ക്രിസ്തുവിനു വേണ്ടിയുള്ള സഹനത്തിന്‍റെ പൊതുപൈതൃകം കൊണ്ടു ബന്ധിക്കപ്പെട്ടവരാണു കത്തോലിക്കരും ഓര്‍ത്തഡോക്സുകാരുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. അപ്പസ്തോലന്മാര്‍ മുതല്‍ ആധുനിക രക്തസാക്ഷികള്‍ വരെ നീളുന്നതാണ് ഈ രക്തസാക്ഷികളുടെ നിര. വ്യത്യസ്ത സഭകളില്‍ നിന്നുള്ള എത്രയോ പേര്‍ തടവറകളില്‍ പരസ്പരം പിന്തുണച്ചുകൊണ്ട് ഒന്നിച്ചു നിന്നു. ജീവന്‍ കൊടുക്കുവോളം അവര്‍ സഹിച്ചത് ഏറ്റവും അമൂല്യമായ ഒരു പൈതൃകത്തിനു വേണ്ടിയാണ്. അവഗണിക്കാനോ അവമതിക്കപ്പെടാനോ പാടില്ലാത്തതാണ് ആ പൈതൃകം. ക്രിസ്തുവിന്‍റെ ആ പൈതൃകം പങ്കുവയ്ക്കുന്ന എല്ലാ സഹോദരങ്ങളോടും നാം ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു. റുമേനിയന്‍ സന്ദര്‍ശനവേളയില്‍ റുമേനിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഡാനിയേലിനോടും സിനഡ് അംഗങ്ങളോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രമായ റുമേനിയയിലേയ്ക്കു നടത്തിയ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ 7 ഗ്രീക്ക് കത്തോലിക്കാ മെത്രാന്മാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് ഭരണത്തിനു കീഴില്‍ 1950 മുതല്‍ 70 വരെ കൊല്ലപ്പെട്ടവരാണ് ഇവര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ റുമേനിയന്‍ സന്ദര്‍ശനത്തിന്‍റെ ഇരുപതാം വാര്‍ഷികവേളയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ റുമേനിയയിലെത്തിയത്. അന്ന് തലസ്ഥാനമായ ബുക്കാറസ്റ്റിനു പുറത്തേയ്ക്കു പോകാന്‍ മാര്‍പാപ്പയ്ക്കു ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ട്രാന്‍സില്‍വേനിയയിലെയും മള്‍ദോവയിലെയും കത്തോലിക്കാസമൂഹങ്ങളെ സന്ദര്‍ശിച്ചു.
1948-ല്‍ റുമേനിയയില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അവിടത്തെ ഗ്രീക്ക് കത്തോലിക്കാസഭയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ഗ്രീക്ക് കത്തോലിക്കാസഭയുടെ 2500 ലധികം വരുന്ന പള്ളികളും സ്വത്തുവകകളും സര്‍ക്കാര്‍ പിടിച്ചെടുത്ത് റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു കൈമാറിയിരുന്നു. 1989-ല്‍ കമ്യൂണിസത്തിന്‍റെ തകര്‍ച്ചയെ തുടര്‍ന്നു ഗ്രീക്ക് കത്തോലിക്കാസഭയുടെ അംഗീകാരം തിരികെ കിട്ടിയെങ്കിലും പള്ളികളും സ്വത്തുവകകളും ഓര്‍ത്തഡോക്സ് സഭയില്‍ നിന്നു തിരികെ കിട്ടുക എളുപ്പമായിരുന്നില്ല. പലതും ഇപ്പോഴും ഓര്‍ത്തഡോക്സ് അധീനതയില്‍ തന്നെയാണ്. എങ്കിലും കത്തോലിക്കാ-ഓര്‍ത്തഡോക്സ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്ന നയത്തില്‍ നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നോട്ടില്ല.