വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581-1660) : സെപ്തംബര്‍ 27

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581-1660) : സെപ്തംബര്‍ 27
Published on
പ്രശ്‌നങ്ങള്‍ നിറഞ്ഞ ലോകത്ത് ശാന്തനായി ജീവിക്കാന്‍ പഠിക്കുക. എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മനസ്സിനെ മുക്തമാക്കുക. എല്ലാം ദൈവം നോക്കിക്കൊള്ളും എന്നു സമ്പൂര്‍ണ്ണമായി വിശ്വസിക്കുക. ഞാന്‍ വീണ്ടും പറയുന്നു, വിശ്വസിക്കുക, നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും.
– വിന്‍സെന്റ് ഡി പോള്‍

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ് ക്രിസ്തു വന്നത്. ആരോഗ്യവാന്മാരെയല്ല, രോഗികളെ തേടി അദ്ദേഹം അലഞ്ഞു; ആത്മീയമായും ശാരീരികമായും രോഗം ബാധിച്ചവര്‍. ആത്മാവ് ശരീരത്തിലായതിനാല്‍ ശരീരത്തിന്റെ രോഗവും പ്രധാനമായിരുന്നു. അതുകൊണ്ടാണല്ലോ വി. അഗസ്റ്റിന്‍ പറഞ്ഞത്: "ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ആത്മാവ് ഉണ്ടാവുകയുള്ളൂ" എന്ന്. ചരിത്രത്തില്‍ വിശുദ്ധിയുടെ പാത തിരഞ്ഞെടുത്തവരൊക്കെ ക്രിസ്തുവെന്ന മഹാവൈദ്യന്റെ കാലടികളെ പിന്തുടര്‍ന്നവരാണ്. മദര്‍തെരേസയെപ്പോലുള്ള ആധുനിക വൈദ്യന്മാര്‍ക്കു മുമ്പേ നടന്നുപോയ ഒരു വൈദ്യനാണ് വി. വിന്‍സെന്റ് ഡി പോള്‍.

ഫ്രാന്‍സില്‍ ഒരു കര്‍ഷകന്റെ ആറുമക്കളില്‍ മൂന്നാമനായി ജനിച്ച വിന്‍സെന്റ് ഡാക്‌സിലെ ഫ്രാന്‍സിസ്‌കന്‍ വിദ്യാലയത്തിലാണ് പഠിച്ചത്. പത്തൊമ്പതാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. അഞ്ചു വര്‍ഷം കഴിഞ്ഞ് മാര്‍സെയിലേക്കുള്ള യാത്രയില്‍ അദ്ദേഹം ടര്‍ക്കിഷ് കടല്‍ക്കൊള്ളക്കാരുടെ തടവിലായി. അവര്‍ അദ്ദേഹത്തെ അടിമയായി വിറ്റു. രണ്ടുവര്‍ഷത്തിനുശേഷം, ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് മുഹമ്മദീയനായിത്തീര്‍ന്ന ഒരു വ്യക്തിയോടൊപ്പം വിന്‍സെന്റ് രക്ഷപ്പെട്ടു. ആ മുഹമ്മദീയനെ അദ്ദേഹം മാനസാന്തരപ്പെടുത്തിയിരുന്നു. ഫ്രാന്‍സില്‍ തിരിച്ചെത്തിയ വിന്‍സെന്റിനെ 1619 ല്‍ രാജാവ് ലൂയി പതിമൂന്നാമന്‍ ജയില്‍പ്പുള്ളികളുടെ ചാപ്ലിനായി നിയമിച്ചു.
അങ്ങനെയാണ് തടവറയില്‍ കഴിയുന്ന ജനങ്ങളുടെ ദയനീയ സ്ഥിതി മനസ്സിലാക്കുന്നതും അവരെ രക്ഷിക്കാന്‍ ഒരു ദൈവദൂതനെപ്പോലെ അദ്ദേഹം അവതരിക്കുന്നതും. ശാരീരികവും മാനസികവുമായി തകര്‍ന്ന അവരെ സംരക്ഷിക്കുവാന്‍ ആശുപത്രികള്‍ സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനനിരതനായി.

1626-ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനു തയ്യാറുള്ള വൈദികരുടെ ഒരു കോണ്‍ഗ്രിഗേഷനു രൂപം കൊടുത്തു. അങ്ങനെ, സമൂഹത്തില്‍ ജീവിച്ചുകൊണ്ട് സാധാരണ ജനങ്ങളുടെ രക്ഷകരായി മാറാന്‍ തയ്യാറുള്ള സാധാരണ വൈദികരുടെ ഒരു കൂട്ടായ്മ രൂപംകൊണ്ടു. ചില ബിഷപ്പുമാര്‍ പോലും ഇവരുടെ സഹായം തേടിവന്നു. അവരുടെ അഭ്യര്‍ത്ഥന പ്രകാരം ചില സെമിനാരികളുടെ നടത്തിപ്പുപോലും ഇവര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. അവര്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു. ഫ്രഞ്ചു വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഫ്രാന്‍സിലെ അത്തരം മിക്ക സ്ഥാപനങ്ങളുടെയും നിയന്ത്രണം അവരുടെ കൈയിലായിരുന്നു.
പാരീസില്‍ വി. ലാസറിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട അവരുടെ മാതൃസ്ഥാപനത്തില്‍ വൈദികര്‍ക്കും പൊതുജനത്തിനും വേണ്ടി നിരന്തരം ധ്യാനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് വിന്‍സെന്റ് സമൂഹത്തിന്റെ മൊത്തം ആദ്ധ്യാത്മിക പരിവര്‍ത്തനത്തിനുള്ള തുടക്കമിട്ടു.

കരുണ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള വനിതകള്‍ക്ക് സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റിയുള്ള അവബോധം ജനിപ്പിക്കുകയും അവരുടെ ഒരു കൂട്ടായ്മയായി "ഉപവിയുടെ സഹോദരിമാര്‍" എന്ന സംഘടനയ്ക്കു രൂപം കൊടുക്കുകയും ചെയ്തു. അവരുടെ ഉദാരമായ സാമ്പത്തിക സഹായം കൊണ്ട്, ആരോരുമില്ലാതെ കഷ്ടപ്പെടുന്ന അനേകരെ സംരക്ഷിക്കാന്‍ പാരീസില്‍ ഒരു ജനറല്‍ ആശുപത്രി സ്ഥാപിക്കപ്പെട്ടു. കൂടാതെ, ഒരു അനാഥാലയം, വൃദ്ധസദനം, മനോരോഗികളെ സംരക്ഷിക്കാനുള്ള ഭവനം, കുഷ്ഠരോഗികള്‍ക്കായുള്ള സ്ഥാപനം – എല്ലാം ആരംഭിക്കപ്പെട്ടു. ഈ ഭവനങ്ങളിലെയെല്ലാം ഹതഭാഗ്യരുടെ ശുശ്രൂഷയും സംരക്ഷണവും വിന്‍സെന്റ് ഏല്പിച്ചത് "ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി" എന്ന സന്യാസിനീസഭയെയാണ്. 1633 ല്‍ വി. ളൂയീസ് മരില്ലാക്കിന്റെ സഹകരണത്തോടെ വിന്‍സെന്റ് സ്ഥാപിച്ചതാണ് ഈ സഭ. അനേകം സന്നദ്ധരായ യുവതികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും താമസിക്കാനും സാധിക്കുന്ന വിധത്തിലായിരുന്നു ഈ സഭയുടെ സംവിധാനം. രോഗികളുടെ മുറിയായിരുന്നു അവരുടെ മഠം; ഇടവകപ്പള്ളിയായിരുന്നു അവരുടെ ചാപ്പല്‍; നഗരത്തിലെ തെരുവു തന്നെയായിരുന്നു അവരുടെ ആവൃതി. രോഗികള്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സൗകര്യങ്ങളും കണ്ടുപിടിക്കേണ്ടിവന്നു. ഗുണകരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്‍കേണ്ടതിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വിന്‍സെന്റ് അവര്‍ക്കു നല്‍കിയിരുന്നു. "പാവങ്ങള്‍ക്ക് സഹായഹസ്തം നീട്ടിയവരൊക്കെ ധീരമായി മരണത്തെ നേരിടും" എന്ന് വിന്‍സെന്റ് പറഞ്ഞു.

'ടൂണിസ്, അള്‍ജിയേഴ്‌സ്, ബിസേര്‍ട്ട എന്നിവിടങ്ങളിലായി, മുപ്പതിനായിരത്തോളം ക്രിസ്ത്യന്‍ അടിമകള്‍ ഉണ്ടായിരുന്നു. അവരുടെ സംരക്ഷണം ഏറ്റെടുക്കാനായി വിന്‍സെന്റ് ഏതാനും വൈദികരെയും ബ്രദേഴ്‌സിനെയും തിരഞ്ഞെടുത്ത് അയച്ചു. അടിമകളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ഏറ്റെടുത്തതോടൊപ്പം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള ഏജന്റുമാരും സന്ദേശവാഹകരുമായിത്തീര്‍ന്നു അവര്‍. ആയിരത്തി ഇരുന്നൂറോളം അടിമകളെ സ്വതന്ത്രരാക്കുവാന്‍ അവര്‍ക്കു സാധിച്ചിരുന്നു. അതിന് വേണ്ടിവന്നത് അറുപതുലക്ഷം ഡോളറാണ്. അതു മുഴുവന്‍ വിന്‍സെന്റിന് സന്മനസ്സുള്ളവര്‍ ദാനം ചെയ്തു.

കര്‍ദ്ദിനാള്‍ പിയര്‍ ദ് ബെറുവില്‍, വി. ഫ്രാന്‍സീസ് ദ് സാലസ്, വി. ജീന്‍ ഫ്രാന്‍സിസ് എന്നിവരുടെ സഹായത്താല്‍, പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മറ്റ് പുണ്യപ്രവൃത്തികളിലും മുഴുകി വിന്‍സെന്റ് തന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജ്ജം സംഭരിച്ചുകൊണ്ടിരുന്നു. നൂറുശതമാനവും വിനീതനായിരുന്ന വിന്‍സെന്റ് പബ്ലിസിറ്റിക്കുവേണ്ടി ഒന്നും ചെയ്തില്ല. ദൈവകൃപയില്‍ സമ്പൂര്‍ണ്ണമായി വിശ്വാസം അര്‍പ്പിക്കാനും തന്നില്‍ത്തന്നെ വിശ്വസിക്കാതിരിക്കാനും പ്രായോഗികബുദ്ധി അദ്ദേഹത്തെ പഠിപ്പിച്ചു. വാസ്തവത്തില്‍, അദ്ദേഹത്തിന്റേത് പ്രായോഗിക ഭക്തിയായിരുന്നു.

അതായത്, ക്രിസ്തുവിലും പ്രവൃത്തിയിലും വിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന വെറും സാധാരണ, ഭക്തിസാന്ദ്രമല്ലാത്ത ഒരു പ്രായോഗികഭക്തി. ഭക്തിയും വിശ്വാസവുമെല്ലാം തൊണ്ടയില്‍ ഒതുക്കി ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വിന്‍സെന്റിന്റെ ജീവിതം നല്ലൊരു ഗുണപാഠമാണ്. ക്രിസ്തുവിലുള്ള വിശ്വാസം ഉരുവിടാനുള്ളതല്ല, ജീവിക്കാനുള്ളതാണെന്ന തിരിച്ചറിവ് അതു നമുക്കു പ്രദാനം ചെയ്യും.

1660 സെപ്തംബര്‍ 27-ന് വിന്‍സെന്റ് ഡി പോള്‍ പാരീസില്‍ മരണ മടഞ്ഞു. 1729-ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലും 1737-ല്‍ വിശുദ്ധരുടെ ഗണത്തിലും പോപ്പ് ക്ലമന്റ് II ഉള്‍പ്പെടുത്തി. അദ്ദേഹത്തെ എല്ലാ സാധുജനസേവന സംഘങ്ങളുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാക്കിയത് പോപ്പ് ലിയോ പതിമൂന്നാമനാണ്. അല്‍മായനായ ഫ്രെഡറിക് ഒസാനാം വിന്‍സെന്റ് ഡി പോളിന്റെ മാതൃക പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച് ലോകം മുഴുവന്‍ ഇന്നു സജീവമായി നിലകൊള്ളുന്ന ഒരു സാധുജനസേവന സംഘടനയാണ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org