International

8 വര്‍ഷത്തിനു ശേഷം മോസുളില്‍ വീണ്ടും പള്ളിമണികള്‍ മുഴങ്ങി

Sathyadeepam

ഇറാഖിലെ മോസുളില്‍ സെ. പോള്‍ കല്‍ദായ കത്തോലിക്കാ കത്തീഡ്രലില്‍ പള്ളിമണികള്‍ മുഴങ്ങിയപ്പോള്‍, ആ വിശ്വാസിസമൂഹത്തിനു എട്ടു വര്‍ഷം മുമ്പത്തെ ഓര്‍മ്മകളിലേയ്ക്കുള്ള മടക്കമായി അത്. എട്ടു വര്‍ഷവും ഒരു മുസ്ലീം കുടുംബം ഒളിവില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ പള്ളിമണി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ മോസുള്‍ കീഴ്‌പ്പെടുത്തുകയും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.

പുനഃസ്ഥാപിച്ച പള്ളിമണി ആദ്യമായി മുഴങ്ങിയപ്പോള്‍ അതു കേള്‍ക്കാന്‍ നിനവേ പ്രദേശത്തുനിന്നുള്ള വിശ്വാസികളെല്ലാം കത്തീഡ്രലില്‍ എത്തിയിരുന്നു. മണി മുഴക്കുന്നതിനു മുന്നോടിയായി നടന്ന പ്രദക്ഷിണത്തിന് മോസുള്‍ ആര്‍ച്ചുബിഷപ് നജീബ് മൈക്കിള്‍ നേതൃത്വം നല്‍കി. അക്രമങ്ങളെ തള്ളിപ്പറയാനും ഹൃദയങ്ങളെ ഐക്യപ്പെടുത്താനുമുള്ള ക്ഷണമാണ് പള്ളിമണികളുടെ നാദം നല്‍കുന്നതെന്ന് ആര്‍ച്ചുബിഷപ് പ്രസ്താവിച്ചു. മോസുള്‍ സ്വദേശികളായിരുന്ന എല്ലാവരും തങ്ങളുടെ ജന്മദേശത്തേയ്ക്കു തിരികെ വരികയും സ്വന്തം നാടിന്റെ മാറില്‍ സുരക്ഷിതത്വം അനുഭവിക്കാനുള്ള ധാര്‍മ്മികാവകാശം ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെയെന്ന് ആര്‍ച്ചുബിഷപ് ആശംസിച്ചു.

2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്ന് മോസുളിലെ ക്രൈസ്തവരെല്ലാം മറ്റു നാടുകളിലേയ്ക്കു പലായനം ചെയ്തിരുന്നു. 2017 വരെ ഐസിസ് അധിനിവേശം തുടര്‍ന്നു. പിന്നീട് ഇറാഖി സൈന്യം മോസുളിന്റെ നിയന്ത്രണം വീണ്ടെടുത്തുവെങ്കിലും ജനങ്ങളെല്ലാവരും മടങ്ങി വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുകയും മോസുളിലെ കത്തീഡ്രലില്‍ കല്‍ദായ റീത്തില്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിനു മുമ്പു ഇറാഖിലെ ക്രൈസ്തവരില്‍ മൂന്നില്‍ രണ്ടും കല്‍ദായ കത്തോലിക്കാസഭാംഗങ്ങളായിരുന്നു.

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ