ജെയിംസ് ഐസക്, കുടമാളൂർ
ആന്ധ്രാപ്രദേശിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടന്ന വിവാഹകർമ്മത്തിന്റെ വീഡിയോ യൂ-ട്യൂബിൽ കണ്ടു. കമനീയമായി അലങ്കരിച്ച മണ്ഡപത്തിലേക്ക് വധൂവരന്മാർ കടന്നുവരുമ്പോൾ വാദ്യമേളങ്ങൾ ഉയർന്നു. ഇരുവരും പരസ്പരം പുഷ്പമാലകൾ അണിയിച്ചപ്പോൾ ഉയർന്നുകേട്ട നാഗസ്വരം ഹൈന്ദവപാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നു. ഭാരതീയ പാരമ്പര്യങ്ങളിൽ നിറപ്പകിട്ടുള്ള ഘടകങ്ങൾ നിലനിർത്തിയിരിക്കുന്നതു അഭിനന്ദനീയമായി തോന്നി. ഒരു മംഗളഗാനം സദസ്യർ എല്ലാവരും ചേർന്നു പാടിക്കൊണ്ടിരുന്നു. തുടർന്ന് ഒരു പാസ്റ്ററുടെ സുവിശേഷ വായനയും സുദീർഘമായ പ്രസംഗവും.
ആന്ധ്രായിലെ ക്രൈസ്തവർ ഭൂരിപക്ഷവും ആധുനിക കാലത്തു ക്രിസ്തുവിശ്വാസം സ്വീകരിച്ചവരാണ്. ഭാരതത്തിലെ ഹൈന്ദവം എന്നു വിളിക്കാവുന്ന ആചാരങ്ങൾ പലതും നിലനിർത്തുന്നതിൽ അവരെ കുറ്റപ്പെടുത്താനാവില്ല.
പഴക്കം കൂടുതലുള്ള കേരളത്തിലെ ക്രൈസ്തവർ നൂറ്റാണ്ടുകൾക്കു മുമ്പുള്ള പല ആചാരാനുഷ്ഠാനങ്ങളും നിലനിർത്തണമെന്നു നിർബന്ധം പിടിക്കുന്നു. അതേ സമയം ആധുനിക പാശ്ചാത്യ ശീലങ്ങൾ കണ്ണുമടച്ച് ഇവിടെ അവതരിപ്പിക്കാൻ വെമ്പൽകൊള്ളുകയും ചെയ്യുന്നു. ഒരിക്കലും തൃപ്തിവരാതെ മാറ്റങ്ങൾ അഭിനയിക്കാൻ താല്പര്യമുള്ളവരായി മാറുകയാണു നമ്മുടെ പുതുതലമുറ. ഒരേസമയം ക്രിസ്ത്യൻ പാരമ്പര്യം വേണമെന്നു പറയുകയും അർത്ഥശൂന്യമായ പേഗൻ രീതികൾ പകർത്തുകയും ചെയ്യുന്നവരായി നാം മാറിയിരിക്കുന്നു.
പണ്ടൊക്കെ സുറിയാനിയിൽ ചൊല്ലുന്ന പ്രാർത്ഥനകൾക്കുശേഷം പുരോഹിതൻ താലി വെഞ്ചരിച്ച് വരന്റെ കൈയിൽ കൊടുക്കുന്നു. മന്ത്രകോടി ഹനാൻ വെള്ളം തളിച്ച് വധുവിനെ അണിയിക്കാൻ നല്കുന്നു. രണ്ടു പേരുടെയും കൈപിടിച്ചു ചില ആശീർവാദമൊഴികൾ നല്കിയാൽ കർമ്മം അവസാനിച്ചു. വിവാഹം എന്ന കൂദാശയോടു കൂടി വിശുദ്ധ കുർബാനയും വേണം എന്നു കത്തോലിക്കാ സഭ തീരുമാനിച്ചിട്ട് അധികം നാളുകളായില്ല. ഇന്നത്തെ രീതിയിൽ ആയിരത്തിൽപ്പരം ആളുകളെ ക്ഷണിച്ചു വലിയ വിരുന്നു നടത്തുന്നതും സിനിമാറ്റിക് ഡാൻസു സഹിതം വധൂവരന്മാർ സ്വീകരിക്കപ്പെടുന്നതും അടുത്ത കാലത്തുണ്ടായ ആചാരങ്ങൾ ആണ്. പുതിയ ആചാരങ്ങളിൽ ഏതൊക്കെ നിലനിർത്താം ഏതൊക്കെ നിർത്തലാക്കാം എന്നു സഭയെ സ്നേഹിക്കുന്നവർ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.
ക്നാനായ വിഭാഗങ്ങൾ വിവാഹ തലേന്നു വധുവിനു മൈലാഞ്ചി അണിയിക്കൽ, വരന് ചന്തം ചാർത്തൽ, മധുരം വയ്പ് എന്നീ ചടങ്ങുകളും വിവാഹശേഷം നടവിളിയോടു കൂടി സ്വീകരണവും ഒഴിവാക്കാനാവാത്ത ആചാരങ്ങളായി കരുതുന്നു. നൊസ്റ്റാൾജിയ സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ തുടരുന്നതുകൊണ്ട് ഒരു സന്തോഷം ലഭിക്കും. തുടരട്ടെ. എന്നാൽ വധൂവരന്മാർ വിവാഹത്തിനു മുമ്പ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പ്രാർത്ഥിച്ചശേഷം മുതിർന്നവർക്ക് സ്തുതിചൊല്ലി അനുഗ്രഹം വാങ്ങുന്ന നല്ല പതിവ് നിർത്താതെ തുടരുവാൻ മടിക്കരുത്.
എനിക്കു വേണ്ടപ്പെട്ട ഒരു യുവാവ് അല്പം പുരോഗമന ചിന്തയുള്ളവനാണ്. തന്റെ വിവാഹത്തിനു 100 പേരിൽ കൂടുതൽ പങ്കെടുക്കേണ്ടതില്ല. സ്ത്രീധനം വാങ്ങുകയില്ല. ആഡംബര വിരുന്നുകൾ നടത്തുകയില്ല. ഈവിധം നിർബന്ധങ്ങൾ തുറന്നു പറഞ്ഞതിനാൽ ഇതുവരെ വന്ന നാല് ആലോചനകൾ മുടങ്ങി.
ആചാരങ്ങളിലെ നന്മതിന്മകൾ പരിശോധിച്ച് നല്ലതു നടത്തുവാനും ചീത്തയായതു ഉപേക്ഷിക്കാനും യുവതലമുറ ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു.