ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ആളെന്ന പദവി ഈയിടെ സ്വന്തമാക്കിയ സിസ്റ്റര്‍ ആന്ദ്രെയുടെ ആഗ്രഹം പക്ഷേ അതിലൊതുങ്ങുന്നില്ല. 122 വയസ്സു തികച്ച് ജീന്‍ കാല്‍മെന്റിന്റെ റെക്കോഡ് മറികടക്കുക എന്നതാണത്. 1997 ലായിരുന്നു 122-ാം വയസ്സില്‍ ജീന്‍ കാല്‍മെന്റിന്റെ മരണം. ഇരുവരും ഫ്രഞ്ച് വനിതകളാണെന്ന സാമ്യവും ഉണ്ട്.
ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസസമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ ആന്ദ്രെ രണ്ടു ലോകമഹായുദ്ധങ്ങള്‍, 1918 ലെ പകര്‍ച്ചവ്യാധിയായ സ്പാനിഷ് ഫ്‌ളൂ എന്നിവ കൂടാതെ കോവിഡിനെയും മറികടന്നു. 2021 ല്‍ സിസ്റ്ററെ കോവിഡ് ബാധിച്ചുവെങ്കിലും കാര്യമായ ലക്ഷണങ്ങളില്ലാതെ അതിനെ അതിജീവിച്ചു. സിസ്റ്റര്‍ കഴിയുന്ന കെയര്‍ വിശ്രമമന്ദിരത്തിലെ 88 പേരില്‍ 81 പേര്‍ക്കും കോവിഡ് ബാധിക്കുകയും പത്തു പേര്‍ മരണമടയുകയും ചെയ്തിരുന്നു. എന്നാല്‍ ഭയത്തിന്റെ നേരിയ ലക്ഷണം പോലും സിസ്റ്റര്‍ പ്രകടിപ്പിച്ചില്ലെന്നും മറ്റുള്ളവരുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും വിശ്രമമന്ദിരത്തിന്റെ അധികാരികള്‍ പറഞ്ഞു.
ആളുകള്‍ക്ക് ഏറ്റവുമധികം ആയുര്‍ദൈര്‍ഘ്യമുള്ള 'നീലമേഖലകള്‍' ആയി കരുതപ്പെടുന്നത് ജപ്പാനിലെ ഒകിനാവയും ഇറ്റാലിയന്‍ ദ്വീപായ സാര്‍ദീനിയയും ആണ്. സിസ്റ്റര്‍ ആന്ദ്രെ കഴിയുന്ന ഫ്രാന്‍സ് ഈ വിഭാഗത്തില്‍ പെടുന്നില്ലെങ്കിലും ആയുര്‍ദൈര്‍ഘ്യം കുറവല്ല. 100 വയസ്സു പിന്നിട്ട മുപ്പതിനായിരം പേര്‍ ഫ്രാന്‍സിലുണ്ട്. ഇവരില്‍ നാല്‍പതോളം പേര്‍ 110 വയസ്സു കഴിഞ്ഞവരാണ്.