International

ഉക്രെയിനിലേയ്ക്കു രണ്ടു കാര്‍ഡിനല്‍മാരെ അയച്ചതായി മാര്‍പാപ്പ

Sathyadeepam

സമാധാനം സ്ഥാപിക്കുന്നതിനായി ഉക്രെയിന്‍ ജനതയെ സഹായിക്കുന്നതിന് എന്തും ചെയ്യാന്‍ സഭാനേതൃത്വം സന്നദ്ധമാണെന്നും അതിനായി തന്റെ പ്രതിനിധികളായി രണ്ടു കാര്‍ഡിനല്‍മാരെ ഉക്രെയിനിലേയ്ക്ക് അയച്ചതായും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജെവ്‌സ്‌കി, മനുഷ്യവികസനകാര്യാലയത്തിന്റെ ഇടക്കാല അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മൈക്കിള്‍ സെണി എന്നിവരാണ് ഉക്രെയിനിലെത്തിയത്. ഇവരുടെ ഉക്രെയിനിലെ സാന്നിദ്ധ്യം മാര്‍പാപ്പയുടെ മാത്രമല്ല, ക്രൈസ്തവജനതയുടെയാകെ സാന്നിദ്ധ്യമാണെന്നു മാര്‍പാപ്പ വിശദീകരിച്ചു. ''യുദ്ധം ഭ്രാന്താണ്! ദയവായി നിറുത്തുക! നോക്കൂ ഈ ക്രൂരത!'' എന്നു വിളിച്ചു പറയുകയാണ് ഇപ്പോള്‍ ക്രൈസ്തവജനതയെന്നും മാര്‍പാപ്പ വ്യക്തമാക്കി.

രക്തത്തിന്റെയും കണ്ണീരിന്റെയും പുഴകളാണ് ഉക്രെയിനില്‍ ഒഴുകുന്നതെന്ന് ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ മാര്‍പാപ്പ പറഞ്ഞു. അതു വെറുമൊരു സൈനിക നടപടിയല്ല, മറിച്ച് യുദ്ധമാണ്. മരണവും നാശവും ദുരിതവും വിതയ്ക്കുന്ന യുദ്ധം. അമ്മമാരും കുഞ്ഞുങ്ങളും പലായനം ചെയ്യാന്‍ തുടങ്ങിയതോടെ ഇരകളുടെ എണ്ണം നിരന്തരം വര്‍ദ്ധിക്കുകയാണ്. മാനവീകസഹായം ഉക്രെയനില്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും അനുനിമിഷം വര്‍ദ്ധിച്ചു വരുന്നു. ബോംബുകള്‍ കൊണ്ടും ഭയം കൊണ്ടും അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന സഹോദരങ്ങളിലേയ്ക്ക് നിര്‍ണായകമായ സഹായമെത്തിക്കുന്നതിന് ഇടനാഴികള്‍ സ്ഥാപിക്കപ്പെടണം. - മാര്‍പാപ്പ പറഞ്ഞു.

ഉക്രെയനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന അയല്‍രാജ്യങ്ങളോടും ഉക്രെയിനില്‍ നിന്നു ജീവന്‍ പണയപ്പെടുത്തി വിവരങ്ങള്‍ പുറത്തെത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോടും മാര്‍പാപ്പ നന്ദി പറഞ്ഞു.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും