International

ഒര്‍ട്ടേഗായ്ക്ക് പ്രവാസി മെത്രാന്റെ രൂക്ഷവിമര്‍ശനം

Sathyadeepam

സഭയെ കുറ്റപ്പെടുത്തിക്കൊണ്ട് നിക്കരാഗ്വന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗാ നടത്തിയ പ്രസംഗത്തെ മാനഗുവ രൂപതയുടെ സഹായമെത്രാന്‍ ബിഷപ് സില്‍വിയോ ബയസ് രൂക്ഷമായി വിമര്‍ശിച്ചു. ഒര്‍ട്ടേഗാ രാജ്യഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി കഴിയുകയാണ് ബിഷപ് ബയസ്. അഴിമതിക്കാരനും കുറ്റവാളിയുമാണ് ഒര്‍ട്ടേഗായെന്നു ബിഷപ് ബയസ് പ്രസ്താവിച്ചു.

ഗറില്ലാ നേതാവായിരുന്ന ജനറല്‍ അഗസ്റ്റോ സാന്‍ഡിനോയുടെ ചരമവാര്‍ഷികാചരണ വേളയിലാണ് ഒര്‍ട്ടേഗാ സഭക്കെതിരെ ദുരാരോപണങ്ങളുന്നയിച്ചത്. നിക്കരാഗ്വയിലെ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ സഭയില്‍ ജനാധിപത്യമില്ലെന്നു പറഞ്ഞാണ് ഒര്‍ട്ടേഗാ പ്രതിരോധിച്ചത്. മെത്രാന്മാരെയും കാര്‍ഡിനല്‍മാരെയും ജനങ്ങള്‍ വോട്ടിനിട്ടു തിരഞ്ഞെടുക്കുന്നതാണു ജനാധിപത്യമെന്നും മെത്രാന്മാരും കാര്‍ഡിനല്‍മാരും മാഫിയ പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നും ഒര്‍ട്ടേഗാ പറഞ്ഞു.

ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനു ബിഷപ് റൊളാണ്ടോ അല്‍വാരെസിനെ 26 വര്‍ഷം തടവുശിക്ഷക്കു വിധിച്ചതു കഴിഞ്ഞ മാസമാണ്. ഇരുനൂറില്‍ പരം രാഷ്ട്രീയതടവുകാരോടൊപ്പം അമേരിക്കയിലേക്കു നാടുകടത്താനുള്ള നീക്കത്തോടു സഹകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചത്. അതിനു മുമ്പേ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.

വത്തിക്കാന്റെ സ്ഥാനപതിയെയും മദര്‍ തെരേസായുടെ സിസ്റ്റേഴ്‌സിനെയും നിക്കരാഗ്വയില്‍ നിന്നു പുറത്താക്കിയിരിക്കുകയാണ്.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും