വിശുദ്ധ ഹിലാരിയോന്‍ (291-371) : ഒക്‌ടോബര്‍ 21

വിശുദ്ധ ഹിലാരിയോന്‍ (291-371) : ഒക്‌ടോബര്‍ 21
Published on
പലസ്തീനായില്‍ ഗാസായുടെ സമീപമാണ് ഹിലാരിയോന്റെ ജന്മസ്ഥലം. പേഗന്‍ മാതാപിതാക്കളില്‍ നിന്നു ജനിച്ച അദ്ദേഹം അലക്‌സാണ്ഡ്രിയായിലും ഈജിപ്തിലും വിദ്യാഭ്യാസം ചെയ്തു. അവിടെ വച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍, മഹാനായ സന്ന്യാസി വി. ആന്റണിയെ മരുഭൂമിയിലുള്ള അദ്ദേഹത്തിന്റെ ആശ്രമത്തില്‍ പോയി കണ്ട് പ്രായശ്ചിത്തം നിറഞ്ഞ ധ്യാനാത്മകജീവിതത്തെപ്പറ്റിയുള്ള ഉപദേശങ്ങള്‍ ശ്രവിച്ച് രണ്ടുമാസം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു.
പലസ്തീനായില്‍ തിരിച്ചെത്തിയപ്പോഴേക്കും മാതാപിതാക്കള്‍ മരിച്ചുകഴിഞ്ഞിരുന്നു.

അതുകൊണ്ട് തന്റെ സ്വത്തുക്കളെല്ലാം വിറ്റ് ഒരു വീതം പാവങ്ങള്‍ക്കും, ബാക്കി സ്വന്തക്കാര്‍ക്കും നല്‍കിയിട്ട്, ഗാസായുടെ സമീപത്തുള്ള മജൂമാ മരുഭൂമിയില്‍ ഒരു ചെറിയ കുടിലുകെട്ടി, തികച്ചും ദരിദ്ര നായി, കടുത്ത സന്ന്യാസജീവിതം ആരംഭിച്ചു. പലസ്തീനായിലെ ആദ്യത്തെ അറിയപ്പെടുന്ന സന്ന്യാസിയാണ് അദ്ദേഹം. സ്വന്തം കാര്യങ്ങള്‍ നടത്താനായി അദ്ദേഹം തനിയെ കുട്ട നെയ്തു വിറ്റു. പച്ചക്കറികള്‍ കൃഷി ചെയ്തു. സൂര്യാസ്തമനത്തിനു ശേഷമായിരുന്നു ഭക്ഷണം. റൊട്ടിയുടെ ഒരു കഷണവും കുറച്ചു പച്ചക്കറികളും മാത്രം. ഉണര്‍ന്നിരുന്ന സമയം മുഴവന്‍ പ്രാര്‍ത്ഥനയും ധ്യാനവും.
ദൈവം ഹിലാരിയോന് അത്ഭുതങ്ങള്‍ ചെയ്യാനുള്ള വരങ്ങള്‍ നല്‍കി. അങ്ങനെ രോഗികളെ സുഖപ്പെടുത്തുകയും ഭൂതാവിഷ്ടരെ രക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുകള്‍ കേട്ടറിഞ്ഞ് ആളുകള്‍ ഓടിക്കൂടി. അതോടെ അദ്ദേഹത്തിന്റെ ഏകാന്തത നഷ്ടപ്പെട്ടു. എങ്കിലും അനേകര്‍ വിശ്വാസം സ്വീകരിച്ചു. തന്റെ ശിഷ്യത്വം സ്വീകരിച്ചവര്‍ തനിക്കു ചുറ്റും തമ്പടിച്ചതോടെ അദ്ദേഹം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാനം ഒരു നിരാഹാര സമരത്തിലൂടെ അദ്ദേഹം ആഗ്രഹം സാധിച്ചെടുത്തു.
അറുപത്തൊമ്പതാമത്തെ വയസ്സിലാണ് ഹിലാരിയോന്‍ ആദ്യമായി ഈജിപ്തില്‍ തിരിച്ചെത്തിയത്. തന്റെ ഗുരുവായ വി. ആന്റണിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം വീണ്ടും സന്ദര്‍ശിച്ചു. കാരണം, അഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം നിര്യാതനായിരുന്നു. ജൂലിയന്‍ മതപീഡനത്തില്‍ നിന്ന് തന്റെ ശിഷ്യരെ രക്ഷപ്പെടുത്തിക്കൊണ്ട് അദ്ദേഹം ലിബിയന്‍ മരുഭൂമിയിലെത്തി. അവിടെ നിന്ന് സിസിലിയില്‍ പോയി ഏകാന്തമായ സന്ന്യാസ ജീവിതം തുടര്‍ന്നു. പക്ഷേ, ഒരു ശിഷ്യന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയതോടെ അവിടത്തെ ഏകാന്തവാസവും അവസാനിച്ചു.
പുതിയ ഒരു സങ്കേതം, ആരാധകരുടെയും ശിഷ്യരുടെയും ശല്യമുണ്ടാകാത്ത ഒരു സ്ഥലം, തേടി അദ്ദേഹം ദാല്‍മേസ്യയിലും (യുഗോസ്ലാവിയ) പിന്നീടു സൈപ്രസ് ദ്വീപിലും ചെന്നെത്തി. അവിടെ ഒരു ഗുഹയില്‍, എണ്‍പതാമത്തെ വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മൃതശരീരം മജൂമായില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു.
വി. ജറോമാണ് വി. ഹിലാരിയോന്റെ ജീവചരിത്രം രചിച്ചത്. പൗരസ്ത്യസഭയിലെ, രക്തസാക്ഷിയല്ലാത്ത ആദ്യത്തെ വിശുദ്ധനാണ് വി. ഹിലാരിയോന്‍; പാശ്ചാത്യസഭയിലെ ആദ്യത്തെ വിശുദ്ധന്‍ ടൂര്‍സിലെ വി. മാര്‍ട്ടിനുമാണ്.

വൃക്ഷത്തില്‍ നിന്നു ഫലം പറിക്കുമ്പോള്‍ ഒരു കൈ കൊണ്ട് വൃക്ഷത്തില്‍ ബലമായി, താഴെ വീണു പോകാതെ പിടിക്കുന്നതുപോലെ, ദൈവത്തെ ബലമായി പിടിക്കൂ; ജീവന്റെ വൃക്ഷമാണത്.
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേറിയോണ്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org