International

പ്രവാസി ക്രൈസ്തവര്‍ മടങ്ങിവരണമെന്ന് ഇറാഖി പ്രധാനമന്ത്രി

Sathyadeepam

വിദേശത്ത് കഴിയുന്ന ഇറാഖി ക്രിസ്ത്യാനികളോട് തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിവരാന്‍ ഇറാഖി പ്രധാനമന്ത്രി അലി ഫാലിഹ് അല്‍ സെയ്ദി ആഹ്വാനം ചെയ്തു. ഇറാഖ് വിടാന്‍ നിര്‍ബന്ധിതരായ ക്രിസ്ത്യാനി കളുടെ മടങ്ങിവരവ് തന്റെ സര്‍ക്കാരിന്റെ ഒരു ദേശീയ മുന്‍ഗണനയായി മാറിയിട്ടുണ്ടെന്ന് കല്‍ദായ പാത്രിയര്‍ക്കീസ് പോള്‍ മൂന്നാമന്‍ നോനയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ക്രിസ്ത്യന്‍ കുടുംബങ്ങളെ മടങ്ങിവരാന്‍ പ്രോത്സാഹിപ്പി ക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, രാജ്യത്തിന്റെ ഒരു ദശലക്ഷം റെസി ഡന്‍ഷ്യല്‍ ഭൂമി പ്ലോട്ട് പദ്ധതിയില്‍ അവര്‍ക്ക് യോഗ്യത നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതില്‍ പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിന്റെ ശക്തി അതിന്റെ വംശീയ, മത, സാംസ്‌കാരിക വൈവിധ്യത്തിലും ജനങ്ങളുടെ ഐക്യത്തിലുമാണ്. ഇറാഖി സമൂഹത്തിന്റെ സജീവവും അത്യന്താപേക്ഷിതവുമായ ഒരു ഘടകവും, ഭരണകൂടം കെട്ടിപ്പടുക്കുന്നതിലും ഇറാഖിന്റെ ചരിത്രവും ഭാവിയും രൂപപ്പെടുത്തുന്നതിലുമുള്ള ഒരു പ്രധാന പങ്കാളിയുമാണ് ക്രൈസ്തവര്‍ - പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ മുന്‍കൈകളെയും ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള അദ്ദേഹ ത്തിന്റെ പ്രതിബദ്ധതയെയും പാത്രിയര്‍ക്കീസ് നോന പ്രശംസിച്ചു. മൊസൂള്‍, കിര്‍കുക്ക്, കുര്‍ദിസ്ഥാന്‍ എന്നീ അതിരൂപതകളുടെ സുറിയാനി ഓര്‍ത്തഡോക്‌സ് ആർച്ചുബിഷപ് നിഖോദിമോസ് മാട്ടി ഷറഫ് ക്രിസ്ത്യാനികള്‍ മടങ്ങിവരാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തു. തങ്ങളുടെ പിതാക്കന്മാരുടെയും പൂർവികരുടെയും മണ്ണില്‍ ക്രിസ്ത്യന്‍ സമൂഹത്തിനുള്ള അര്‍ഹമായ സ്ഥാനത്തിനുള്ള ഔദ്യോഗിക അംഗീകാരം എന്ന് പ്രധാനമന്ത്രിയുടെ ക്ഷണത്തെ അദ്ദേഹം വിശേഷിപ്പിച്ചു.

അതോടൊപ്പം, ക്രിസ്ത്യാനികള്‍ ഇറാഖ് വിടാന്‍ ഇടയാക്കിയ കാരണങ്ങള്‍ പരിഹരിക്കുക എന്നതാണ് ഇതിലും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ചെയ്യാതിരുന്നാല്‍, ഈ ക്ഷണത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലേക്ക് സ്വന്തം പ്രതിനിധികളെ തിരഞ്ഞെടു ക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ഇന്നും പ്രത്യേകമായ വോട്ടര്‍ പട്ടികയില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപകമായ അഴിമതി, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഉള്ള പരിമിതി, തൊഴിലവസര ങ്ങളുടെ കുറവ് എന്നിവയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8