Letters

ക്രിസ്തുതടഞ്ഞ യോഹന്നാനെ സഭ വളര്‍ത്തുന്നതെന്തുകൊണ്ട്?

Sathyadeepam

എത്രയും ചുരുങ്ങുന്നുവോ 'വാക്കുകള്‍' അത്രയും ശക്തമാകുമെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അത് ശരിയാണെന്ന് ഉറപ്പിക്കുന്ന ഒരു വരി സത്യദീപത്തിന്റെ ഈ കഴിഞ്ഞ ലക്കത്തിലെ എഡിറ്റോറിയലില്‍ കണ്ടു. 'ക്രിസ്തു തടഞ്ഞ യോഹന്നാനെ സഭയും തടയണം.' നവ മാധ്യമങ്ങളില്‍ ഈ എഡിറ്റോറിയലിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ധാരാളം ഉയര്‍ന്നത്, ഈ വാക്കുകള്‍ ചില അവിശുദ്ധ ഇടങ്ങളില്‍ ശക്തിയോടെ ചെന്ന് തട്ടി എന്നതിന് തെളിവാണ്. കാലം അത്ര കെട്ടുപോയിട്ടില്ല എന്നതിന്റെ നല്ല സൂചനയായി ഇതിനെ എടുക്കാം. കാരണം ഉത്തരവാദിത്വപ്പെട്ട സഭാനേതൃത്വം അടച്ചുപൂട്ടപ്പെട്ട കണ്ടെയ്ന്റ്‌മെന്റ് സോണുകളായി സമുദായ താല്‍പ്പര്യങ്ങളെ വളര്‍ത്തുന്നതിനെയും, വചന പ്രഘോഷണമെന്ന ക്രിസ്തുദൗത്യം അപരവിദ്വേഷം വളര്‍ത്താന്‍ ഉപയോഗിക്കുന്നതിനെയും രൂക്ഷമായി വിമര്‍ശിക്കുക മാത്രമല്ല, സര്‍വ്വ സാഹോദര്യം സകലരോടും പ്രഘോഷിക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമാണ് ക്രൈസ്തവന്റേതെന്ന് ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്താണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
ലോകത്തിലെവിടെയും എന്നതുപോലെ, സാമൂഹിക രാഷട്രീയ മേഖലയില്‍ വ്യക്തമായ സ്ഥാനം കേരളസഭയ്ക്ക് ഈ മണ്ണിലുമുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഭരണ രാഷ്ട്രീയ നേതൃത്വത്തെയും, അണികളുടെയും അല്മായരുടെയും രാഷ്ട്രീയ നിലപാടുകളെയും സ്വാധീനിക്കാന്‍ സഭാനേതൃത്വത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ അധികാര ദുര്‍വിനിയോഗമെന്ന അവനവന്‍ കടമ്പയില്‍ തട്ടി നേതൃത്വം വീണതോടെ, വടക്കേ ഇന്‍ഡ്യയെ മാതൃകയാക്കി ആത്മീയനേതൃത്വം ആള്‍ ദൈവങ്ങളെ ഏല്‍പ്പിച്ച് ചുറ്റുമുള്ള മനുഷ്യരെക്കുറിച്ച് അനാവശ്യ ഭയം ജനിപ്പിച്ച് ഭയപ്പെടുത്തി ഒരുമിച്ച് കൂട്ടി ഭരിക്കാമെന്ന വിഡ്ഡിത്തമാണ് ഈ കഴിഞ്ഞ നാളുകളില്‍ കേരളസഭയില്‍ നടന്നത്. സത്യത്തിന്റെ വെട്ടം ഉലഞ്ഞു തുടങ്ങുന്ന ഈ കാലഘട്ടത്തില്‍ ഉത്തരവാദിത്വമുള്ള ഈ ചൂണ്ടുവിരല്‍ ഇനിയും ഉയരട്ടെ എന്നാശംസിക്കുന്നു. വാക്കുകള്‍ക്ക് സത്യത്തിന്റെ ആര്‍ജ്ജവമുണ്ടെങ്കില്‍ അത് ഇരുതലവാളായ് കൊള്ളേണ്ട ഇടങ്ങളില്‍ കൊള്ളും. വഴിതെറ്റി തുടങ്ങി എന്ന് ചൂണ്ടിക്കാട്ടാന്‍ പോലും ആരുമില്ലാതായ് പോകുന്ന അത്രയും കെട്ട കാലമല്ല ഇന്ന് എന്നതില്‍ സന്തോഷം.

മരിയ ജോസ് മേച്ചേരി

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം