Letters

സഭയില്‍ കാവി കലരുമോ?

Sathyadeepam
  • സാജു പോള്‍, തേയ്ക്കാനത്ത്‌

ഛത്തീസ്ഘട്ടിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. ഒമ്പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം നിരപരാധികളായ മലയാളി സന്യാസിനികള്‍ മോചിതരായി. സന്തോഷം, സമാധാനം.

കേരളത്തിലുടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാനും, ശക്തിയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുവാനും, ജനശ്രദ്ധ ആകര്‍ഷിക്കുവാനും കേരളസഭയ്ക്കായി. രാഷ്ട്രീയ പാര്‍ട്ടികളും വിഷയം സജീവമാക്കി. അവര്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായ രാഷ്രീയപാര്‍ട്ടിക്കെതിരെ ശക്തമായൊന്നു പ്രതികരിക്കുന്നതില്‍ സഭാനേതൃത്വത്തിനു, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്ക് ഒരു വിമുഖതയുണ്ടെന്നു സാമാന്യജനത്തിന് മനസ്സിലായിട്ടുണ്ട്. എന്തുപറ്റി സഭയ്ക്ക്? ഫാ. സ്റ്റാന്‍ സ്വാമി, ന്യായമായ സൗകര്യങ്ങള്‍ ലഭിക്കാതെ ജയിലില്‍ മരിച്ചപ്പോഴും ഇവരുടെയൊക്കെ പ്രതികരണം ആശാവഹമല്ലായിരുന്നു.

ബി ജെ പി യുടെ ഭരണത്തില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് പറഞ്ഞ ഒരു മേജര്‍ ആര്‍ച്ചുബിഷപ് നമുക്കുണ്ടായിരുന്നു. അദ്ദേഹമിപ്പോള്‍ ഈ സംഭവ വികാസങ്ങളൊക്കെ നിരീക്ഷിക്കുന്നുണ്ടാവും. എറണാകുളത്തിന്റെ പ്രതിഷേധ റാലിയില്‍ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ആവേശത്തോടെ പ്രസംഗിച്ച സഭാപിതാവ് എന്നാല്‍ അടുത്ത ദിവസം പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രി വാക്കു പാലിച്ചു എന്ന്! തടവിലാക്കപ്പെട്ട സന്യാസിനിമാരോട് സഭാമക്കള്‍ കാണിച്ച ആത്മാര്‍ഥതയും സഹാനുഭൂതിയും സഭാനേതൃത്വത്തിന് ഇല്ലായെന്നു വ്യക്തം. അല്ലെങ്കില്‍ ഇവര്‍ ആരെയൊക്കെയോ ഭയക്കുന്നുണ്ട്.

സത്യവും സുവിശേഷവും പ്രഘോഷിക്കുന്നതില്‍ മാതൃകയാകേണ്ടവര്‍ അസത്യത്തിന്റെ വക്താക്കളാകുന്നുവോ? ഇവര്‍ ആരെയാണ് ഭയക്കുന്നത്? രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്തിയിട്ടു സഭയ്ക്ക് എന്താണു നേടുവാനുള്ളത്? ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഐക്യത്തിലായിരുന്ന സഭയില്‍ അനൈക്യത്തിന്റെ ലക്ഷണങ്ങള്‍ കാണുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ അധികമായില്ല.

മാനവികതയുടെ അധ്യാപകന്‍

വത്തിക്കാന്‍ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രത്തിനു പുതിയ അധ്യക്ഷന്‍

അടുത്ത ആഗോള യുവജന ദിനാഘോഷം [2027 ആഗസ്റ്റ് 3-8] ദക്ഷിണ കൊറിയയില്‍

'യൂകാറ്റ് കുമ്പസാര' സഹായി : യുവജനങ്ങളുടെ അനുരഞ്ജനകൂദാശയെ അര്‍ഥവത്താക്കി

വചനമനസ്‌കാരം: No.182