ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

Published on
സോഷ്യല്‍ മീഡിയയും പുതിയ ഗാഡ്‌ജെറ്റുകളും സുവിശേഷ പ്രഘോഷണത്തിനുപയോഗിക്കുന്നവര്‍ക്കു പ്രചോദനമാണ് കാര്‍ലോ അക്യുത്തിസിന്റെ വിശുദ്ധപദാരോഹണം. ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ, സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ക്കു പകരുന്ന പാഠങ്ങള്‍ എന്തൊക്കെയാണ്? സോഷ്യല്‍ മീഡിയയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്? കാര്‍ലോ അക്യുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍, സത്യദീപവുമായി സംസാരിക്കുകയാണ്, സോഷ്യല്‍ മീഡിയയിലൂടെ അനേകരിലേക്കു സുവിശേഷമെത്തിക്കുന്ന ഫാ. ജിന്‍സ് ചീങ്കല്ലേല്‍ HGN
Q

അക്യുത്തിസിന്റെ ജീവിതവും മരണവും ആഗോളതലത്തില്‍ നമ്മുടെ യുവജനങ്ങളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

A

ഈ കാലഘട്ടത്തില്‍ ജീവിച്ച് ഈശോയുടെ സ്‌നേഹം തിരിച്ചറിഞ്ഞ, പ്രത്യേകിച്ച് വലിയ രോഗപീഡകളൊക്കെ നേരിട്ടപ്പോഴും ഈശോയെയും ഈശോയുടെ ദിവ്യകാരുണ്യത്തെയും മുറുകെപ്പിടിച്ച കാര്‍ലോയുടെ ജീവിതം ക്രൈസ്തവരായ എല്ലാവര്‍ക്കും തന്നെ വലിയൊരു മാതൃകയാണ്. അത് യുവജനങ്ങളെ പ്രത്യേകമായി വളരെയധികം പ്രചോദിപ്പിക്കുന്നുമുണ്ട്. നമ്മുടെ ജീവിതം എത്ര വലുതോ ചെറുതോ ആയുസ്സ് നീണ്ടതോ കുറഞ്ഞതോ ആകട്ടെ, ഈശോയ്ക്ക് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ

ഒരു വിശുദ്ധ ജീവിതമാകുന്നു. കാര്‍ലോയ്ക്ക് അതിനു സാധിച്ചത് രോഗപീഡകളുണ്ടായപ്പോള്‍ മാത്രമല്ല. എപ്പോഴും ഈശോയോടു ചേര്‍ന്നു നിന്ന ജീവിതമായിരുന്നതുകൊണ്ടു കൂടിയാണ്. അങ്ങനെയൊരു പരിശീലനമാണ് കുഞ്ഞായിരുന്ന കാര്‍ലോക്ക് മാതാപിതാക്കളില്‍ നിന്ന് കിട്ടിയത്. രോഗം വന്നപ്പോഴും കാര്‍ലോ അദ്ദേഹത്തിന്റെ ജീവിതരീതി തുടരുകയാണ് ചെയ്തത്. മറ്റുള്ളവര്‍ ചിലപ്പോള്‍ രോഗം വരുമ്പോഴോ വിഷമങ്ങള്‍ വരുമ്പോഴോ ആയിരിക്കും ഈശോയിലേക്ക് അടുക്കുന്നത്. പക്ഷേ കാര്‍ലോയുടെ ജീവിതത്തിന്റെ അടിസ്ഥാനം നേരത്തെ ക്രിസ്തു തന്നെയായിരുന്നു. അത് രോഗപീഡകളില്‍, ഈശോയെ മുറുകെ പിടിക്കാന്‍ അദ്ദേഹത്തെ കൂടുതല്‍ സഹായിച്ചു. രോഗം വന്നപ്പോള്‍ വേണമെങ്കില്‍ ഈശോയെ തള്ളി പറയാനുള്ള സാധ്യതയുണ്ടായിരുന്നു. പക്ഷേ, പ്രതിസന്ധി ഘട്ടത്തില്‍ ഈശോയില്‍ നിന്ന് ഓടി അകലാതെ, ഈശോയെ മുറുകെപ്പിടിച്ച് പ്രതിസന്ധിയെ മറികടക്കാന്‍ തീരുമാനിച്ചതാണ് കാര്‍ലോ ഈ കാലത്ത് യുവജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ പാഠം.

Q

അക്യുത്തിസിനെ അള്‍ത്താരയി ലേക്കുയര്‍ത്തിയത് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്ന പുതിയ തലമുറയെ പള്ളികളിലേക്ക് ആകര്‍ഷിക്കുമെന്നു കരുതുന്നുണ്ടോ?

A

തീര്‍ച്ചയായും. കാര്‍ലോയുടെ ജീവിതം ആളുകള്‍ അടുത്തറിഞ്ഞത് മരണശേഷമാണ്. കാര്‍ലോയെ ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ കേട്ടറിയുന്നു, വായിച്ചറിയുന്നു, സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയുന്നു, പഠിക്കുന്നു. വിശുദ്ധ കുര്‍ബാനയെ സ്‌നേഹിച്ചു എന്നതാണ് കാര്‍ലോയില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ട ഒരു പ്രധാനപ്പെട്ട പാഠം. വിശുദ്ധ കുര്‍ബാനയില്‍ ഈശോയുണ്ട് എന്നുള്ളതാണ് വിശുദ്ധ കുര്‍ബാനയിലേക്ക് കുഞ്ഞുങ്ങ ളെയും മുതിര്‍ന്നവരെയും മറ്റെല്ലാവരേയും ആകര്‍ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതിനു വലിയൊരു മാതൃകയാണ് കാര്‍ലോ. വിശുദ്ധ കുര്‍ബാനയെ സ്‌നേഹിച്ച വിശുദ്ധന്‍. ഏതൊരു വ്യക്തിയെയും പള്ളികളിലേക്ക് ആകര്‍ഷിക്കേണ്ടത് തീര്‍ച്ചയായും ഈശോയാണ്, പരിശുദ്ധ കുര്‍ബാനയാണ്. പരിശുദ്ധ കുര്‍ബാനയെ പരിചയപ്പെടുത്തുക, ഈശോയെക്കുറിച്ച് കൂടുതല്‍ പഠിപ്പിച്ചു കൊടുക്കുക, സുവിശേഷത്തിന്റെ ആഴങ്ങള്‍ പഠിപ്പിച്ചു കൊടുക്കുക എന്നിവയൊക്കെയാണ് നാം ചെയ്യേണ്ടത്. അപ്പോള്‍ യുവജനങ്ങള്‍ സ്വാഭാവികമായും പള്ളിയിലേക്ക് വരും. അതിനുള്ള ഒരു വഴിവിളക്കാണ് കാര്‍ലോ.

വിശുദ്ധ കുര്‍ബാനയില്‍ ഈശോയുണ്ട് എന്നുള്ളതാണ് എല്ലാവരേയും ആകര്‍ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതിനു വലിയൊരു മാതൃകയാണ് കാര്‍ലോ.
Q

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് പുതിയ തലമുറയുടെ വിശ്വാസത്തെയും ജീവിതമൂല്യങ്ങളെയും ഗുണപരമായി സ്വാധീനിക്കാന്‍ കഴിയുമെന്നു കരുതുന്നുണ്ടോ?

A

സോഷ്യല്‍ മീഡിയയില്‍ കൂടുതലും ഉള്ളത് നെഗറ്റീവ് ആയ ഇന്‍ഫ്‌ളുവന്‍സിംഗ് ആണ്. ക്രൈസ്തവ മൂല്യങ്ങളെക്കുറിച്ച് വളരെ വികലമായ കാഴ്ചപ്പാടു കൊടുക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഉണ്ട്. പരിശുദ്ധാത്മാവിന്റെ വലിയ വിവേകത്തോടെയും ജ്ഞാനത്തോടെയും അതിനെയെല്ലാം അരിപ്പയിലരിക്കുകയും നല്ലത് എടുക്കുകയും ചീത്തത് തള്ളിക്കളയുകയും ചെയ്യുന്ന വിവേകവും പ്രാര്‍ഥനയും നമുക്കെല്ലാവര്‍ക്കും ഉണ്ടായിരിക്കണം. സോഷ്യല്‍ മീഡിയ ഇക്കാലത്ത് യുവജനങ്ങളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഒരു കാര്യമാണ്. അതില്‍ നിന്നുള്ളതു സ്വീകരിക്കുമ്പോള്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് പറഞ്ഞു കൊടുക്കാനും ആള്‍ക്കാര്‍ വേണം. അത് നമ്മുടെ വിശ്വാസത്തെയും ജീവിതമൂല്യങ്ങളെയും എല്ലാം ബാധിക്കും. സോഷ്യല്‍ മീഡിയ ഗുണപരമായ സ്വാധീനമാണുണ്ടാക്കുന്ന തെന്നുറപ്പാക്കാന്‍ നമുക്കെല്ലാം വലിയ ഉത്തരവാദിത്തമുണ്ട്, കാത്തലിക് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും വിശ്വാസവും പ്രബോധനങ്ങളും ഓണ്‍ലൈന്‍ വഴി പഠിപ്പിച്ചു കൊടുക്കുന്ന എല്ലാവര്‍ക്കും അതൊരു വലിയ ഉത്തരവാദിത്തമാണ്. അവര്‍ക്കെല്ലാം കാര്‍ലോ വലിയൊരു പ്രചോദനമായി മാറണം. ഒരുപാട് ആളുകള്‍ ഈ ഒരു മേഖലയിലേക്ക് വരണം. പ്രബോധനങ്ങള്‍ എന്ന പേരിലും ഇതാണ് ശരി എന്ന പേരിലും വളരെയധികം നെഗറ്റീവ് ഇന്‍ഫ്‌ളുവെന്‍സിങ് നടക്കുന്നുണ്ട്. നല്ല വിശ്വാസം വളര്‍ന്നാല്‍ തന്നെ ജീവിതമൂല്യങ്ങള്‍ സ്വാഭാവികമായി വരും. വിശ്വാസവും വചനവും പഠിപ്പിച്ചു കൊടുക്കാന്‍ പറ്റുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് വേണം.

Q

ഡിജിറ്റല്‍ ലോകത്തില്‍ സഭ വേണ്ടവിധത്തില്‍ ഇടപെടുന്നുണ്ടോ? ഇനിയും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നാണു കരുതുന്നത്?

A

ഡിജിറ്റല്‍ ലോകത്തെ സഭ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രത്യേകിച്ചും ജോണ്‍പോള്‍ രണ്ടാമന്റെ കാലത്തു തന്നെ അതാരംഭിച്ചു. കാലാനുസൃതമായി വികസിച്ചു വന്നുകൊണ്ടിരുന്ന നവമാധ്യമങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് സഭ ആവശ്യപ്പെടുന്നത്. ഏറ്റവും നന്നായി നമ്മള്‍ അതെല്ലാം ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. പുതിയ ഓരോ സാധ്യതകളും വരുമ്പോള്‍ ഈശോയെ പ്രഘോഷിക്കാന്‍ അതെല്ലാം നാം ഉപയോഗിക്കണം. നമ്മുടെ ആലയത്തിലേക്ക്, സ്ഥാപനത്തിലേക്ക്, ധ്യാനകേന്ദ്രത്തിലേക്ക്, ആളുകളെ ചേര്‍ക്കുക എന്ന ലക്ഷ്യമാകരുത്. മറിച്ച് അവരെ ഈശോയിലേക്ക് അടുപ്പി ക്കാനും സുവിശേഷം പ്രഘോഷിക്കാനും വേണ്ടി ഈ മേഖലയെ ഉപയോഗിക്കണം. സുവിശേഷം പ്രഘോഷിക്കുകയെന്ന ദൗത്യം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഒരുകാലത്ത് പത്രോസ് ശ്ലീഹായും പൗലോസ് ശ്ലീഹായും ഒക്കെ സുവിശേഷം പ്രഘോഷിച്ചതിന്റെ എത്രയോ ഇരട്ടി വേഗതയില്‍ ഇന്നു നമുക്ക് സുവിശേഷം പ്രഘോഷിക്കാനാവും. അവരുടെ തീക്ഷ്ണതയോ വിശുദ്ധിയോ നമ്മെ തൊട്ടുതലോടിയിട്ടുപോലുമുണ്ടാകില്ല പക്ഷേ, അവര്‍ക്കു സുവിശേഷം കൊടുക്കാന്‍ പറ്റിയതിനേക്കാള്‍ വളരെ വലിയ വേഗതയില്‍ ലോകത്തിന്റെ അറ്റം വരെയും സുവിശേഷം എത്തിക്കാന്‍ ഈ ഡിജിറ്റല്‍ ലോകത്ത് നമുക്ക് സാധിക്കും. വലിയ സാധ്യതകള്‍ നമ്മുടെ മുമ്പില്‍ തുറന്നു കിടക്കുന്നുണ്ട്. ആ സാധ്യതകളെല്ലാം വചനം പ്രഘോഷിക്കാന്‍ നാം ഉപയോഗിക്കണം.

കോണ്ടന്റുകളുടെ ആധിക്യം എന്നൊരു വിഷയം ഇല്ല. പരമാവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നാം ഈശോയെ കൊടുക്കുക. ഈശോയെ പറഞ്ഞു കൊടുക്കുന്നതിന് ഒരു പരിധിയില്ല. അഭിഷേകം ഉള്ള നൂറുകണക്കിന് മനുഷ്യര്‍ കയറി വരട്ടെ എന്നാണ് നാം പ്രാര്‍ഥിക്കേണ്ടത്.
Q

സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ തയ്യാറാക്കുന്ന വീഡിയോ, അതിനു എടുക്കുന്ന സ്ട്രസ്, അതിന് കിട്ടുന്ന റീച്ച്, അത് നല്‍കുന്ന പ്രശസ്തി എന്നിവയൊക്കെ നമ്മുടെ വ്യക്തിപരമായ ആത്മീയ വളര്‍ച്ചയെ വിപരീതമായി ബാധിക്കുമോ? എന്തു തോന്നുന്നു?

A

നാം ഏറെ പരിശ്രമം നടത്തിയിട്ടാണ് ഒരു വീഡിയോ എടുക്കുന്നതും പ്രസംഗം തയ്യാറാക്കുന്നതും വചനം പഠിപ്പിക്കുന്നതും എല്ലാം. എങ്കിലും, അതിന്റെ ഫലത്തിലേക്ക് നമ്മള്‍ നോക്കേണ്ടതില്ല എന്നതാണ് എനിക്കിപ്പോള്‍ കിട്ടിയ ഒരു ബോധ്യം. വ്യക്തിപരമായി പറഞ്ഞാല്‍, ആദ്യഘട്ടങ്ങളില്‍ ഒക്കെ ഞാന്‍ നോക്കുമായിരുന്നു, എത്രപേര്‍ കണ്ടു, എത്ര പേരിലേക്ക് ഇത് എത്തി എന്നെല്ലാം. കൂടുതല്‍ പേരിലേക്ക് എത്തുമ്പോള്‍ സന്തോഷവും കുറയുമ്പോള്‍ സങ്കടവും തോന്നിയിരുന്നു. പക്ഷേ ഈ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയത്തായി രുന്നു അത്. പിന്നീട് എനിക്ക് ഒരു ബോധ്യം കിട്ടി. ഫാ. ജിന്‍സ് എന്ന ഒരു വ്യക്തി പറയുന്നു എന്നുള്ളതല്ല, ഈശോയെക്കുറിച്ച് പറയുന്നു, സഭയെക്കുറിച്ച് പറയുന്നു, വിശ്വാസ സത്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നു എന്നതാണ് പ്രധാനം. ഇതില്‍ നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടത് പറയുന്ന ആള്‍ക്ക് അല്ല, മറിച്ച് ആരെക്കുറിച്ചാണോ പറയുന്നത് ആ വ്യക്തിക്കാണ്. ഈ ചാനല്‍ ആരുടേതാണ് എന്നതല്ല, ഈ ചാനല്‍ വഴി ആരെയാണ് ഞാന്‍ അറിയിക്കാന്‍ നോക്കുന്നത് എന്നതാണ്. അതാണ് ഏറ്റവും പ്രധാനം.

വീഡിയോ ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് ഫേമസ് ആകണം എന്നുള്ളതാണ് ആഗ്രഹം എങ്കില്‍ തീര്‍ച്ചയായും അത് നമുക്ക് ഒരു സ്‌ട്രെസ് ആണ്. ആകുലതയും അസ്വസ്ഥതയും ആയിരിക്കും. ആവശ്യത്തിന് ലൈക്കും ഷെയറും ഒന്നും കിട്ടിയില്ലെങ്കില്‍ ഈ പരിപാടി നിര്‍ത്തി പോകും. അങ്ങനെ നിര്‍ത്തി പോയ പലരും ഉണ്ട്. നമ്മള്‍ ആരെ പ്രശസ്തനാക്കാന്‍ നോക്കുന്നു എന്നതാണു ശ്രദ്ധിക്കേണ്ട കാര്യം. എന്നെ പ്രശസ്തനാ ക്കാനാണെങ്കില്‍ പ്രശസ്തി കുറയുമ്പോള്‍ ഞാന്‍ അത് നിര്‍ത്തും. മറിച്ച് സുവിശേഷം പ്രഘോഷിക്കണം, വചനം പഠിപ്പിക്കണം, ഈശോയെ പറഞ്ഞു കൊടുക്കണം എന്നൊരു ലക്ഷ്യമാണുള്ളത് എങ്കില്‍ എന്ത് വെല്ലുവിളികള്‍ വന്നാലും, കാണുന്നത് 10 പേരാകട്ടെ, 10 ലക്ഷം പേരാകട്ടെ നമ്മള്‍ അത് തുടരും. ഈശോ പറയുന്നതുവരെ തുടരും. നമ്മുടെ പ്രശസ്തി അല്ല നോക്കേണ്ടത്. അങ്ങനെ നോക്കുന്ന ഒരു പ്രവണതയും പ്രലോഭനവും ഒക്കെ വന്നാല്‍ കുറച്ചുനാളത്തേക്ക് ഇതെല്ലാം നിറുത്തി വച്ചിട്ട് ഈശോയുടെ അടുത്ത് പോയി ആരാധനയ്ക്കിരുന്ന് കര്‍ത്താവേ ഞാന്‍ നിനക്കുവേണ്ടി മാത്രം ചെയ്‌തോളാം എന്നൊരു തീരുമാനമെടുത്തു വന്നിട്ട് പുനരാരംഭിക്കുക. ഇല്ലെങ്കില്‍ ആധ്യാത്മിക കൊണ്ടന്റ് ക്രിയേറ്റേഴ്‌സിനെ അത് ബാധിക്കും. കാരണം, ലക്ഷ്യം മാറിപ്പോകും. സ്വന്തം പ്രശസ്തി ലക്ഷ്യമായാല്‍ അനാവശ്യ മായ വഴികളിലേക്ക് നമ്മള്‍ പോകും. അംഗീകാരം കിട്ടാന്‍ വേണ്ടി മാത്രമായി നമ്മള്‍ ഓരോ കാര്യങ്ങള്‍ ചെയ്തു തുടങ്ങും. വിമര്‍ശിച്ചാല്‍ അത് ഹൃദയത്തില്‍ എടുക്കാന്‍ പറ്റാത്ത സ്ഥിതി വരും. അത് ആത്മീയതയുടെ അടയാളമല്ല. ഇത് വ്യക്തിപരമായി നമ്മുടെ ജീവിതത്തെ വളരെ പോസിറ്റീവായി മാത്രമേ ബാധിക്കാവൂ. ഞാന്‍ പറഞ്ഞു കൊണ്ടിരി ക്കുന്ന സുവിശേഷം എന്നെ തന്നെ മാറ്റുന്നു എന്ന സ്ഥിതി ഉണ്ടാകണം. വചനം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് അറിയാമല്ലോ. അതായത് അത് പറയുന്നവരെയും കേള്‍ക്കുന്നവനെയും മുറിക്കും. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വചനം പറഞ്ഞു കൊടുക്കുമ്പോള്‍ അത് പറഞ്ഞു കൊടുക്കുന്ന ഇന്‍ഫ്‌ളുവെന്‍സറെയും സ്പര്‍ശിക്കണം. ഇല്ലെങ്കില്‍ ഈ പറയുന്ന വാക്കുകളെല്ലാം വെറുതെയാണ്. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ കടമെടുത്താല്‍ പിന്നെ അതെല്ലാം മുഴങ്ങുന്ന ചേങ്ങലയും ചിലമ്പുന്ന കൈത്താളവും ആയിരിക്കും.

Q

പറച്ചിലും കേള്‍വിയും കാഴ്ചയും ആണല്ലോ സോഷ്യല്‍ മീഡിയയില്‍ പ്രധാനം. ഇത്തരം കോണ്ടന്റുകളുടെ ആധിക്യം കേള്‍വിക്കാര്‍ക്ക് അവയില്‍ നിന്നുള്ള തിരഞ്ഞെടുപ്പിന് തടസ്സമാകാറുണ്ടോ? (അവയുടെ ഉള്‍ക്കൊള്ളലിന് തടസ്സമാകാറുണ്ടോ?) ഇതിനൊരു ഉപരിപ്ലവ സ്വഭാവം ഉണ്ട് (ഉപരിപ്ലവമായ ആത്മീയതയുടെ) എന്ന വിചാരമുണ്ടോ?

A

വലിയൊരു അനുഗ്രഹത്തിന്റെ കാലത്താണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. പണ്ടൊക്കെ നമുക്ക് ഒരു വചനധ്യാനം നടത്തണമെങ്കില്‍ ഒരു കണ്‍വെന്‍ഷന്‍ നമ്മുടെ ഇടവകയില്‍ സംഭവിക്കാന്‍ കാത്തിരിക്കണം. ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമായിരിക്കുമത്. അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ നമ്മള്‍ ഒരു ധ്യാനകേന്ദ്രത്തില്‍ പോയി നിന്ന് ധ്യാനം കൂടണം. ഒരു കാലത്ത് അതൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

ഇപ്പോള്‍ വന്നിരിക്കുന്ന പുതിയ സാഹചര്യം നാം എളിമയോടെ അംഗീകരി ക്കണം. ആളുകള്‍ ധ്യാനകേന്ദ്രങ്ങളിലേക്ക് വചനം കേള്‍ക്കാന്‍ വരുന്ന കാലഘട്ടം കഴിയാറായി. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ ക്കുള്ളില്‍ തന്നെ ധ്യാനകേന്ദ്രങ്ങളിലേക്കുള്ള ആളുകളുടെ ഒഴുക്ക് നില്‍ക്കും. എന്തെങ്കിലും ആവശ്യങ്ങള്‍ നടക്കാന്‍ വേണ്ടിയല്ല, മറിച്ച് വചനം ആഴത്തില്‍ പഠിക്കാന്‍ താല്പര്യ മുള്ളവര്‍ ആയിരിക്കും ഇനിയുള്ള കാലം ധ്യാനകേന്ദ്രങ്ങളിലേക്ക് പോകുക. അതിനു മാത്രമേ ഇനിയൊരു സാധ്യതയുള്ളൂ. അതേ ഈശോ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത്.

കോണ്ടന്റുകളുടെ ആധിക്യം എന്നൊരു വിഷയം ഇല്ല. പരമാവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നാം ഈശോയെ കൊടുക്കുക. ഈശോയെ പറഞ്ഞു കൊടുക്കുന്നതിന് ഒരു പരിധിയില്ല. അഭിഷേകം ഉള്ള നൂറുകണക്കിന് മനുഷ്യര്‍ കയറി വരട്ടെ എന്നാണ് നാം പ്രാര്‍ഥിക്കേണ്ടത്. കര്‍ത്താവിനെ ഏറ്റവും നന്നായി അവതരിപ്പിക്കുക. ഒരാള്‍ പറയുന്നതുപോലെയല്ലല്ലോ മറ്റൊരാള്‍ പറയുക. ഒരു വ്യക്തി ഈശോയെക്കുറിച്ച് പറയുന്നതിനേക്കാള്‍ എനിക്ക് മനസ്സിലാവുക ഒരുപക്ഷേ മറ്റൊരു വ്യക്തി പറയുമ്പോഴാ യിരിക്കും. ഏതു വ്യക്തി പറയുന്നതാണ് ഈശോയെ സ്വീകരിക്കാനും മുറുകെ പിടിക്കാനും നിങ്ങള്‍ക്ക് സഹായകരമാകുന്നത്, ആ വ്യക്തിയെ തിരഞ്ഞെടു ക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. അതിനെ ഒരു അനുഗ്രഹമായി കാണുക. കൊണ്ടെന്റുകളുടെ ഒരു പ്രവാഹം ഉള്ളതുകൊണ്ട് നിങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇതൊരു താരതമ്യമല്ല. മറിച്ച് ഏറ്റവും നന്നായി നിങ്ങള്‍ക്ക് ഈശോയെ മനസ്സിലാക്കാന്‍ പറ്റുന്ന പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുക എന്നതാണ്. ഈശോയെ കുറിച്ച് പറയുന്നത് ഒരിക്കലും അമിതമാകില്ല എന്ന് പറയാം. ഈ ശുശ്രൂഷ ഫാനിസത്തിലേക്കോ ഫനാറ്റിസിസത്തിലേക്കോ മാറാതിരിക്കാന്‍ ശ്രദ്ധിക്കണം.

എനിക്ക് ഫേമസ് ആകണം എന്നുള്ളതാണ് ആഗ്രഹം എങ്കില്‍ തീര്‍ച്ചയായും അത് നമുക്ക് ഒരു സ്‌ട്രെസ് ആണ്.

ഇത് ഉപരിപ്ലവം ആണെന്ന് കരുതേണ്ടതില്ല. കേട്ടു കൊണ്ടിരിക്കുക എന്നുള്ളതല്ല പ്രധാനം. ഞാന്‍ ആ ടോക്ക് കേട്ടു, ഈ ടോക്ക് കേട്ടു എന്ന് പറയുകയല്ല പ്രധാനം. കേട്ടത് നിങ്ങളുടെ ജീവിതത്തെ മാറ്റിയോ, നിങ്ങള്‍ കുറച്ചുകൂടി നല്ലൊരു വ്യക്തിയായി മാറിയോ എന്നുള്ളതാണ്. നിത്യജീവനെ ലക്ഷ്യമാക്കി കര്‍ത്താവിന്റെ സ്വര്‍ഗ്ഗരാജ്യം ലക്ഷ്യമാക്കുന്ന ഒരാളായി നിങ്ങള്‍ മാറിയെങ്കില്‍ ആ കൊണ്ടന്റ് പരിശുദ്ധാത്മാവ് തരുന്നതാണ്. നിങ്ങള്‍ക്ക് കുറെ അറിവു കിട്ടി എന്നൊക്കെയാണെങ്കില്‍ അത് പരിശുദ്ധാത്മാവ് തരുന്നതല്ല. പരിശുദ്ധാത്മാവ് ഉള്ള സുവിശേഷപ്രഘോഷനങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കും. പത്രോസ് ശ്ലീഹായുടെ പ്രസംഗം പോലെ ആയിരിക്കണം ഇന്നത്തെ യൂട്യൂബ് ചാനലുകളും. ഒറ്റ പ്രസംഗം കേട്ടപ്പോള്‍ ഹൃദയം നുറുങ്ങി എന്നാണ് നമ്മള്‍ വായിച്ചത്. ആ തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ധ്യാനകേന്ദ്രം വഴിയോ ഒക്കെ വചനം പറയുന്ന പ്രഭാഷകര്‍ ചിലപ്പോള്‍ പരാജയപ്പെടുന്നുണ്ടാകും. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം. അതുപോലെ അതൊരു പ്രചോദനവും വെല്ലുവിളിയുമായി മാറണം. ഞാന്‍ സുവിശേഷം പറയുമ്പോള്‍ അത് കേള്‍ക്കുന്ന ഒരാള്‍ എങ്കില്‍ ഒരാളില്‍ അതു മാറ്റമുണ്ടാക്കണം. അയാളുടെ ലക്ഷ്യം മാറുകയും ഈ ലോകത്തില്‍ നിന്ന് സ്വര്‍ഗരാജ്യത്തിലേക്കാവുകയും വേണം. കര്‍ത്താവേ എന്നിലൂടെ പ്രവേശിച്ച് എന്നിലൂടെ പ്രവര്‍ത്തിച്ച് ഞാന്‍ സുവിശേഷം പറയുമ്പോള്‍ അത് കേള്‍ക്കുന്ന ആളുകളില്‍ മാനസാന്തരം ഉണ്ടാക്കണമെന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഈ സുവിശേഷശുശ്രൂഷ ചെയ്താല്‍ അത് ആഴത്തില്‍ ഇറങ്ങുന്ന ഒരു ശുശ്രൂഷയായി മാറും.

Q

സോഷ്യല്‍ മീഡിയയില്‍ ക്രിസ്തുമൂല്യങ്ങള്‍ കാണിപ്പിക്കാനും കേള്‍പ്പിക്കാനും ആണ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ശ്രമിക്കുന്നത്. ജീവിതസാക്ഷ്യങ്ങളോടുള്ള പ്രണയം കുറയുന്നു എന്ന തോന്നലുണ്ടോ?

A

ക്രിസ്തുമൂല്യങ്ങള്‍ കാണിക്കുക, കേള്‍പ്പിക്കുക എന്നതല്ല ലക്ഷ്യം. ക്രിസ്തുവിന്റെ മൂല്യങ്ങളെക്കുറിച്ചല്ല ക്രിസ്തുവിനെ കുറിച്ച് തന്നെ പഠിപ്പിച്ചു കൊടുക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ഈശോയെ പരിചയപ്പെട്ടാല്‍ സ്വാഭാവികമായി തന്നെ ഈശോ കാണിച്ച ആ ധാര്‍മികതയും ജീവിതവിശുദ്ധിയും എല്ലാം സ്വാഭാവികമായി സ്വാധീനിക്കും. ഈശോയെ അനുഗമിച്ചില്ലെങ്കില്‍ ഈ ക്രിസ്തീയ ജീവിതം വെറുതെയായിപോകും. ഈശോ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ മാത്രമല്ല ഇവിടെ പ്രശ്‌നം. പൗലോസ് ശ്ലീഹാ പറയുന്നില്ലേ, എനിക്ക് അഭിമാനമായി തോന്നിയ എല്ലാത്തിനെയും ഞാന്‍ നഷ്ടമായി കണക്കാക്കി, ഇത് അവനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയാണ്. (ഫിലി. 3:7-9). ക്രിസ്തുവിനെ നേടുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് കിട്ടിക്കഴിഞ്ഞ ഒരാള്‍ ഈശോയെ കാണിച്ചുകൊടുക്കുക, ഈശോയെ കേള്‍പ്പിച്ചു കൊടുക്കുക. ഇതായിരിക്കണം

ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചെയ്യേണ്ടത്. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ജീവിതസാക്ഷ്യം. ഞാന്‍ കേള്‍ക്കുന്ന സുവിശേഷം പിന്നീട് ഞാന്‍ പറഞ്ഞാല്‍ പോരാ, മറിച്ച് അത് ജീവിക്കണം. അപ്പോഴാണ് അത് സുവിശേഷ മായി മാറുക. ഫ്രാന്‍സിസ് അസീസി പറഞ്ഞിട്ടുണ്ടല്ലോ, സുവിശേഷം പ്രഘോഷിക്കുക ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക. നമ്മുടെ ജീവിതം ആകണം സുവിശേഷം എന്നര്‍ഥം. ലാറ്റിനമേരിക്കയിലെ സ്‌നേഹത്തിന്റെ വിപ്ലവകാരിയായ ആര്‍ച്ചുബിഷപ് റോമേറോ നിങ്ങളാകണം അഞ്ചാമത്തെ സുവിശേഷം എന്ന് പറഞ്ഞിട്ടുണ്ട്. നാലു സുവിശേഷങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരാള്‍ നിങ്ങളുടെ ജീവിതം കണ്ടിട്ട് ഈശോയെ അയാള്‍ക്ക് മനസ്സിലാകണം. അല്ലെങ്കില്‍ നാല് സുവിശേഷങ്ങള്‍ വായിച്ചിട്ടുള്ള ഒരാള്‍ക്ക് അതിന്റെ അഞ്ചാമത്തെ സാക്ഷ്യമായി

വായിക്കുന്നത് ഞാന്‍ വിശ്വസിക്കണം, വിശ്വസിക്കുന്നത് ഞാന്‍ പഠിപ്പിക്കണം, പഠിപ്പിക്കുന്നത് ഞാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. ഈ മൂന്നു കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് ഒരാള്‍ ഒരു ജീസസ് ഇന്‍ഫ്‌ളുവന്‍സറായി മാറുന്നത്.

ആ വ്യക്തി മാറണം. പറയുന്നതല്ല, അത് ജീവിക്കുക എന്നതാണ് ഏറ്റവും നല്ല സുവിശേഷ പ്രഘോഷണങ്ങളില്‍ ഒന്ന്. അതിനുവേണ്ടി പ്രാര്‍ഥിക്കണം, പരിശ്രമിക്കണം. വായിക്കുന്നത് ഞാന്‍ വിശ്വസിക്കണം എന്ന ബോധ്യമാണ് സുവിശേഷം വായിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാകേണ്ടത്. വായിക്കുന്നത് ഞാന്‍ വിശ്വസിക്കണം, വിശ്വസിക്കുന്നത് ഞാന്‍ പഠിപ്പിക്കണം, പഠിപ്പിക്കുന്നത് ഞാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്ന ബോധ്യം. ഈ മൂന്നു കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് ഒരാള്‍ ഒരു ജീസസ് ഇന്‍ഫ്‌ളുവന്‍സറായി മാറുന്നത്, കാലഘട്ടത്തിന്റെ സുവിശേഷകരായി മാറുന്നത്.

logo
Sathyadeepam Online
www.sathyadeepam.org