ഡോ. ജോമോന്‍ തച്ചില്‍, അങ്കമാലി
തെമ്മാടിക്കുഴിയെ പറ്റി ജോര്‍ജ് വിതയത്തിലച്ചന്റെ പ്രതികരണം കണ്ടു. തെമ്മാടിക്കുഴി എന്നൊരു ഭാഗം സെമിത്തേരിയില്‍ കണ്ടിട്ടില്ല എന്ന് അച്ചന്‍ എഴുതിയത് എന്തു കൊണ്ടാണ് എന്ന് മനസിലാകുന്നില്ല. 80 കഴിഞ്ഞ അച്ചനാണ് ജോര്‍ജ് അച്ചന്‍ എന്ന് ഞാന്‍ കരുതട്ടെ.
അങ്കമാലി സെമിത്തേരിയില്‍ പിഞ്ചു കുട്ടികള്‍ക്കായി ഒരു ഭാഗം ഉണ്ടായിരുന്നു. ഇപ്പോഴത്തെ book stall ന് പുറകിലുള്ള ഭാഗം. അവിടെ വെറും മണ്‍കൂന മാത്രമാണുണ്ടായിരുന്നത്. അങ്കമാലിയിലെ സെമിത്തേരിയിലെ തെമ്മാടിക്കുഴികളുടെ സ്ഥാനം പ്രധാന കവാടത്തിന്റെ ഇടത് ഭാഗത്തുള്ള അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു.
ജനനമരണ വിവരണങ്ങള്‍ രേഖപ്പെടുത്തിയ കറുത്ത മരക്കുരിശും മറ്റും അവിടെ വയ്ക്കാറില്ല. മാത്രമല്ല പുല്ലും അല്പം കാടും പിടിച്ചു കിടക്കുന്ന ഇടം. ഏതാണ്ട് 60 കൊല്ലം മുമ്പ് ഉള്ള എന്റെ ഓര്‍മ്മകളാണ് ഇത്. ഒരാള്‍ വിഷം കഴിച്ചോ തൂങ്ങി മരിച്ചോ ആത്മഹത്യ ചെയ്താല്‍ വൈദികരുടെ ഭാഗത്ത് നിന്ന് യാതൊരു വിധ മരണ സംസ്‌കാര ശുശ്രൂഷകളും ഉണ്ടാവുകയില്ല.
ഒരു കൂട്ടം ആളുകള്‍ ഈ ശവശരീരം വഹിച്ച് കാളവണ്ടിയിലോ ചുമന്നോ സിമത്തേരിയില്‍ കൊണ്ടു വന്നു മൃഗങ്ങളെ കുഴിച്ചു മൂടുന്ന രീതിയില്‍ അടക്കം ചെയ്യും. എന്റെ വീടിന്റെ അടുത്ത് ഒരാള്‍ വിഷം കഴിച്ച് മരിച്ചപ്പോള്‍ അയാളെ അടക്കിയ ഇതേ രീതി ഞാന്‍ എപ്പോഴും ഓര്‍മ്മിക്കാറുണ്ട്.