കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8
ഒരു വിശുദ്ധന്റെ ചരമദിനം മറ്റൊരാളുടെ ജന്മദിനമായിത്തീരുന്നു. ഫ്രെഡറിക് ഒസ്സാനാമിന്റെ ചരമദിനവും മാതാവിന്റെ ജന്മദിനവും ഒരേ ദിവസമാണ് നാം ആഘോഷിക്കുന്നത്. സഭ മൂന്നുപേരുടെ ജന്മദിനം മാത്രമാണ് ആഘോഷിക്കുന്നത് – ഈശോയുടെ, മാതാവിന്റെ, സ്‌നാപകയോഹന്നാന്റെ.

ഒരു കുടുംബത്തിലെ ഏറ്റവും ആനന്ദകരമായ സംഭവം ഒരു കുഞ്ഞിന്റെ ജനനമാണ്. അത് ഇന്നലെ ഈ ഭൂമിയില്‍ ഇല്ലായിരുന്നു; ഇന്ന് ഉണ്ടായിരിക്കുന്നു. രവീന്ദ്രനാഥ ടാഗോര്‍ പറയുന്നു: "ദൈവം മനുഷ്യ കുലത്തെക്കൊണ്ട് മടുത്തിട്ടില്ല എന്നതിന്റെ തെളിവാണ് ഓരോ പുതിയ പിറവിയും." ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ഒരു ശിശുവിന്റെ ജന്മദിനമാണ് നാം ഇന്ന് ആഘോഷിക്കുന്നത്. ലോകത്തിനു മുഴുവന്‍ പ്രതീക്ഷയും രക്ഷയുമായിട്ടാണ് അവള്‍ വന്നത്.

എല്ലാ വിശുദ്ധന്മാരെക്കാളും വിശുദ്ധയായിരുന്നു അവള്‍. കാരണം, ദൈവപുത്രന്റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവളായിരുന്നു അവള്‍. പിതാവായ ദൈവം പോലും അവളുടെ പിറവിയില്‍ സന്തോഷിച്ചു. കാരണം, അവളിലാണ് തന്റെ പുത്രന്‍ മാംസരക്തങ്ങള്‍ സ്വീകരിച്ച് വളര്‍ന്ന് ലോകരക്ഷയ്ക്കുവേണ്ടി പിറക്കാനിരിക്കുന്നത്. പുത്രനെ സംരക്ഷിക്കാനുള്ള അരുളിക്കയാണ് അവള്‍.

മേരിയുടെ ജനനം എവിടെയായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ല. ജറൂസലമായിരുന്നെന്ന് പാരമ്പര്യം പറയുന്നു. ഏതായാലും പൗരസ്ത്യനാടുകളിലാണ് ഈ തിരുനാളാഘോഷം തുടങ്ങിയത്. അഞ്ചാം നൂറ്റാണ്ടില്‍ ജറൂസലത്തായിരുന്നു ആദ്യത്തെ തിരുനാളാഘോഷം. ഏഴാം നൂറ്റാണ്ടില്‍ റോമിലും മറിയത്തിന്റെ ജനനത്തിരുനാളാഘോഷം തുടങ്ങി.

മറിയം സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിയാണ്. ഇതിലെ ദൈവം ഇറങ്ങിവന്നത് മനുഷ്യര്‍ ഇതുവഴി സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോകാനാണ്.
വിശുദ്ധ അംബ്രോസ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org