International

മെക്സിക്കോയില്‍ മതസ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്ന നിയമഭേദഗതിക്കു നീക്കം

Sathyadeepam

മതസ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്ന വിധത്തില്‍ മെക്സിക്കോയില്‍ നിയമഭേദഗതി നടത്താനുള്ള ബില്ലിനെ അവിടത്തെ കത്തോലിക്കാസഭ സ്വാഗതം ചെയ്തു. സഭയ്ക്കും മറ്റു മതവിഭാഗങ്ങള്‍ക്കും മേല്‍ ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന നിരവധി നിയന്ത്രണങ്ങള്‍ എടുത്തു നീക്കുന്നതാണ് നിര്‍ദ്ദിഷ്ട നിയമഭേദഗതി. മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിയമഭേദഗതിയെന്നു മെക്സിക്കന്‍ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് റൊഗേലിയോ ലോപസ് ചൂണ്ടിക്കാട്ടി.

മതസംഘടനകളും പൊതു ആരാധനയും സംബന്ധിച്ച 1992 ലെ നിയമം പരിഷ്കരിക്കുന്നതിനുള്ള ബില്ലാണ് പാര്‍ലിമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഭേദഗതി പ്രാബല്യത്തിലായാല്‍ സഭയ്ക്കും മതവിഭാഗങ്ങള്‍ക്കും മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. സഭയുടെ സ്വത്തവകാശം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെടും. സാംസ്കാരിക, സാമൂഹ്യ വികസനപദ്ധതികളില്‍ സഭയ്ക്കും രാഷ്ട്രത്തിനും തമ്മില്‍ കൂടുതല്‍ സഹകരിക്കുന്നതിനു അവസരങ്ങളുണ്ടാകും. ആശുപത്രികള്‍, പുനരധിവാസകേന്ദ്രങ്ങള്‍, സൈനിക സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആത്മീയ സേവനം ലഭ്യമാക്കുന്നതിനു സഭാധികാരികള്‍ക്ക് സാധിക്കും.

ദീര്‍ഘകാലം സഭയെ അടിച്ചമര്‍ത്തി വച്ച ചരിത്രമുള്ള രാജ്യമാണു മെക്സിക്കോ. നിലവിലുള്ള നിയമമനുസരിച്ച് മെക്സിക്കോയിലെ 1992 നു മുമ്പു നിര്‍മ്മിച്ച പള്ളികള്‍ സര്‍ക്കാര്‍ സ്വത്തായാണു പരിഗണിക്കപ്പെടുന്നത്. സഭയ്ക്ക് റേഡിയോ, ടി വി നിലയങ്ങള്‍ നടത്താന്‍ അനുമതിയില്ല.

മെക്സിക്കന്‍ പ്രസിഡന്‍റിന്‍റെ പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഈ നിയമഭേദഗതി പാര്‍ലമെന്‍റില്‍ കൊണ്ടു വന്നിരിക്കുന്നതെങ്കിലും പ്രസിഡന്‍റ് ഇതിനെതിരാണ്. രാജ്യത്തിന്‍റെ മതേതരത്വത്തിന് ഈ നിയമഭേദഗതി തടസ്സമാകുമെന്ന അഭിപ്രായം അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രകടിപ്പിച്ചു കഴിഞ്ഞു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്