
ചരിത്രത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍. ആദ്ധ്യാത്മിക തലത്തിലും രാഷ്ട്രീയ തലത്തിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ മഹത്ത്വം. കത്തോലിക്കാസഭ രണ്ടായിരം വര്‍ഷം കൊണ്ട് ചെയ്ത ഭീകരമായ തെറ്റുകള്‍ ഏറ്റുപറയാനും ലോകത്തിന്റെ മുമ്പാകെ മാപ്പപേക്ഷിക്കാനും അദ്ദേഹം കാണിച്ച സന്മനസ്സും ധീരതയും സഭാചരിത്രത്തില്‍ ഒറ്റപ്പെട്ട സംഭവമാണ്. മറ്റു മതങ്ങളും സഭകളുമായി സഹവര്‍ത്തിത്വം പുലര്‍ത്തുകയും സഭയുടെ ബദ്ധശത്രുവായ കമ്മ്യൂണിസത്തെ മെരുക്കുകയും മുതലാളിത്തത്തിന്റെ ദുര്‍ന്നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തത് ചരിത്രസംഭവങ്ങളാണ്.
കത്തോലിക്കാസഭയെ ഇരുപത്തേഴു വര്‍ഷം നയിച്ച ജോണ്‍ പോള്‍ രണ്ടാമനാണ് വി. പീറ്ററിനും ഒമ്പതാം പീയൂസിനും ശേഷം ഏറ്റവും കൂടുതല്‍ കാലം മാര്‍പാപ്പാ പദവി അലങ്കരിച്ചത്. 455 വര്‍ഷത്തിനുള്ളില്‍ പാപ്പാസ്ഥാനത്തെത്തിയ ഇറ്റലിക്കാരനല്ലാത്ത ഏകവ്യക്തിയും ലോകം മുഴുവന്‍ സഞ്ചരിച്ച ഏക മാര്‍പാപ്പായുമാണ് അദ്ദേഹം.
തെക്കന്‍ പോളണ്ടിലെ ക്രാക്കോവിനടുത്തുള്ള വാഡൊവിസിലാണ് 1920 മെയ് 18 ന് കാരള്‍ ജോസഫ് വൊയ്റ്റീവ ജനിച്ചത്. കാരള്‍ വൊയ്റ്റീവയുടെയും എമിയുടെയും രണ്ട് ആണ്‍മക്കളില്‍ ഇളയവനായിരുന്നു. മൂത്ത സഹോദരന്‍ ഡോക്ടറായിരുന്ന എഡ്മണ്ട് 1932-ല്‍ മരിച്ചു. വാഡൊവിസിലായിരുന്നു വൊയ്റ്റീവയുടെ പ്രാഥമിക വിദ്യാഭ്യാസം. 1938-ല്‍ ക്രാക്കോവിലെ യാഗിലോനിയന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. ഒപ്പം ഒരു ഡ്രാമാ സ്‌കൂളിലും ചേര്‍ന്നു. നടനും നാടകകൃത്തുമായിരുന്ന അദ്ദേഹം പന്ത്രണ്ടോളം വ്യത്യസ്ത നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.
പക്ഷേ, 1939-ല്‍ ജര്‍മ്മനിയുടെ ജൂതവിരോധിയായ ഹിറ്റ്‌ലര്‍ പോളണ്ടില്‍ കടന്ന് ജൂതജനതയെ പീഡിപ്പിക്കുകയും രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു. അതോടെ യാഗിലോനിയന്‍ യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടുകയും, പഠനം മുടങ്ങിയ വൊയ്റ്റീവ ജീവിക്കാന്‍ വേണ്ടി കരിങ്കല്‍ മടയിലും രാസവസ്തു ഫാക്ടറിയിലും ജോലി ചെയ്യുകയും ചെയ്തു. 1942-ലാണ് പുരോഹിതനാകാനുള്ള താത്പര്യത്തോടെ ക്രാക്കോവിലെ ഒരു രഹസ്യ സെമിനാരിയില്‍ ചേര്‍ന്നത്. 1944-ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ പഠനം ക്രാക്കോവിലെ മുഖ്യസെമിനാരിയിലായി. വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ച യാഗിലോനിയന്‍ യൂണിവേഴ് സിറ്റിയില്‍ ദൈവശാസ്ത്ര പഠനം തുടരുകയും ചെയ്തു. അങ്ങനെ 1946-ല്‍ പൗരോഹിത്യം സ്വീകരിച്ച വൊയ്റ്റീവ റോമിലെത്തി 1948 ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.
പോളണ്ടില്‍ തിരിച്ചെത്തിയ അദ്ദേഹം വിവിധ പള്ളികളില്‍ വികാരിയായിരിക്കെ, ദൈവശാസ്ത്ര-തത്ത്വശാസ്ത്ര പഠനങ്ങള്‍ തുടരുകയും പിന്നീട് ലൂബ്‌ലിന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയിലും മേജര്‍ സെമിനാരിയിലും ധര്‍മ്മശാസ്ത്രാദ്ധ്യാപകനാവുകയും ചെയ്തു.
1963-ല്‍ ക്രാക്കോവിലെ ആര്‍ച്ചുബിഷപ്പായ വൊയ്റ്റീവ നാലുവര്‍ഷത്തിനുശേഷം 1967-ല്‍ കര്‍ദ്ദിനാളായി. 1978-ല്‍ പോപ്പ് പോള്‍ ആറാമന്റെ മരണശേഷം തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ജോണ്‍പോള്‍ ഒന്നാമന്‍ ദുരൂഹ സാഹചര്യത്തില്‍ പെട്ടെന്നു മരിച്ചപ്പോള്‍ വോയ്റ്റീവ് പോപ്പ് ജോണ്‍ പോള്‍ രണ്ടാമനായി സഭയുടെ പരമാധികാരിയായി.
1981 മെയ് 13 ന് മെഹ്മത് അലി ആഖ എന്ന തുര്‍ക്കിക്കാരന്‍ ആക്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട പാപ്പാ പിന്നീട് അയാളെ ജയിലില്‍ പോയി സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയുണ്ടായി. 2001-ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച പാപ്പായുടെ സംഭാഷണശേഷി കുറഞ്ഞുവരികയും 2005 ഏപ്രില്‍ 2 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. ഏപ്രില്‍ 8-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സംസ്‌കരിച്ചു. ലോകത്തിലെ ഇരുന്നൂറിലധികം രാഷ്ട്രത്തലവന്മാരും ഉന്നതഭരണാധികാരികളും രാജാക്കന്മാരും മതാദ്ധ്യക്ഷന്മാരും ജനലക്ഷങ്ങളും സാക്ഷ്യം വഹിച്ച ആ വിടവാങ്ങല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ശവസംസ്‌ക്കാര ച്ചടങ്ങായി മാറി.
"തീര്‍ത്ഥാടകനായ പോപ്പ്" എന്നും "പോപ്പുമാരുടെ പോപ്പ്" എന്നും അറിയപ്പെടുന്ന ജോണ്‍പോള്‍ രണ്ടാമനാണ് കത്തോലിക്കാ വിശ്വാസത്തിനു പ്രാമുഖ്യമില്ലാത്ത ഇംഗ്ലണ്ടിലേക്കു യാത്ര ചെയ്ത ആദ്യത്തെ മാര്‍പാപ്പാ. പ്രൊട്ടസ്റ്റന്റു വിശ്വാസത്തില്‍ അധിഷ്ഠിതമായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാദ്ധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ചുബിഷപ്പിനൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്തു. 1999-ല്‍ റുമേനിയ സന്ദര്‍ശിച്ച്, 11-ാം നൂറ്റാണ്ടില്‍ കത്തോലിക്കാസഭയില്‍ നിന്നു പിരിഞ്ഞുപോയ ഓര്‍ത്തഡോക്‌സ് സഭയുടെ മേലദ്ധ്യക്ഷന്മാരുമായും സംസാരിച്ചു. 2000-ല്‍ ഈജിപ്തിലെത്തിയ പോപ്പ്, കോപ്റ്റിക് സഭയുടെ പരമാദ്ധ്യക്ഷനെയും കണ്ടു. 2001-ല്‍ ഗ്രീസിലെത്തി. ആയിരം വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടായിരുന്നു ഒരു പാപ്പാ ഗ്രീസിന്റെ മണ്ണില്‍ കാലുകുത്തുന്നത്.
വിവിധ രാജ്യങ്ങളിലുള്ള ആയിരത്തിമുന്നൂറോളം പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുകൊണ്ട്, സഭാവിശ്വാസത്തിന് വര്‍ദ്ധിതവീര്യം നല്‍കാനുള്ള ഒരു ശ്രമവും അദ്ദേഹം നടത്തിയിരുന്നു. "മെമ്മറി ആന്റ് ഐഡന്റിറ്റി", "ദ വേ ടു ക്രൈസ്റ്റ്", "ക്രോസിങ്ങ് ദ ത്രെഷോള്‍ഡ് ഓഫ് ഹോപ്പ്", "ഗിഫ്റ്റ് ആന്റ് മിസ്സറി", "ലവ് ആന്റ് റെസ്‌പോണ്‍സിബിലിറ്റി" എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍.
2011 മെയ് 1 ന് ബനഡിക്ട് XVI പാപ്പാ, ജോണ്‍ പോള്‍ II നെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. 2014 മെയ് 27-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ജോണ്‍ 23-നോടൊപ്പം ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.