ജൂലൈ 28 മുതല്‍ ആഗസ്റ്റ് 3 വരെ റോമില്‍ നടക്കുന്ന യുവജന ജൂബിലി ആഘോഷത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പങ്കെടുക്കുന്നതിനാവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. മാര്‍ഗരേഖയുടെ ഓണ്‍ലൈന്‍ പതിപ്പും ലഭ്യമാണ്.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജന ങ്ങള്‍ പങ്കെടുക്കുന്ന ഈ ജൂബിലി വേളയില്‍, വിവിധ സാംസ്‌കാരിക പരിപാടികള്‍, പ്രാര്‍ഥനാസമ്മേളനങ്ങള്‍, കൂട്ടായ്മകള്‍, വിശുദ്ധ വാതില്‍ പ്രവേശനം, കുമ്പസാരം, ജാഗരണ പ്രാര്‍ഥനകള്‍, ആരാധനകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഓഗസ്റ്റ് 2 ശനിയാഴ്ച നടക്കുന്ന ജാഗരണപ്രാര്‍ഥനയിലും, ഓഗസ്റ്റ് 3 ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും ലിയോ പതിനാലാമന്‍ പാപ്പ സംബന്ധിക്കും.
വിവിധ കാര്യപരിപാടികള്‍, യാത്രയ്ക്കുള്ള നിര്‍ദേശങ്ങള്‍, തീര്‍ഥാടകരുടെ കിറ്റ്, ജൂബിലി പാസ് എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വിവരങ്ങളും ഗതാഗതം, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ മാര്‍ഗ രേഖയില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ജൂബിലിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയുവാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ജൂലൈ 29 വൈകുന്നേരം ഏഴു മണിക്ക് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ യാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. ആഗസ്റ്റ് രണ്ടാം തീയതി തോര്‍ വെര്‍ഗാത്തയില്‍ വച്ചു നടക്കുന്ന ജാഗരണ പ്രാര്‍ഥനയോടെയും, പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെയും ജൂബിലി ആഘോഷങ്ങള്‍ അവസാനിക്കും.