സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന എല്ലാ രൂപതകളിലും നടപ്പാക്കാനുള്ള സിനഡ് തീരുമാനം എറണാകുളം അങ്കമാലി അതിരൂപതയിലൊഴിച്ച് ബാക്കി 34 രൂപതകളിലും നടപ്പിലാക്കി എന്നാണ് സഭയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ നടപ്പാക്കിയ രൂപതകളില്‍ പോലും കാര്യങ്ങള്‍ പൂര്‍ണ്ണമായും ഏകീകൃതമായിട്ടില്ലെന്നതാണ് വാസ്തവം.
അല്പകാലത്തിനു മുമ്പുണ്ടായിരുന്ന ഐക്യം പോലും ഇന്നില്ല. എന്റെ ഇടവകയില്‍ ഇപ്പോള്‍ ഞായറാഴ്ച കുര്‍ബാനയില്‍ സുറിയാനി ഗീതങ്ങള്‍ കൂടുതലായി കേള്‍ക്കുന്നു. പുക്ദാനകോന്‍ എന്ന പ്രാരംഭഗാനം, കന്തീശാ, ആലാഹാ എന്ന ത്രൈശുദ്ധ കീര്‍ത്തനം ഇതൊക്കെ ഇപ്പോള്‍ കേള്‍ക്കുന്നു. കൂദാശാവചനങ്ങള്‍ സുറിയാനിയില്‍ തന്നെ ഉച്ഛരിക്കുന്നതും ഒരു ഫാഷന്‍ ആയിരിക്കുന്നു. അവസാനഭാഗത്തും സുറിയാനി ഗാനം കേള്‍ക്കാം. അര്‍ത്ഥം അറിയാതെ പാടി ഒപ്പിക്കാന്‍ കുട്ടികള്‍ക്കു പരിശീലനം നല്കുന്നു. ഈ സുറിയാനി പരവേശം കേവലം ഒരു മിഥ്യാബോധമെന്നു സ്ഥാപിക്കുവാന്‍ വിഷമമില്ല.
വടക്കന്‍ രൂപതകളില്‍ കുര്‍ബാന ആരംഭിക്കുന്നത് അതാതു ദിവസത്തിന്റെ പ്രാധാന്യം അറിയിച്ച ശേഷം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ്. ചങ്ങനാശ്ശേരി ഗ്രൂപ്പില്‍ യാതൊരു അറിയിപ്പുകളും കൂടാതെ ''അന്നാ പെസഹാ തിരുനാളില്‍' എന്നു പാടിക്കൊണ്ടാണ്. ഉത്ഥാനഗീതവും ത്രൈശുദ്ധ കീര്‍ത്തനവും മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്നു. ആദ്യഭാഗം പുരോഹിതന്‍ ജനാഭിമുഖമായി നില്ക്കുന്നുവെന്ന ഒറ്റ സംഭവം കൊണ്ട് കുര്‍ബാന ഏകീകൃതമായി എന്നു പറയാനാവുമോ? പെസഹാദിനത്തില്‍ സെഹിയോന്‍ ഊട്ടുശാലയിലും എമ്മാവൂസിലെ സത്രത്തില്‍ ശിഷ്യന്മാര്‍ക്കു വേണ്ടിയും നടത്തിയ വിശുദ്ധ ബലി അര്‍പ്പണത്തിന്റെ മാധുര്യം ആദ്യാവസാനം ജനാഭിമുഖമായി നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്കു മാത്രമേ ഉള്ളൂ. വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം വിശുദ്ധ കുര്‍ബാനയെക്കുറിച്ചുണ്ടായ പുതിയ കാഴ്ചപ്പാടുകളില്‍ ഒന്നായിരുന്നു ഈ മാറ്റം. വിജാതീയര്‍ ബഹുദൈവങ്ങള്‍ക്കു ബലി അര്‍പ്പിക്കും വിധം നമ്മുടെ ദേവാലയങ്ങളിലും ഒന്നിലേറെ ബലിപീഠങ്ങള്‍ ഉണ്ടായിരുന്ന കാലം നാം മറന്നിട്ടില്ല. ഒരു ദേവാലയത്തില്‍ ഒരു ബലപീഠം മാത്രം മതി എന്ന തീരുമാനം വത്തിക്കാന്‍ കൗണ്‍സിലിലാണ് ഉണ്ടായത്. പ്രത്യേക പ്രഖ്യാപനം ഒന്നും കൂടാതെ തന്നെ ജനാഭിമുഖകുര്‍ബാന നടപ്പായി.
ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോശയോടൊപ്പം സ്വാതന്ത്ര്യത്തിലേക്കു വിമോചന യാത്ര തുടരുമ്പോള്‍ ചിലര്‍ക്ക് ഈജിപ്തിലെ ഇറച്ചിച്ചട്ടികളായിരുന്നു കൂടുതല്‍ താത്പര്യം. എല്ലാ പീഡനങ്ങളില്‍നിന്നും തങ്ങളെ മോചിപ്പിക്കുന്ന ദൈവത്തെക്കാള്‍ അവര്‍ പുറജാതികള്‍ ആരാധിച്ചിരുന്ന കാള ദൈവത്തെ ആദരിച്ചു. പഴയകാല തിന്മകളിലേക്കുള്ള ഈ ആകര്‍ഷണം പല ഘട്ടങ്ങളിലും ആവര്‍ത്തിക്കുകയും ഓരോ നന്ദികേടിനും കനത്ത ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. ഇ്രസയേല്‍ ജനതയുടെ അനുഭവങ്ങള്‍ സീറോ മലബാര്‍ സഭയുടെ ചരിത്ര പാതയിലും ദൃശ്യമാകുന്നു.
സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പ് നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിന്‍ എന്നു ക്രിസ്തുനാഥന്‍ അറിയിച്ചു. ഈ സുവിശേഷ പ്രചരണം അരമായ സുറിയാനി ഭാഷയില്‍ ആയിരിക്കണം എന്നു ക്രിസ്തു ആവശ്യപ്പെട്ടില്ല. വി. തോമാശ്ലീഹാ കൊടുങ്ങല്ലൂരില്‍വന്ന് സുവിശേഷം അറിയിച്ചു എന്നാണു പാരമ്പര്യം. അക്കാലത്ത് ഇവിടെ ജനം സംസാരിച്ചിരുന്ന ചെന്തമിഴിലോ പില്‍ക്കാലത്ത് പ്രപാരത്തിലായ സംസ്‌കൃതത്തിലോ നമ്മുടെ ആരാധനാഭാഷ നടപ്പായിരുന്നെങ്കില്‍ ഒരു ക്രൈസ്തവ സംസ്‌കാരം തന്നെ ഇവിടെ വളരുമായിരുന്നു. നാലാം നൂറ്റാണ്ടില്‍ വന്ന കല്‍ദായര്‍ അവരുടെ സ്വന്തം സുറിയാനി ഭാഷയില്‍ ആരാധന നടത്താന്‍ പ്രേരിപ്പിച്ചു. പിന്നീട് നൂറ്റാണ്ടുകള്‍ അര്‍ത്ഥമറിയാത്ത സുറിയാനി ഉരുവിട്ടുകൊണ്ട് നമ്മുടെ പൂര്‍വ്വീകര്‍ ആരാധന നടത്തി. പ്രാദേശിക ഭാഷയിലുള്ള ആരാധനയും ജനാഭിമുഖ കുര്‍ബാനയും സമീപകാലത്തു ലഭ്യമായ അനുഗ്രഹങ്ങളാണ്.
വിശുദ്ധ ഗ്രന്ഥം ഹീബ്രുവിലും ഗ്രീക്കു ഭാഷയിലും ആണല്ലോ ആദ്യം എഴുതപ്പെട്ടത്. പിന്നീടു സുറിയാനി പ്ശീത്തായിലും ലത്തീനിലും പരിഭാഷപ്പെട്ടു. എന്നാല്‍ മറ്റു പ്രാദേശിക ഭാഷയില്‍ വിശുദ്ധ ഗ്രന്ഥം തര്‍ജ്ജമപ്പെടുത്തണം എന്ന ചിന്ത വലിയ അപരാധമായിട്ടാണു സഭ കരുതിയത്. വില്യം ട്വിന്റല്‍ അഗ്നിയില്‍ ചുട്ടെരിക്കപ്പെട്ടു. പ്രോട്ടസ്റ്റന്റുകാരുടെ ബൈബിള്‍ കത്തോലിക്കര്‍ വായിക്കരുത് എന്നു സഭ കല്പന പുറപ്പെടുവിച്ചു. പ്രോട്ടസ്റ്റന്റ് വിപ്ലവത്തിനു ശേഷം മാത്രമാണു പ്രാദേശിക ഭാഷയില്‍ വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടത്. സുറിയാനി, ലത്തീന്‍ ഭാഷകളില്‍ മാത്രം ബൈബിള്‍ എന്നു പറയാന്‍ പാരമ്പര്യവാദികള്‍ ഇന്നു തയ്യാറാകുമോ?
ക്രിസ്ത്യന്‍ സ്ത്രീകള്‍ ഇന്നും ചട്ടയും മുണ്ടും ധരിച്ചാല്‍ മതി എന്നും പുരുഷന്മാര്‍ ഒറ്റമുണ്ടും തോര്‍ത്തും ധരിച്ചു പള്ളിയില്‍ പോകണമെന്നും വാദിക്കാന്‍ പാരമ്പര്യവാദികള്‍ ഒരുെമ്പടുമോ?
റീത്തു വ്യത്യാസങ്ങള്‍ ഇല്ലാത്ത ഒരു ക്രിസ്ത്യന്‍ സഭയെ സ്വപ്നം കാണുവാനുള്ള സ്വാതന്ത്ര്യമെങ്കിലും ദയവായി അനുവദിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കാം.
സീറോ മലബാര്‍ സഭയില്‍ സമാധാനം ഒരു പ്രത്യേക പ്രാര്‍ത്ഥനാവിഷയമായിരിക്കട്ടെ.