ഇ എ ജോസ്, ചേർത്തല
2026 ജൂലൈ 8 ന് പാഴ് ചെലവുകൾ സംബന്ധിച്ച് ശ്രീ. ആന്റണി ചടയംമുറിയുടെ ലേഖനം അർഥവത്തും ബന്ധപ്പെട്ടവർ ശിരസ്സാ വഹിക്കേണ്ടതുമാണ്. ഒരു പാഴ് ചെലവുകൂടി ശ്രദ്ധയിൽപ്പെടുത്താനാഗ്രഹിക്കുന്നു. ബഹു. ഇന്ത്യാ ഗവൺമെന്റിനും വലിയ സ്റ്റേറ്റായ യു പിയ്ക്കും പി എസ് സി മെമ്പർമാർ ചെയർമാനുൾപ്പെടെ 9 പേരാണുള്ളത്. നമ്മുടെ കൊച്ചു സംസ്ഥാനത്തു മാത്രം ജംമ്പോ പി എസ് സി - 21 അംഗങ്ങൾ. ചെയർമാന് 4.10 ലക്ഷം രൂപയും മെമ്പർമാർക്ക് 4 ലക്ഷവും. മറ്റ് തെന്നിന്ത്യൻ സ്റ്റേറ്റുകളുടെ കാര്യം പരിശോധിക്കാം.
സംസ്ഥാനം - അംഗങ്ങൾ - ശമ്പളം (ചെയർമാൻ, മെമ്പർമാർ)
മഹാരാഷ്ട്ര - 6 - 2.25 ലക്ഷം - 2 ലക്ഷം
കർണ്ണാടക - 10 - 2.50 ലക്ഷം - 2.25 ലക്ഷം
തമിഴ്നാട് - 15 - 2.25 - 2.18 ലക്ഷം
ധനസ്ഥിതിയെപ്പറ്റി വ്യാകുലപ്പെടുന്ന ബഹു. മുഖ്യമന്ത്രി നിലവിലുള്ള 5 ഒഴിവുകൾ നികത്താതെ മെമ്പർമാരുടെ എണ്ണവും ശമ്പളവും വെട്ടിച്ചുരുക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. മുൻ മന്ത്രിസഭ സ്വന്തം കീശയിൽ നിന്നെന്ന പോലെ ഇഷ്ടക്കാർക്ക് വാരിക്കോരി നല്കുകയായിരുന്നു! ഉന്നത വിദ്യാഭ്യാസ മന്ത്രി അവർ ജോലി ചെയ്തിരുന്ന കേരള വർമ്മ കോളേജിന് 30 കോടി പൈതൃക കോളേജിന് ഗ്രാന്റ് അനുവദിച്ചിരുന്നു (നാലു പൈതൃക കോളേജുകൾ മാത്രമാണുള്ളത് - കേരള യൂണിവേഴ്സിറ്റി കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്). കേരള വർമ്മ കോളേജ് 1947-ൽ മാത്രമാണ് സ്ഥാപിതമായത്. തൃശൂർ ജില്ലയിൽ തലയെടുപ്പോടെ വിരാജിക്കുന്ന സെന്റ് തോമസ് കോളേജ് നൂറ്റാണ്ടു പിന്നിട്ട കോളേജാണ്. പനമ്പിള്ളി ഗോവിന്ദ മേനോൻ, സി. അച്യുതമേനോൻ ഇ.എം.എൻ. നമ്പൂതിരിപ്പാട്, കെ.എം. ജോർജ് എന്നിവർ വിദ്യാർഥികളായിരുന്നു. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരിയും, ഇടക്കാല ധനകാര്യമന്ത്രി എൻ. ജെ. ശേഷനും ഒന്നാം പിണറായി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയും ഇപ്പോൾ എം.എൽ.എ.യുമായി രവീന്ദ്രനാഥ് സാറും അവിടെ അധ്യാപകരായിരുന്നു.
ഞാൻ കുറച്ചുനാൾ പി ഡബ്യൂ ഡി ചീഫ് എഞ്ചിനീയർ ഓഫീസിൽ എൽ ഡി സി ആയിട്ട് വർക്ക് ചെയ്ത കാലത്ത് 1970-ൽ പി എസ് സി മെമ്പാറായിട്ടു ചീഫ് എഞ്ചനീയറായിരുന്ന ശ്രീ. ടി പി ജോസഫ് പി എസ് സി മെമ്പറായി നിയമിതനായിരുന്നു. എന്റെ ഓഫീസ് മേധാവിയായിരുന്നു. ഇത്ര കൃത്യനിഷ്ഠയും സത്യസന്ധതയുമുള്ള ഒരാൾ അതിനുശേഷം പി എസ് സി മെമ്പറായി വന്നിട്ടില്ല. എന്റെ സ്നേഹിതൻ പരേതനായ പ്രൊഫ. ആന്റണി ഐസക് കുറഞ്ഞ കാലഘട്ടത്തിൽ മെമ്പറായി രാജിവച്ചു.
പതിനൊന്നാം ശമ്പള കമ്മീഷൻ കെ. മോഹൻദാസ് പി എസ് സി മെമ്പർമാർക്കുള്ള യോഗ്യത നിശ്ചയിച്ചി ട്ടുണ്ട് - “കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ചവരായിരി ക്കണം.” ഇത് ടി പി ജോസഫ് സാറിനെ കണ്ടുകൊണ്ടായിരിക്കണം.
ബഹു. ഗവ. അടിയന്തരമായി പി എസ് സി ശുദ്ധീകരിക്കുന്നതോടൊപ്പം അംഗങ്ങളുടെ വലിപ്പവും ശമ്പളത്തിന്റെ വലുപ്പവും വെട്ടിച്ചുരുക്കണം. യോഗ്യത 10 പാസാകണമെന്നില്ല എന്ന മനോരമ റിപ്പോർട്ടു (ജൂലൈ 9, പേജ് 8) വിദ്യാസമ്പന്നരായ കേരളീയരെ അപമാനിക്കുന്നതിനു തുല്യമാണ്.