International

‘ഞാന്‍ നിന്നെ മറക്കുകയില്ല’: അടുത്ത വയോധിക ദിനത്തിന്റെ പ്രമേയം

Sathyadeepam

മുത്തശ്ശീമുത്തച്ഛന്‍മാരുടെയും വയോധികരുടെയും ആറാമത് ആഗോള ദിനമായി അടുത്ത ജൂലൈ 26 ആചരിക്കുമ്പോള്‍ അതിന്റെ പ്രമേയമായി ‘ഞാന്‍ നിന്നെ മറക്കുകയില്ല’ (ഏശ 49:15) എന്ന ബൈബിള്‍ വാക്യം ലിയോ പതിനാലാമന്‍ മാര്‍പാപ്പ തെരഞ്ഞെടുത്തു. ദൈവത്തിന് ഓരോ വ്യക്തിയോടുമുള്ള സ്‌നേഹം ബലഹീനമായ വാര്‍ദ്ധക്യത്തിലും ഉണ്ടായിരിക്കുമെന്ന് പറയാനാണ് പാപ്പ ഈ പ്രമേയം തെരഞ്ഞെടുത്തത് എന്ന് വത്തിക്കാന്‍ അല്മായ - കുടുംബ കാര്യാലയം പ്രസ്താവിച്ചു.

മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും, പ്രത്യേകിച്ച് അവരില്‍ തനിച്ച് ജീവിക്കുന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയും പകരാനും ഇതുകൊണ്ട് പാപ്പ ലക്ഷ്യമിടുന്നു. വയോധികരെ മറക്കരുത് എന്നും അവരെ അമൂല്യമായ സാന്നിധ്യവും അനുഗ്രഹവുമായി തിരിച്ചറിയണമെന്നും പാപ്പാ ആവശ്യപ്പെട്ടു. അതിനു കുടുംബങ്ങള്‍ക്കും സഭാ സമൂഹങ്ങള്‍ക്കും ഉള്ള ഒരു ക്ഷണവുമാണ് ഈ പ്രമേയം - വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഗ്രാന്‍ഡ് പാരന്റ്‌സ് ഡേ സഭയില്‍ സ്ഥാപിച്ചത്. എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ഇതിനുവേണ്ടി നിശ്ചയിച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ മുത്തശ്ശീമുത്തച്ഛന്മാരായ വിശുദ്ധ യോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാള്‍ ആയ ജൂലൈ 26 കഴിഞ്ഞു വരുന്ന ഞായര്‍ എന്നതാണ് ആ ദിവസം തെരഞ്ഞെടുക്കാനുള്ള കാരണം.

ഈ വര്‍ഷം തിരുനാള്‍ ദിനത്തില്‍ തന്നെ ദിനാചരണവും വരുന്നു.

വിവിധ പ്രാദേശിക സഭകളും സഭാ സംഘടനകളും ലോകമെങ്ങും തങ്ങളുടേതായ സാഹചര്യങ്ങളില്‍ ഈ ദിനാചരണം അര്‍ത്ഥവത്താക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെട്ടു.

ബിഷപ്പ് മത്യാസ് കാപ്പില്‍ ദര്‍ശനികനായ മിഷനറി: മോണ്‍. കായാവില്‍

രാജസ്ഥാനില്‍ കത്തോലിക്കാ സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചു

അര്‍ജന്റീനിയന്‍ മെത്രാന്റെ നാമകരണനടപടികള്‍ പിന്‍വലിച്ചു

ഫ്രാന്‍സില്‍ ഇരുപതിനായിരം പേര്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു

വിശുദ്ധ മേരി ബര്‍ണാര്‍ദ് സുബിറു (1844-1879) : ഏപ്രില്‍ 16