International

വധശിക്ഷയ്ക്കും വിവേചനത്തിനുമെതിരെ ശബ്ദിച്ചുകൊണ്ടു 'ബാബാ പോപ്' ബഹ്‌റിനില്‍

Sathyadeepam

വധശിക്ഷയും മതപരമായ വിവേചനവും പാടില്ലെന്നു വ്യക്തമാക്കിക്കൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്‌റിന്‍ സന്ദര്‍ശനത്തിനു തുടക്കമിട്ടു. മുസ്ലീം രാജ്യമായ ബഹ്‌റിനിലേയ്ക്ക് ആദ്യമായി എത്തുന്ന മാര്‍പാപ്പയ്ക്കു ഹൃദയംഗമമായ സ്വീകരണമാണ് രാജ്യം ഒരുക്കിയിരുന്നത്. അറബി ഭാഷയില്‍ 'ബാബാ പോപ്പിനു' സ്വാഗതമോതുന്ന സന്ദേശങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ബഹ്‌റിനിലെ തെരുവുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ടായിരുന്നു. ഫാദര്‍ എന്ന അര്‍ത്ഥം വരുന്ന ബാബാ ചേര്‍ത്തു മാത്രമാണ് പോപ്പിനെ ബഹ്‌റിന്‍ ജനത സംബോധന ചെയ്യുന്നത്.

ബഹ്‌റിന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖാലിഫായുമായി മാര്‍പാപ്പ സ്വകാര്യകൂടിക്കാഴ്ച നടത്തി. ഭരണകൂടത്തിന്റെ പ്രതിനിധികളുടെയും പൗരപ്രമുഖരുടെയും യോഗത്തിലും പാപ്പാ പങ്കെടുത്തു.

വധശിക്ഷയെ കുറിച്ചുള്ള പാപ്പായുടെ പരാമര്‍ശം ബഹ്‌റിനിലെ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്ന ഷിയാ മുസ്ലീങ്ങളായ ജനാധിപത്യപ്രക്ഷോഭകരെ സൂചിപ്പിക്കുന്നതാണെന്നു കരുതപ്പെടുന്നു. ഇത് ബഹ്‌റിനിലെ സുന്നി-ഷിയാ സംഘര്‍ഷം ചര്‍ച്ചാവിഷയമാക്കാനും സമാധാനശ്രമങ്ങള്‍ക്കു ഊര്‍ജം പകരാനും സഹായിക്കുമെന്നു കരുതപ്പെടുന്നുണ്ട്. ബഹ്‌റിനിലെ ജനങ്ങളില്‍ ഭൂരിപക്ഷം ഷിയാ മുസ്ലീങ്ങളാണെങ്കിലും രാജാവ് സുന്നി മുസ്ലീമാണ്. 2011 ല്‍ ഷിയാ മുസ്ലീങ്ങള്‍ നടത്തിയ ജനാധിപത്യപ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുകയും നിരവധി പേരെ ജയിലുകളില്‍ അടയ്ക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ബഹ്‌റിനിലെ ഷിയാ മുസ്ലീങ്ങള്‍ മാര്‍പാപ്പയുടെയും അന്താരാഷ്ട്രസമൂഹത്തിന്റെയും സഹായമഭ്യര്‍ത്ഥിച്ചിരുന്നു. അതു മാര്‍പാപ്പ പരിഗണിച്ചിട്ടുണ്ടെന്നാണ് പാപ്പായുടെ വാക്കുകള്‍ നല്‍കുന്ന സൂചന.

1.6 ലക്ഷം കത്തോലിക്കരാണ് ബഹ്‌റിനിലുള്ളത്. അവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ബഹ്‌റിന്‍ ഉദാരമായി അനുവദിച്ചിട്ടുണ്ട്. രണ്ടു വലിയ ദേവാലയങ്ങള്‍ കത്തോലിക്കര്‍ക്കായുണ്ട്. 20 വൈദികരും ഇവിടെ സേവനം ചെയ്യുന്നു.

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5