നിക്കരാഗ്വയില്‍ ഭരണകൂടവും ജനങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ മുന്നോട്ടു പോകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. നിക്കരാഗ്വയിലെ സംഭവവികാസങ്ങളെ താന്‍ ദുഃഖത്തോടെയും ഉത്കണ്ഠയോടെയുമാണു വീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് തുറന്നതും ആത്മാര്‍ത്ഥവുമായ സംഭാഷണമാണ് ആവശ്യം.- പാപ്പാ വ്യക്തമാക്കി.
നിക്കരാഗ്വയിലെ ബിഷപ് റോളാണ്ടോ അല്‍വാരെസിനെ തടവിലാക്കിയ സാഹചര്യത്തിലാണ് പാപ്പായുടെ ഈ വാക്കുകള്‍. ഡാനിയല്‍ ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യഭരണശൈലിയെ വിമര്‍ശിക്കുന്നതിനാലാണ് ബിഷപിനെ ദ്രോഹിക്കുന്നതെന്നു കരുതപ്പെടുന്നു. 2018 നു ശേഷം ഇതുവരെ ഒര്‍ട്ടേഗായുടെ ഭരണത്തിനു കീഴില്‍ കത്തോലിക്കാസഭയ്‌ക്കെതിരെ 190 അക്രമങ്ങള്‍ നടന്നു കഴിഞ്ഞു. മെത്രാന്മാരും വൈദികരും പള്ളികളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒര്‍ട്ടേഗാ, കത്തോലിക്കാ മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരെ രൂക്ഷമായ പദപ്രയോഗങ്ങള്‍ സ്ഥിരമായി നടത്തുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നിക്കരാഗ്വയിലെ വത്തിക്കാന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തു. പിന്നീട് മദര്‍ തെരേസായുടെ സന്യാസസമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അവരെയും രാജ്യഭ്രഷ്ടരാക്കി. കത്തോലിക്കാ മാധ്യമങ്ങളും അടച്ചു പൂട്ടുന്നുണ്ട്.