ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തി കടക്കുന്നത് വേദനാജനകം

painful-weapons-cross-borders-faster-than-food
Published on

ആധുനിക ലോകത്ത് അന്താരാഷ്ട്ര സഹകരണം നേരിടുന്ന പ്രതിസന്ധികള്‍ ആശങ്കയുണ്ടാക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള അവിശ്വാസം വർധിക്കുന്നതും സൈനിക ചെലവുകള്‍ക്കായി വിഭവങ്ങള്‍ വകമാറ്റുന്നതും പട്ടിണി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നു. ലോകത്ത് ഭക്ഷണത്തേ ക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തികള്‍ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുധ്യമാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ക്കുപരിയായി മാനുഷിക മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആഗോളസമൂഹം തയ്യാറാകണം. ഐകമത്യം എന്നത് കേവലം ചുവപ്പുനാടകളില്‍ കുടുങ്ങിക്കിടക്കുന്ന ഒന്നാകരുത്.

ഭക്ഷണം, വെള്ളം, ആരോഗ്യം എന്നിവ വിപണിയിലെ കച്ചവടച്ചരക്കുകളല്ല, മറിച്ച് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ്. സര്‍ക്കാരു കള്‍ക്കും അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഇടവകകളും കാരിത്താസ് പോലുള്ള സന്നദ്ധസംഘടനകളും സേവനങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം പ്രാദേശിക പങ്കാളികളുമായി സഹകരിക്കുന്നത് സഹായങ്ങള്‍ അര്‍ഹരായവരിലേക്ക് നേരിട്ട് എത്തിക്കാന്‍ സഹായിക്കും. പട്ടിണി നിര്‍മ്മാർജനം ചെയ്യുന്നത് കേവലം ഒരു കാരുണ്യപ്രവര്‍ത്തനമല്ല, മറിച്ച് ലോകത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമായ കാര്യമാണ്.

സംഘര്‍ഷങ്ങള്‍ക്കിടയിലും പ്രകൃതിദുരന്തങ്ങൾ ക്കിടയിലും ജീവന് സംരക്ഷണമൊരുക്കുവാന്‍, ഐക്യ രാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ-കാര്‍ഷിക സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും അയല്‍ക്കാരനെ സ്‌നേഹിക്കാനുമുള്ള സുവിശേഷ സന്ദേശം സഭയുടെയും ലോകഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളില്‍ ഒരുപോലെ പ്രതിഫലിക്കുന്നുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങള്‍ ഒന്നിക്കണം.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതു പോലെയുള്ള ദീര്‍ഘകാല പദ്ധതികള്‍ പ്രശംസാര്‍ഹമാണ്. അമിതമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി, ഒരു മനുഷ്യനും വിസ്മരിക്കപ്പെടാത്ത വിധം സഹായങ്ങള്‍ എത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യം ലോകരാജ്യങ്ങള്‍ക്കുണ്ടാകണം. മനുഷ്യന്റെ അന്തസ്സ് ദൈവദത്തമാണ്. അത് സംരക്ഷിക്കുന്നതിലാണ് രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും വിജയം ഇരിക്കുന്നത്. ലോകം മുഴുവന്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചിതമാകാനും എല്ലാവര്‍ക്കും ദൈനംദിന ഭക്ഷണം ലഭിക്കാനും ദൈവം അനുഗ്രഹിക്കട്ടെ.

  • (ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യപദ്ധതിയുടെ വാര്‍ഷികയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജൂണ്‍ 22-നു നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

logo
Sathyadeepam Online
www.sathyadeepam.org