

2018 ജൂലൈയിൽ റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റി (എം.സി) ഭവനത്തിനെതിരെ ഒരു 'കുട്ടിക്കടത്ത്' കേസ് ഫയൽ ചെയ്യപ്പെടുകയും, ഒരു കന്യാസ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലാവുകയും ചെയ്തപ്പോൾ, അത് അന്താരാഷ്ട്രതലത്തിൽ വാർത്താപ്രാധാന്യം നേടി. ഇന്ത്യൻ മാധ്യമങ്ങളാകട്ടെ പ്രൈംടൈം ചർച്ചകളിലൂടെയും വെണ്ടയ്ക്ക തലക്കെട്ടുകളിലൂടെയും ഇത് ആഘോഷമാക്കുകയുണ്ടായി. എന്നാൽ, ജൂൺ 18-ന് റാഞ്ചിയിലെ വിചാരണക്കോടതി, എഴുപതുകളിലെത്തിയ സിസ്റ്റർ കോൺസെലിയ ഉൾപ്പെടെ മൂന്ന് പേരെയും കുറ്റവിമുക്തരാക്കിയപ്പോൾ, മോദി സർക്കാരിനു വിശ്വസ്തതയോടെ വിടുപണി ചെയ്യുന്ന ദേശീയ മാധ്യമങ്ങൾ പോട്ടെ, ജാർഖണ്ഡിലെ പ്രാദേശിക മാധ്യമങ്ങൾ പോലും ഈ വാർത്ത റിപ്പോർട്ട് ചെയ്തില്ല.
'സത്യമേവ ജയതേ' എന്ന ആപ്തവാക്യമുള്ള, ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ഇത്രയേറെ ജനശ്രദ്ധയാകർഷിച്ച ഒരു വാർത്ത ബോധപൂർവ്വം മാധ്യമങ്ങളിൽ നിന്ന് പൂർണമായി മറച്ചു വച്ചതു കണ്ട് നീതിബോധമുള്ള മാധ്യമപ്രവർത്തകർ ഞെട്ടിപ്പോയി. നിർഭാഗ്യവശാൽ, കൂട്ടായ നുണപ്രചാരണങ്ങളെ തുറന്നുകാട്ടിക്കൊണ്ട് സത്യം പുറത്തുവന്നപ്പോൾ, തങ്ങൾക്ക് അപ്രിയമായ ആ വാർത്ത പൊതുജനങ്ങളിലേക്ക് എത്താതിരിക്കാൻ ഈ വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ശക്തികൾ പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നു.
തീർച്ചയായും സത്യം പുറത്തുവരിക തന്നെ ചെയ്യും. ഈ ശ്രദ്ധേയമായ കേസിലെ കുറ്റവിമുക്തമാക്കൽ വിധി വിശ്വാസ്യതയുള്ള വാർത്താ ശൃംഖലകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒടുവിൽ പൊതുസമൂഹത്തിൽ എത്തിച്ചേർന്നു. എങ്കിലും, ഈ സംഭവം ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നുവെന്ന കയ്പേറിയ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു.
മേയ് 3 ലോക മാധ്യമസ്വാതന്ത്ര്യദിനത്തിൽ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട 2026-ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 2025-ൽ 151-ാം റാങ്കിൽ നിന്ന് ആറ് സ്ഥാനങ്ങൾ കൂടി താഴേക്ക് പോയി. പട്ടികയിലുള്ള 180 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് താഴെയുള്ളത് വെനസ്വേല, സുഡാൻ, ഇറാഖ്, തുർക്കി, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ മാത്രമാണ്.
ലോകത്തിന് ക്രൈസ്തവ കാരുണ്യത്തിന്റെ പ്രതീകമായ മദർ തെരേസ സ്ഥാപിച്ച സന്യാസിനീ സമൂഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ഡൽഹിയിലെയും ജാർഖണ്ഡിലെയും ഭരണകക്ഷിയായ ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം ഭരണസംവിധാനം ഈ കേസ് എങ്ങനെയാണ് കെട്ടിച്ചമച്ചതെന്ന് നോക്കുക. 2018 ജൂലൈ 4-ന്, റാഞ്ചിയിലെ ജയിൽ റോഡിലുള്ള അവിവാഹിതരായ അമ്മമാർക്കായുള്ള എം.സി ഭവനത്തിലെ 62 വയസ്സുകാരിയായ സിസ്റ്റർ കോൺസെലിയെയും രണ്ട് സഹായികളെയും റാഞ്ചി ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷ രൂപ വർമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. ഭവനത്തിൽ നിന്ന് 14 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഒരു ദമ്പതികൾക്ക് വിറ്റു എന്നതായിരുന്നു ആരോപണം.
'കുട്ടിക്കടത്ത്' എന്ന ഈ വൈകാരിക വാർത്ത പെട്ടെന്ന് തന്നെ ആഗോളതലത്തിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു. ഇതിന് പിന്നാലെ, വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി രാജ്യത്തുടനീളമുള്ള കുട്ടികളെ പരിചരിക്കുന്ന എല്ലാ എം.സി ഭവനങ്ങളിലും പരിശോധനയ്ക്ക് ഉത്തരവിട്ടുകൊണ്ട് ഈ സന്യാസിനീ സമൂഹത്തെ കൂടുതൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.
ഹൈന്ദവ ദേശീയ അജണ്ടകൾക്ക് പ്രചാരണം നൽകുന്നതിൽ പേരുകേട്ട റിപ്പബ്ലിക് ടിവി, ജൂലൈ 11-ന് മിഷണറീസ് ഓഫ് ചാരിറ്റി ഭവനത്തിൽ നിന്ന് കാണാതായ കുട്ടികളുടെ എണ്ണം 280 ആണെന്ന് ആരോപിക്കുകയും ഈ സന്യാസിനീസമൂഹത്തെ "മൾട്ടി മില്യൺ കോർപ്പറേഷൻ" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം, ചാനൽ തങ്ങളുടെ അതിശയോക്തിപരമായ പഴയ ആരോപണം ഉപേക്ഷിച്ച് "മൂന്ന് കുട്ടികളെ വിറ്റു" എന്ന് മാത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ, ജയിൽ റോഡിലെ എം.സി ഭവനത്തിനെതിരെയുള്ള 'കടത്ത്' കേസിന്റെ പശ്ചാത്തലത്തിൽ, സമീപത്തുള്ള ഹിനൂവിലെ എം.സി ഹോമിൽ പോഷകാഹാര പരിചരണത്തിലായിരുന്ന, ശിശുക്കൾ മുതൽ അഞ്ച് വയസ്സിൽ താഴെയുള്ളവർ വരെയുള്ള 22 കുട്ടികളെ സർക്കാർ ഏറ്റെടുത്തതിന് ശേഷം രണ്ട് കുട്ടികൾ മരണപ്പെട്ട വാർത്ത ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തില്ല.
എം.സി സേവനങ്ങളെ രാക്ഷസവൽക്കരിക്കുന്നത് തത്പരക്ഷികൾ തുടർന്നു. ചോദ്യം ചെയ്യലിനിടെ പോലീസ് നിർബന്ധിച്ച് റെക്കോർഡ് ചെയ്യിപ്പിച്ച, സിസ്റ്റർ കോൺസെലിയ രണ്ട് കുട്ടികളെ വിറ്റതായി സമ്മതിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് തങ്ങളല്ലെന്ന് ജാർഖണ്ഡ് പോലീസ് പ്രസ്താവിച്ചെങ്കിലും, ഇന്ത്യയിലെ പ്രമുഖ ടിവി വാർത്താ ഏജൻസിയായ എ.എൻ.ഐ പോലും ഇത് സംപ്രേഷണം ചെയ്തു.
കേസിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഒരു 'വീഴ്ച' എം.സി മേലധികാരികളും സി.ബി.സി.ഐയും സമ്മതിച്ചുവെങ്കിലും, സഭയുടെ പ്രതിച്ഛായ തകർക്കാൻ ഈ 'കുട്ടിക്കടത്ത്' ആരോപണം ആയുധമാക്കുകയാണുണ്ടായത്. അക്കാലത്ത് ജാർഖണ്ഡിലെ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിനെ കാണേണ്ടത്. സഭാസ്ഥാപനങ്ങളിൽ വൈകിയ വേളകളിൽ അന്വേഷണ സംഘങ്ങൾ നിരന്തരം പരിശോധന നടത്തിയിരുന്നു.
ഇത്തരം ആസൂത്രിത പ്രചാരണങ്ങൾക്കിടയിൽ, പരമോന്നത കോടതിയും പ്രതിയായ കന്യാസ്ത്രീക്ക് ജാമ്യം നിഷേധിച്ചു. ഒടുവിൽ 14 മാസത്തിന് ശേഷമാണ് ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് അവർക്ക് ജാമ്യം ലഭിച്ചത്.
എന്നിരുന്നാലും, റാഞ്ചി സെഷൻസ് കോടതിയുടെ അന്തിമ വിധി പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥ പോലും മോദി സർക്കാരിന്റെ താല്പര്യങ്ങൾക്ക് വഴങ്ങുമ്പോൾ, സത്യം മുറുകെ പിടിക്കാൻ താഴേത്തട്ടിലുള്ള കോടതികളിൽ സത്യസന്ധരും ഭയരഹിതരുമായ ജഡ്ജിമാരുണ്ടെന്ന് ഇത് തെളിയിക്കുന്നു. അവരുടെ വംശം വളരട്ടെ.
(നിർഭാഗ്യവശാൽ, ആവേശഭരിതരായ കത്തോലിക്കാ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ, കന്യാസ്ത്രീ മൂന്ന് വർഷം ജയിലിൽ കിടന്നു എന്ന രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിച്ചു. ഈ അതിശയോക്തി സിസ്റ്റർ കോൺസെലിയയെപ്പോലും വേദനിപ്പിച്ചു. തുടർന്ന് റാഞ്ചി കോൺവെന്റ് സുപ്പീരിയർ എന്നെ വിളിച്ച് (മദർ തെരേസ ഡോക്യുമെന്ററി ജോലികളുടെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ ഈ കോൺവെന്റുകൾ സന്ദർശിച്ചിരുന്നു) ഈ വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെടാൻ പറഞ്ഞു.
ഞാൻ പലർക്കും ഈ അറിയിപ്പ് അയക്കുകയും നിരവധി വെബ്‌സൈറ്റുകളിൽ ഈ പിശക് ചൂണ്ടിക്കാണിക്കുകയും ചെയ്തെങ്കിലും അവരൊന്നും അത് തിരുത്താൻ തയ്യാറായില്ല. അത് ഒരു നല്ല പ്രവണതയല്ല. ആർക്കും തെറ്റ് പറ്റാം. എന്നാൽ തെറ്റ് ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അത് തിരുത്താനുള്ള ബാധ്യത സോഷ്യൽ മീഡിയയിൽ ഉള്ളവർക്കുമുണ്ട്.)
(1995-ൽ മദർ തെരേസയെ അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകനായ ലേഖകൻ "മദർ തെരേസ - പ്രൊഫറ്റ് ഓഫ് കംപാഷൻ" എന്ന ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്).