാണ്. കുറച്ചു പേർ പഠിച്ച് അധ്യാപകരായിട്ടുണ്ട് എന്നതൊഴിച്ചാൽ വിദ്യാഭ്യാസം കൊണ്ടു ജോലി നേടിയവരെ ഈ ഗ്രാമങ്ങളിൽ കണികാണാനില്ലാത്ത സ്ഥിതിയാണ്. സർക്കാർ ജോലിക്കാർ ഇല്ലെന്നു തന്നെ പറയാം. ഈ സ്ഥിതി മാറ്റാനാണ് ട്യൂഷൻ സെന്ററുകളിലൂടെ സിസ്റ്റർമാർ ശ്രമിക്കുന്നത്. അതു വിജയം കണ്ടു തുടങ്ങിയിട്ടുണ്ട്. ദിവസവും വൈകിട്ട് രണ്ടു മണിക്കൂർ വീതം ആഴ്ചയിൽ ആറു ദിവസവും കുട്ടികൾക്കു ട്യൂഷൻ നൽകുന്നു. ട്യൂഷനു വരുന്ന കുട്ടികൾക്കു മധുരപലഹാരങ്ങളും ലഘുഭക്ഷണവും നൽകും. കുട്ടികളെ ആകർഷിക്കാൻ വേണ്ടി തന്നെയാണിത്. അതു കൊണ്ടു തന്നെ ട്യൂഷനു മുടങ്ങാതെ വരാൻ കുട്ടികൾ ശ്രദ്ധിക്കുന്നു. ഇത് അവരുടെ പഠനനിലവാരത്തിൽ ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്നു. പുതിയ തലമുറയെ വിദ്യാഭ്യാസവും ജോലിയും ഉള്ളവരാക്കുകയാണ് ഈ ജനതയുടെ വിമോചനമാർഗമെന്നു സിസ്റ്റർ ലവ്.ലി പറയുന്നു.
ഈ പ്രദേശങ്ങളിൽ നിന്നു കുറെയേറെ ചെറുപ്പക്കാർ ജെ സി ബി ഓടിക്കാൻ പഠിച്ച് കേരളത്തിലേക്കു ജോലിക്കു പോയിട്ടുണ്ട്. അങ്ങനെ ചിലർ മാത്രമാണ് നാടു വിട്ടുപോയി ജോലി ചെയ്ത് എന്തെങ്കിലും സമ്പാദിക്കുന്നവർ. കേരളത്തിൽ അവർക്കു കിട്ടുന്നത് ഈ നാടിന്റെ നിലവാരം വച്ചു നോക്കിയാൽ സ്വപ്നസമാനമായ ശമ്പളമാണ്. അവർ കേരളത്തിലേതു പോലുള്ള വീടുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നു. ഇതാണ് ഇവിടെ ഉണ്ടായിട്ടുള്ള അൽപം ശ്രദ്ധേയമായ ഒരു വികസനം. കൂടുതൽ കുട്ടികളെ നഴ്സിംഗും മറ്റു തൊഴിലുകളും പഠിപ്പിച്ച് പുറത്തു ജോലിക്കയയ്ക്കണമെന്നതാണ് സിസ്റ്റർമാരുടെ ഒരു സ്വപ്നം.
ജാതിയോ മതമോ നോക്കാതെയാണ് സിസ്റ്റർമാരുടെ സേവനം. ഈ പ്രദേശത്ത് എല്ലാ മതസ്ഥരും ഉണ്ട്. മൈസൂർ രൂപതയിൽ ഉൾപ്പെടുന്ന കത്തോലിക്കരും ധാരാളം ഉണ്ട്. ആഴമേറിയ വിശ്വാസമുള്ളവരാണ് ആളുകൾ. എല്ലാ വിശുദ്ധവാരങ്ങളിലും മലയാറ്റൂർ മല കയറാൻ ഒരുപാടാളുകൾ ഇവിടെ നിന്നു പോകുന്നുണ്ട്.
വിദേശത്തു നിന്നു വന്ന മിഷണറിമാരാണ് ഇവിടെ സഭ സ്ഥാപിച്ചത്. ഇന്നു പോലും യാത്രകൾ ദുഷ്കരമായ ഇവിടെ അക്കാലത്ത് എത്തിച്ചേരാൻ മിഷണറിമാർ നടത്തിയ കഠിനാധ്വാനത്തെ അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ എന്നു സിസ്റ്റർ ലവ്ലി പറഞ്ഞു. മിഷണറിമാരുടെ വരവിനു ശേഷമാണ് ഇവിടെ അൽപമെങ്കിലും വിദ്യാഭ്യാസത്തിന്റെ പ്രകാശം പരക്കാൻ തുടങ്ങിയത്. മൈസൂർ രൂപതയുടെ എല്ലാ ഇടവകകളിലും തന്നെ സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. അതു വലിയ മാറ്റം സൃഷ്ടിച്ചു. കത്തോലിക്കാസഭയുടെ വൈദികരുടെയും സിസ്റ്റർമാരുടെയും സാന്നിധ്യവും സേവനവും ഇല്ലായിരുന്നെങ്കിൽ ചിന്തിക്കാൻ പോലുമാകാത്ത വിധത്തിൽ ദുരിതപൂർണമാകുമായി തുടരുമായിരുന്നു ഇവരുടെ ജീവിതം. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും ഇടപെടലും അത്രത്തോളം പരിമിതമാണ് ഈ നാളുകളിൽ പോലും ഇവിടം.
കത്തോലിക്കാസഭയുടെ വൈദികരുടെയും സിസ്റ്റർമാരുടെയും സാന്നിധ്യവും സേവനവും ഇല്ലായിരുന്നെങ്കിൽ ചിന്തിക്കാൻ പോലുമാകാത്ത വിധത്തിൽ ദുരിതപൂർണമായി തുടരുമായിരുന്നു ഇവരുടെ ജീവിതം.
ബോർഡിംഗുകളിൽ കുട്ടികളെ താമസിച്ചു പഠിപ്പിക്കുകയും വയോജനങ്ങൾക്കു പരിചരണം നൽകുന്ന അഭയകേന്ദ്രങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട് ഇവിടെ സിസ്റ്റർമാർ. അതിനായി കേരളമടക്കമുള്ള സ്ഥലങ്ങളിൽ നിന്നു സഹായങ്ങളും സ്വീകരിക്കേണ്ടതുണ്ട്.
1983 മുതൽ ദീനസേവനസഭ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അന്നു മുതൽ സ്ത്രീകളുടെയും കുടുംബങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ടു നിരവധി കാര്യങ്ങൾ ചെയ്തു. ആദ്യകാലങ്ങളിൽ ശൗചാലയങ്ങൾ പണിതു നൽകുമ്പോൾ അതിന്റെ ആവശ്യം ഉണ്ടെന്ന അറിവ് ഇല്ലാത്തവരായിരുന്നു സ്ത്രീകൾ. പലരും ശൗചാലയങ്ങളിൽ പശുവിനെയും ആടിനെയും കെട്ടി. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. ആരോഗ്യത്തെയും ശുചിത്വപാലനത്തെയും കുറിച്ചു തുടർച്ചയായ ബോധവത്കരണം സിസ്റ്റർമാർ നടത്തി. അതിനു ഫലവുമുണ്ടായി. ഇന്ന് ശൗചാലയങ്ങൾ വേണമെന്നാവശ്യപ്പെട്ടു സ്ത്രീകൾ മുന്നോട്ടു വരുന്നു. ഇതു തന്നെ വലിയൊരു മാറ്റമാണെന്നു സിസ്റ്റർമാർ പറയുന്നു.
- സ്റ്റാഫ് റിപ്പോർട്ടർ