ജനങ്ങളുടെ ആശങ്കകളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം: കെസിബിസി ജാഗ്രത കമ്മീഷൻ

താഴെപ്പറയുന്ന വിഷയങ്ങൾ സംബന്ധിച്ച് ഗൗരവകരമായ ശ്രദ്ധയും സത്വരമായ ഇടപെടലുകളും സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
Published on
  • പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകൾ സംബന്ധിച്ച ആശങ്കകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണം

ജൂലൈ 27 ന് കാലാവധി അവസാനിക്കുന്നതോടെ പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകളുടെ (ESA) സംരക്ഷണവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതായുള്ള വാർത്തകൾ മുഖ്യധാരാമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ കേന്ദ്രം പരിഗണിക്കുന്ന കേരളത്തിന്റെ റിപ്പോർട്ട് 123 വില്ലേജുകൾ പൂർണമായി ഉൾപ്പെടുന്നതും മൊത്തം 9993 ചതുരശ്രകിലോമീറ്റർ ഉൾപ്പെടുന്നതും ആണ്. ഈ പ്രദേശങ്ങൾ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിച്ചാൽ അതിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടും. കേരളത്തിലെ കർഷകസമൂഹത്തിനും സാധാരണജനങ്ങൾക്കും താങ്ങാനാവാത്ത ദുരന്തം ആയിരിക്കും ഫലം. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സത്വരമായ ഇടപെടലുകൾ നടത്തുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയും വേണം.

  • FCRA ഭേദഗതി: കേന്ദ്ര സർക്കാർ നീക്കത്തിലെ ആശങ്കകൾ പരിഹരിക്കപ്പെടണം

ജൂൺ 22 മുതൽ പ്രാബല്യത്തിൽ വന്ന 2011 ലെ FCRA ചട്ട ഭേദഗതികളിൽ പലതും ഫണ്ടുകളിലെ സുതാര്യതയും ക്രമവത്കരണവും ലക്ഷ്യമിടുന്നതാണ് എന്നാണ്  കേന്ദ്ര സർക്കാരിന്റെ വാദം. അത്തരം ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളെ പിന്തുണക്കുന്നു. എന്നാൽ, ഇപ്പോഴുള്ള ഭേദഗതികളിൽ കൂട്ടിച്ചേർത്തിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം, സ്ഥാപനമോ ഭാരവാഹികളോ നടത്തുന്ന മുഴുവൻ  പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ പോലും വാർഷിക റിട്ടേണിൽ അറിയിക്കണം എന്നു തുടങ്ങി, വകുപ്പുകളിൽ പലതും ജനാധിപത്യ വിരുദ്ധവും മൗലികാവകാശ ലംഘനങ്ങളും അഭിപ്രായ സ്വതന്ത്ര്യത്തിനുള്ള പൗരരുടെ അവകാശങ്ങളെ  ഹനിക്കുന്നതുമാണ്. മതപരിവർത്തന ശ്രമങ്ങളെ തടയാനെന്ന് അവകാശപ്പെട്ടുള്ള ചില വകുപ്പുകൾ എളുപ്പത്തിൽ ദുരുപയോഗിക്കപ്പെടാവുന്നതും ഭരണഘടന ഉറപ്പു നല്കുന്ന മത സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിച്ചേക്കാവുന്നതുമാണ്. ഈ കാര്യങ്ങളിലുള്ള ആശങ്ക കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവമായി പരിഗണിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം.

  • മദ്യ ഉപഭോഗം കുറയ്ക്കാനുള്ള ക്രിയാത്മക നടപടികൾക്ക് സർക്കാർ ഊന്നൽനൽകണം

വീര്യംകുറഞ്ഞ മദ്യത്തിന് കുറഞ്ഞ തീരുവ എന്ന ധനവകുപ്പിന്റെ നിലപാട് ബജറ്റിൽ അവതരിപ്പിക്കപ്പെട്ടത് മദ്യവ്യാപനത്തിന്റെ ദോഷഫലങ്ങൾ നേരിട്ടനുഭവിക്കുന്ന പൊതുസമൂഹത്തിലും ലഹരിവർജ്ജന പ്രസ്ഥാനങ്ങളുടെ പ്രവർത്തകർക്കുമിടയിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ വിലയ്ക്ക് കേരളത്തിൽ സുലഭമാകുന്ന സാഹചര്യം മദ്യപാനത്തെ ലളിതവത്കരിക്കാനും  സാമാന്യവത്കരിക്കാനും ഇടയാക്കിയേക്കുമെന്നതിനാൽ ആ നീക്കത്തിൽനിന്ന് സർക്കാരും ഭരണ കക്ഷിയും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ, മദ്യവിൽപ്പനയെ മുഖ്യ വരുമാന മാർഗ്ഗമായി കാണുന്ന മുൻ നയങ്ങളിൽ മാറ്റം വരുത്തുകയും ശാസ്ത്രീയമായ പഠനങ്ങൾ നടത്തി മദ്യ ലഹരിയുടെ കയത്തിൽനിന്ന് കേരളത്തെ കരകയറ്റാനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വേണം.

  • കരിമണൽ - കടൽ ഖനന നീക്കങ്ങൾ പുനഃപരിശോധിക്കണം

കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കരിമണൽ - കടൽ ഖനന ആശയങ്ങൾ കേരളത്തിലെ തീരദേശവാസികളെ വലിയ ആശങ്കയിൽ അകപ്പെടുത്തിയിട്ടുള്ളതാണ്. കരിമണൽ ഖനനത്തിന് മാതൃകയായി കാണാവുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമം ഇന്ന് ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. തീരശോഷണങ്ങളും കടലാക്രമണങ്ങളും കേരളത്തിലെ അനേകായിരം തീരദേശവാസികളെ പ്രതിവർഷം ഭവന രഹിതരും തൊഴിൽരഹിതരുമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, അവരെ കൂടുതൽ പ്രതിസന്ധികളിൽ അകപ്പെടുത്തുന്ന വിധമുള്ള പദ്ധതികളിൽനിന്ന് സർക്കാർ പിന്മാറണം. ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ കേരളത്തിലെ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ സഗൗരവം പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI
    സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ  

logo
Sathyadeepam Online
www.sathyadeepam.org