ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി

ആദിവാസി കത്തോലിക്കാവനിതയുടെ
ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി
Published on

ബംഗ്ലാദേശിലെ ആദ്യത്തെ കത്തോലിക്കാ ആദിവാസി വനിതാ ജനപ്രതിനിധിയായ അന്ന മിഞ്ച്, ബജറ്റ് സമ്മേളനത്തിലെ തന്റെ ആദ്യ പ്രസംഗം, അവഗണന നേരിടുന്ന ആദിവാസി സമൂഹങ്ങളുടെ വികസനത്തിനായി വാദിക്കുന്നതിനുപയോഗിച്ചു. സഭാനേതാക്കള്‍ ഇതിന് അവരെ ശ്ലാഘിച്ചു. ദേശീയ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ ആദ്യമായി അവസരം ലഭിച്ച അന്ന മിഞ്ച്, സർവശക്തനായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. “ഇന്ന് ഞാന്‍ ഈ പാര്‍ലമെന്റില്‍ ബംഗ്ലാദേശിലെ സമതലപ്രദേശങ്ങളിലെ വംശീയ, ന്യൂനപക്ഷ വിഭാഗങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്,’’ എന്നും അവര്‍ പറഞ്ഞു.

വംശീയ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക വിഹിതം ബജറ്റില്‍ വർധിപ്പിച്ചിട്ടുണ്ടെന്ന കാര്യം അവര്‍ പരാമര്‍ശിച്ചു. ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയത്തില്‍ വംശീയ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള വിഹിതം വര്‍ധിപ്പിച്ചതിനെയും അവര്‍ സ്വാഗതം ചെയ്തു. അതേസമയം തന്നെ, ചില ആശങ്കകളിലേക്കും അവര്‍ ശ്രദ്ധ ക്ഷണിച്ചു. ഈ വിഹിതങ്ങള്‍ വംശീയ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ പാര്‍ശ്വ വൽക്കരിക്കപ്പെട്ടവരിലേക്കും യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവരിലേക്കും എത്തിച്ചേരണമെന്നും, എങ്കില്‍ മാത്രമേ അവര്‍ക്ക് യഥാര്‍ത്ഥ വികസനം സാധ്യമാകൂ എന്നും അവര്‍ പറഞ്ഞു.

ബംഗ്ലാദേശ് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ മാനവ വികസന കമ്മീഷന്‍ സെക്രട്ടറി ഹോളി ക്രോസ് ഫാ. ലിറ്റണ്‍ ഹ്യൂബര്‍ട്ട് ഗോമസ് മിഞ്ചിന്റെ പ്രസംഗത്തെ സ്വാഗതം ചെയ്തു. ആദിവാസികളുടെയും ക്രൈസ്തവരുടെയും ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാരണം കത്തോലിക്കരും മറ്റ് ക്രൈസ്തവരും രാജ്യത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം എന്നിവയില്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്, എന്നിട്ടും ആ സംഭാവനകള്‍ രാജ്യം അംഗീകരിക്കുന്നില്ല.

ഒറാവോണ്‍ ആദിവാസി സമൂഹത്തില്‍ നിന്നുള്ള നേതാവായ മിഞ്ച്, സംരംഭകത്വ-വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലാഭരഹിത സംഘടനയായ ബ്രാക് ഇന്റര്‍നാഷണലില്‍ മൂന്ന് പതിറ്റാണ്ടി ലേറെയായി നേതൃസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നോമിനിയായി വനിതാ സംവരണ സീറ്റുകളിലൊന്നിലേക്കാണ് മിഞ്ച് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലീം ഭൂരിപക്ഷമുള്ള ബംഗ്ലാദേശിലെ 18 കോടി ജനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് വിവിധ വംശീയ ന്യൂനപക്ഷങ്ങളിൽപ്പെട്ടവര്‍. ബാക്കി 99 ശതമാനവും ബംഗാളി വംശജരാണ്.

logo
Sathyadeepam Online
www.sathyadeepam.org