International

ഈശോസഭക്കാരുടെ കൂട്ടക്കൊല: പുനരന്വേഷണത്തിന് സാല്‍വദോര്‍ കോടതി ഉത്തരവിട്ടു

Sathyadeepam

1989-ല്‍ ആറ് ഈശോസഭാ വൈദികരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ എല്‍സാല്‍വദോറിലെ കോടതി ഉത്തരവിട്ടു. വൈദികര്‍ക്കൊപ്പം അവരുടെ ഒരു ജീവനക്കാരിയും മകളും കൊല്ലപ്പെട്ടിരുന്നു. സാല്‍വദോറിലെ ആഭ്യന്തരയുദ്ധത്തിനിടെയായിരുന്നു ഈ കൊലപാതകങ്ങള്‍. യുദ്ധകാല കുറ്റകൃത്യങ്ങളെ വീണ്ടും അവലോകന വിധേയമാക്കേണ്ടതുണ്ടെന്ന ചിന്ത സാല്‍വദോറില്‍ വ്യാപകമാകുന്നുണ്ട്. വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ് ഓസ്കര്‍ റൊമേരോയെ ഈ ഒക്ടോബറില്‍ വിശുദ്ധനായി പ്രഖ്യാപിക്കുന്നതും ഈ ചിന്തകള്‍ക്കു പ്രേരണയാകുന്നുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ആര്‍ച്ചുബിഷപ്പും ഈ ആഭ്യന്തരസംഘര്‍ഷങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടതാണ്.

യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ അമേരിക്കയിലാണ് 6 ഈശോസഭാ വൈദികര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 5 പേരും സ്പെയിന്‍ സ്വദേശികളായിരുന്നു. അന്നത്തെ സാല്‍വദോര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥരായിരുന്നു കൊലയ്ക്ക് ഉത്തരവാദികള്‍. 1993-ല്‍ നല്‍കിയ ഒരു പൊതുമാപ്പിന്‍റെ പേരില്‍ ഇവര്‍ കൊലകളുടെ ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപ്പെട്ടു കഴിയുകയായിരുന്നു. സ്പാനിഷ് ഗവണ്‍മെന്‍റ് ഇവരെ വിചാരണയ്ക്കായി വിട്ടു തരണമെന്ന് സാല്‍വദോറിനോട് ആവശ്യപ്പെട്ടുപോന്നിരുന്നെങ്കിലും നടപ്പായില്ല. എന്നാല്‍ 2016-ല്‍ സാല്‍വദോറിലെ സൂപ്രീം കോടതി ഈ പൊതുമാപ്പ് അസാധുവായി പ്രഖ്യാപിച്ചു.

ആഭ്യന്തരയുദ്ധത്തിന് സംഭാഷണങ്ങളിലൂടെ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവരായിരുന്നു ഈശോസഭാ വൈദികര്‍. ഇക്കാരണത്താല്‍ ഇവര്‍ വിമതരുമായി സഹകരിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയ സൈന്യം ഇവരെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു. സൈനികാധികാരികളുടെ ആ ഉത്തരവാണ് നടപ്പിലാക്കപ്പെട്ടത്. അധികാരികള്‍ ഒരിക്കലും നിയമത്തിനു മുമ്പില്‍ വന്നില്ല. കൊല നടപ്പാക്കിയ 9 സൈനികരില്‍ രണ്ടു പേരെ മാത്രമാണ് ജയില്‍ ശിക്ഷയ്ക്കു വിധിച്ചത്. അവരും പക്ഷേ വെറും ഒന്നേകാല്‍ വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുശേഷം 1993 ലെ പൊതുമാപ്പിന്‍റെ പിന്‍ബലത്തില്‍ ജയില്‍ മോചിതരാകുകയായിരുന്നു. ഇതേകുറിച്ചെല്ലാം കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്നാണ് ഇപ്പോള്‍ കോടതി തന്നെ നിര്‍ദേശിച്ചിരിക്കുന്നത്. സാല്‍ദോറിലെയും സ്പെയിനിലെയും മനുഷ്യാവകാശപ്രവര്‍ത്തകര്‍ നിരന്തരമായി ഉന്നയിച്ചു പോന്നിരുന്ന ആവശ്യവുമാണിത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്