
പോള്‍ തേലക്കാട്ട്
തിമിര ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി കണ്ണു തുറന്നപ്പോഴാണ് പലതും കാണാത്ത അന്ധതയിലായിരുന്നു എന്ന ബോധ്യമായത്, കാണുന്നുണ്ട് എന്നു പറഞ്ഞിരുന്നെങ്കിലും. കാഴ്ചയില്ലാത്തവരുടെ കഥകള്‍ സാഹിത്യത്തില്‍ സുലഭമാണ്. ഈഡിപ്പസ് രാജാവ് ഒരു കണ്ണ് കൂടുതലുള്ളവനായി അറിയപ്പെട്ടു. കോറിന്തിലെ രാജകൊട്ടാരത്തില്‍ നിന്നു ഡല്‍ഫിയുടെ വിധികേട്ട് ഓടി വന്നതായിരുന്നു ആ ചെറുപ്പക്കാരന്‍. അപ്പനെ കൊല്ലും അമ്മയെ വേളി ചെയ്യും എന്ന വിധി. അതില്‍ നിന്നു ഓടിമാറാന്‍ എത്തിയത് തേബസ് എന്ന നാട്ടിലാണ്. അവിടത്തെ രാജാവിന്റെ വിളംബരവും അറിഞ്ഞു. വസന്തയുണ്ടാക്കുന്ന യക്ഷിയുടെ ചോദ്യത്തിനു ഉത്തരം നല്കിയാല്‍ രാജത്വവും രാജ്ഞിയേയും ലഭിക്കും. അയാള്‍ യക്ഷി (Sphinx) യുടെ മുമ്പിലെത്തി. ചോദ്യം കേട്ടു. യുക്തിപൂര്‍വം അയാള്‍ ആലോചിച്ചു മറുപടി പറഞ്ഞു. അതു ശരിയായി. വസന്തയകന്നു - രാജാവായി. രാജ്ഞിയെ വിവാഹം ചെയ്തു. മൂന്നു കണ്ണുള്ള രാജാവ്.
പക്ഷെ, വസന്ത പിന്നെയും നാട്ടില്‍ പടരുന്നു. കാരണമന്വേഷിച്ചു. ഡല്‍ഫിയുടെ മറുപടി - രാജഘാതകന്‍ നാട്ടിലുണ്ട്. അവനെ പുറത്താക്കാതെ ബാധയൊഴിയില്ല. രാജഘാതകനെ പിടികൂടി പുറത്താക്കി രാജ്യത്തെ സംരക്ഷിക്കണം. രാജാവ് നാടിന്റെ പ്രവാചകനുമായി സംസാരിച്ചു. പക്ഷികളുടെ പോലും ഭാഷയറിയാവുന്ന താങ്കള്‍ക്ക് യക്ഷി ചോദിച്ച ലളിതചോദ്യത്തിനു ഉത്തരം പറയാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്?”അന്ധനായ പ്രവാചകന്റെ അഹന്തയെ വേദനിപ്പിച്ച ചോദ്യം. അയാള്‍ തിരിച്ചടിച്ചുകൊണ്ടു പറഞ്ഞു, ''താങ്കള്‍ വേട്ടയാടുന്ന ഘാതകന്‍ താങ്കള്‍ തന്നെയാണ്.'' ഞെട്ടിക്കുന്ന പ്രസ്താവന. പക്ഷെ, വേറെയും തെളിവുകള്‍. വഴിമുടക്കിയ യാത്രികനെ അടിച്ചുകൊന്നതു ശരിയാണ്. അതു അപ്പനായിരുന്നോ? അയാള്‍ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു നാടുവിട്ടു. ഈഡിപ്പസിന്റെ അന്ധത ധാര്‍മ്മിക അന്ധതയായിരുന്നു. ഡല്‍ഫിയുടെ വിധിയില്‍ നിന്നു ഓടിമാറാന്‍ ശ്രമിച്ച് ഓടിയ വഴി ധര്‍മ്മത്തിന്റെയായിരുന്നോ? കാഴ്ചയില്‍ അധികാരകാമം കടന്നുകൂടി. അധികാരത്തിലേക്ക് ഓടിക്കയറി, വഴിയില്‍ പിതൃഹത്യ നടത്തി. ധര്‍മ്മത്തിന്റെ ഗൂഡാലോചനയില്‍ ഈഡിപ്പസ് രാജ്യത്തിനു പുറത്തായി.
അയല്‍ക്കാരന്റെ ഭാര്യയെ അടിച്ചുമാറ്റിയ ദാവീദിനോട് നാഥാന്‍ പ്രവാചകന്‍ പറഞ്ഞു: ''ആ മനുഷ്യന്‍ നീ തന്നെ.'' അതും ധാര്‍മ്മിക അന്ധതയുടെ കഥയായിരുന്നു. സോദോമിലേക്കു വന്ന പരദേശികള്‍ക്കു ആതിഥ്യം നല്കിയ ലോത്തിന്റെ വീട്ടില്‍ നിന്നു പരദേശികളെ വിട്ടുകിട്ടാന്‍ വീടാക്രമിക്കാന്‍ ശ്രമിച്ചവരെ വീട്ടിലെ ദൂതന്മാര്‍ അന്ധരാക്കി എന്നു ബൈബിള്‍ പറയുന്നു (ഉത്. 19:11). ഒരു ജനസമൂഹം മുഴുവന്‍ ധാര്‍മ്മിക അന്ധത ബാധിച്ച ''ആന്ധ്യ''ത്തിന്റെ കഥയില്‍ ജോസ്സെ സരമാഗു എഴുതി, ''നമ്മള്‍ അന്ധരായി എന്നു ആരും പറയില്ല. നാം അന്ധരാണ് എന്നു പറയേണ്ടി വരും, പക്ഷെ, നാം കാണുന്നു. കാണാന്‍ കഴിയുന്നവര്‍, എന്നാല്‍ കാണുന്നില്ല.'' കാഴ്ചയുടെ ഉറവിടം കണ്ണാണോ അതോ അസ്തിത്വബോധത്തിന്റെ ആന്തരികതയോ? നിരീശ്വരനായ സരമാഗു എഴുതി, ''പേരില്ലാത്ത എന്തോ നമ്മിലുണ്ട്, അതാണ് നാം.''
നമ്മില്‍ പേരില്ലാത്തതു എന്താണ്? നമ്മിലെ അസ്തിത്വാധാരം നമ്മില്‍ കണ്ണു തുറക്കുന്നു, മൊഴിയുന്നു. തിന്മ കണ്ട് കണ്ട് നാം തിന്മ കാണാതായിരിക്കുന്നു! അതാണ് തിന്മയുടെ സാധാരണത്വം. ഭാരതസമൂഹത്തില്‍ തൊട്ടുകൂടായ്മയും താഴ്ന്ന വര്‍ഗക്കാരെ അവഗണിക്കുന്നതും സാധാരണമായി - പശുവിനും കുരങ്ങിനും അവരെക്കാള്‍ ആദരവു ലഭിക്കുന്നു. കുരങ്ങന്മാര്‍ക്ക് വിഭവസമൃദ്ധമായ ഊട്ട് പൊലീസ് കാവലില്‍ നടത്തുന്ന ചിത്രങ്ങള്‍ കണ്ടു. ആ ഔദാര്യംപോലും താഴ്ന്ന ജാതിക്കാരായ മനുഷ്യര്‍ക്ക് ലഭിക്കുന്നില്ല. ധാര്‍മ്മിക പ്രശ്‌നങ്ങളില്‍ പിലാത്തോസിനെപ്പോലെ കൈ കഴുകി മാറിനില്‍ക്കാന്‍ നാം പഠിച്ചിരിക്കുന്നു. അപരന്റെ സഹനം വേലികെട്ടി ഒഴിവാക്കുന്ന നിഷ്പക്ഷരായി ജീവിക്കുന്നവര്‍!
മറ്റുള്ളവരോടുള്ള ബന്ധത്തില്‍ ഞാന്‍ ആരായിത്തീരുന്നുവോ അതാണ് ധാര്‍മ്മികത. അപരന്റെ മുഖം ലോകത്തിലെ ഒരു വസ്തുവല്ല. ആ മുഖം എന്നെ വിളിക്കുന്നു, ചോദ്യം ചെയ്യുന്നു, മൊഴിയുന്നു. അപരന്റെ മുഖമാണ് എന്റെ അസ്തിത്വബോധത്തെ ഉറക്കത്തില്‍ നിന്നു ഉണര്‍ത്തുന്നത്. അപരന്റെ മുഖം അഭ്യര്‍ഥിക്കുന്നു, അതു പറയാതെ പറയുന്ന വാക്കുകളില്‍ ക്ഷണിക്കുന്നു. അപരന്റെ മുഖത്തിന്റെ നോട്ടം പാരസ്പര്യം ഉണ്ടാക്കുന്നതും ശുദ്ധവും നിര്‍വാജ്യവുമായ കടാക്ഷമാണ്. ലോകത്തില്‍ വെറുതെ ഉണ്ടായിരിക്കുന്ന ഒന്നല്ല അപരന്റെ മുഖം. അതു ലോകത്തിനു പുറത്തുനിന്നാണ്, ലോകത്തിന്റെയല്ല. മുഖം വെളിവാക്കുന്നതു ലോകത്തിലെ ഒന്നുമല്ല. അപരന്റെ വ്യത്യസ്തതയുടെ മുഖമാണ് എന്നെ നോക്കുന്നത്. ഞാനല്ലാത്തവനും ലോകമല്ലാത്തതുമായ ഒരു മുഖം, ഒരു ബന്ധത്തിന്റെ വിളിയാണ്. അതു എന്നെ കടന്നുപിടിക്കുന്നു. എന്നെ എങ്ങനെയൊ മാറ്റുന്നു. ഈ മാറ്റത്തിന്റെ പേരാണ് ധര്‍മ്മം.
''അതൊക്കെ എല്ലാവരും ചെയ്യുന്നതാണ്'' എന്നു പറയുന്നതില്‍ അപരനില്ല. അപരന്‍ എന്ന മനുഷ്യന്‍ തുലോം വെറും കണക്കുകൂട്ടലുകാരന്റെ കണക്കിന്റെ പ്രസ്താവനയാണിത്. അപരന്റെ മുഖം എന്റെ ആധിപത്യമാണ് ചെറുക്കുന്നത്. ഈ മുഖാമുഖത്തിലാണ് ധര്‍മ്മം ജനിക്കുന്നതും മരിക്കുന്നതും. ഏകാധിപതിയുടെ നോട്ടം സൂര്യനോട്ടമാണ്. എല്ലാം വെളിവാക്കുന്നതും എല്ലായിടത്തും ഇടിച്ചുകേറി ആധിപത്യം ഉണ്ടാക്കുന്നതുമായ സൂര്യനോട്ടം. എല്ലാം കീഴിലാക്കുന്ന സൂര്യനേത്രം. ലോകത്തില്‍ എല്ലാം ഉണ്ട്. അങ്ങനെ ഉണ്ടായിരിക്കുന്നതിന്റെ ചിന്തയ്ക്കു പുറത്താണ് ധര്‍മ്മം. അതു പുറത്തുനിന്നു വരുന്നു. അസ്തിത്വ ചിന്തയല്ല ധര്‍മ്മ ചിന്ത. അഹത്തിന്റെ സൂര്യനേത്രത്തില്‍ എല്ലാം അധീനമാക്കുന്ന സ്വാര്‍ഥതയാണ് ആധിപത്യത്തിന്റെ കാമചിന്ത. അവിടെ ധര്‍മ്മ സാധ്യത മരിക്കുന്നു.