സ്‌പെയിനില്‍ ബാര്‍സിലോണയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച പീറ്റര്‍ ഇരുപതാമത്തെ വയസ്സില്‍ ഈശോസഭയില്‍ ചേര്‍ന്നു. മജോര്‍ക്ക ദ്വീപിലായിരുന്നു നൊവീഷ്യേറ്റ്. ജസ്യൂട്ട് കോളേജില്‍ ഗെയിറ്റ് കീപ്പറായിരുന്ന വി. അല്‍ഫോന്‍സസ് റൊഡ്രിഗ്‌സാണ് അമേരിക്കയില്‍ പോയി മിഷന്‍ പ്രവര്‍ത്തനം നടത്താന്‍ പീറ്ററിന് പ്രചോദനം നല്‍കിയത്. 1610-ല്‍ അദ്ദേഹം മദ്ധ്യ അമേരിക്കയിലെ കാര്‍ത്തജീനയിലെത്തി. അവിടെ വച്ച് പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് നാല്പത്തിനാലു വര്‍ഷം ആ തുറമുഖ പട്ടണത്തില്‍ത്തന്നെ താമസിച്ചുകൊണ്ട് അദ്ദേഹം നീഗ്രോ അടിമകളുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തി.
ആഫ്രിക്കയിലെ ചില രാജാക്കന്മാര്‍ അവരുടെ ആശ്രിതരെയും തടവുപുള്ളികളെയും വെള്ളക്കാര്‍ക്ക് അടിമകളായി വിറ്റിരുന്നു. അടിമകള്‍ക്ക് ആത്മാവില്ലെന്നു പോലും പ്രചരിപ്പിച്ചിരുന്ന ഒരു കാലമായിരുന്നു അതെന്നോര്‍ക്കണം. മൂന്നുമാസം വേണം ഈ അടിമകള്‍ മദ്ധ്യ അമേരിക്ക യിലെത്താന്‍. അടിമക്കപ്പലുകളില്‍ ആളുകളെ തിക്കിനിറച്ചാണു വിടുക. ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെയും, രോഗം ബാധിച്ചും അമേരിക്ക യിലെത്തുമ്പോഴേക്കും പകുതിപേരും മരിച്ചിരിക്കും.
ശേഷിച്ചിരിക്കുന്നവരെ നല്ല തുകയ്ക്ക് വെള്ളക്കാര്‍ക്ക് വില്‍ക്കും.
ഇങ്ങനെ അമേരിക്കയിലെത്തുന്ന നീഗ്രോ അടിമകളുടെ കാര്യത്തില്‍ അനുകമ്പ തോന്നി സഹായിക്കാനെത്തിയ ആദ്യത്തെ വെള്ളക്കാരനായിരിക്കാം ഫാ. പീറ്റര്‍. ഭാഗ്യഹീനരായ അടിമകള്‍ തുറമുഖത്തെത്തുമ്പോഴേക്കും ഭക്ഷണവും മരുന്നും വസ്ത്രവുമൊക്കെയായി ഫാ. പീറ്ററും സഹപ്രവര്‍ത്തകരും എത്തിയിരിക്കും അടിമകളെ കപ്പലില്‍ ബന്ധിച്ചിരിക്കും.
ചിലര്‍ക്ക് അന്ത്യകൂദാശയും നല്‍കേണ്ടിവരും.
രക്ഷപെട്ടവര്‍ക്കു ആത്മീയവും ശാരീരികവുമായ സഹായങ്ങള്‍ നല്‍കാന്‍ ഫാ. പീറ്ററും സംഘവും എപ്പോഴും സന്നദ്ധരായുണ്ടാകും. അങ്ങനെ അദ്ദേഹം ശുശ്രൂഷിച്ച അടിമകളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നിരുന്നു.
എല്ലാ മാസവും എത്തുന്ന കപ്പലിലുള്ളവരെ ശുശ്രൂഷിക്കുന്നതിനു പുറമെ, ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കു യാത്രചെയ്ത്, താന്‍ മാനസാന്തരപ്പെടുത്തിയവരുടെ കാര്യങ്ങള്‍ വീണ്ടും അന്വേഷിച്ചുകൊണ്ടിരിക്കും. വിവാഹങ്ങളും കുട്ടികളുടെ മാമ്മോദീസായും മറ്റും ആഘോഷമായി നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു.
1654 സെപ്തംബര്‍ 8 ന് പീറ്റര്‍ ക്ലാവെര്‍ അന്തരിച്ചു. 1888-ല്‍ വി. അല്‍ഫോന്‍സസ് റൊഡ്രിഗ്‌സിനൊപ്പം പീറ്റര്‍ ക്ലാവെറും, പോപ്പ് ലിയോ പതിമൂന്നാമനാല്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടു. 1896-ല്‍ എല്ലാ കത്തോലിക്കാ മിഷന്റെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാക്കുകയും ചെയ്തു.