International

കുടിയേറ്റക്കാര്‍ക്ക് നല്ല അയല്‍ക്കാരാകുമെന്ന് യുഎസ് കത്തോലിക്കര്‍

Sathyadeepam

അമേരിക്കയില്‍ അഭയാര്‍ത്ഥികളായെത്താന്‍ ആഗ്രഹിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കന്‍ കത്തോലിക്കരുടെ പ്രതിജ്ഞ. തങ്ങളുടെ രാജ്യത്തിലേയ്ക്കു വരുന്നവര്‍ക്കു തങ്ങള്‍ നല്ല അയല്‍ക്കാരായിരിക്കുമെന്നും വരുന്നവരുമായി ചേര്‍ന്നു സമൂഹനിര്‍മ്മാണം നടത്തുമെന്നും മൂവായിരം കത്തോലിക്കര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ പ്രതിജ്ഞ ചെയ്യുന്നു. കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ട് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ ക്രൈസ്തവസമൂഹത്തില്‍നിന്നു തന്നെ പ്രതിഷേധങ്ങളുയരുന്നത്.

ആവശ്യമായ രേഖകളില്ലാതെ അമേരിക്കയിലെത്തുന്നവര്‍ ഔദ്യോഗിക തുറമുഖങ്ങളില്‍ ഹാജരായി അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിക്കണമെന്ന ട്രംപിന്‍റെ ഉത്തരവിനെ കോടതി സ്റ്റേ ചെയ്തിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള വലിയൊരു സംഘം അമേരിക്കന്‍ അതിര്‍ത്തി ലക്ഷ്യമാക്കി പുറപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ട്രംപിന്‍റെ ഉത്തരവ്. ഈ അനിശ്ചിതത്വത്തിന്‍റെ സാഹചര്യത്തിലാണ് ഫ്രാന്‍സിസ്കന്‍ ആക്ഷന്‍ നെറ്റ്വര്‍ക്ക് എന്ന കത്തോലിക്കാസംഘടനയുടേയും ലൂഥറന്‍ സഭയുടേയും സംയുക്താഭിമുഖ്യത്തില്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രചാരണം അമേരിക്കയില്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ മനുഷ്യവ്യക്തികള്‍ക്കും അന്തസ്സുണ്ടെന്നും അപകടത്തിലാകുമ്പോള്‍ അഭയംതേടി പോകാനുള്ള അവകാശം എല്ലാവര്‍ക്കുമുള്ളതാണെന്നും സംഘാടകര്‍ പറയുന്നു. അതിര്‍ത്തിയില്‍ വച്ച് അവരെ തിരിച്ചയയ്ക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും സഭാനേതാക്കള്‍ വ്യക്തമാക്കി.

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്