കുവൈത്തിലെ കത്തോലിക്കാ ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി

കുവൈത്തിലെ കത്തോലിക്കാ ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി
Published on

കുവൈത്തിലെ അഹമ്മദിയില്‍, അറേബ്യന്‍ മാതാവിന്റെ പേരിലുള്ള കത്തോലിക്കാ ദേവാലയത്തെ മൈനര്‍ ബസിലിക്കയായി പ്രഖ്യാപിച്ചു. കുവൈത്ത് സന്ദര്‍ശനത്തിന് എത്തിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിനാണ് പ്രഖ്യാപനം നടത്തിയത്. കുവൈത്തും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ഈ പ്രഖ്യാപനം എന്ന് കരുതപ്പെടുന്നു.

ഗള്‍ഫ് മേഖലയിലുള്ള കത്തോലിക്കരുടെയാകെ ഒരു തീര്‍ഥാടന കേന്ദ്രമായി ഈ ബസിലിക്ക മാറാനുള്ള സാധ്യതയാണ് തുറന്നു വരുന്നത്. ഗള്‍ഫ് മേഖലയിലെ കുടിയേറ്റക്കാരായ കത്തോലിക്കരുടെ പൊതുവായ ഒരു പ്രാര്‍ഥന കേന്ദ്രമായി ബസിലിക്ക പ്രചാരം നേടിയേക്കും.

കൂടാതെ ഗള്‍ഫ് മേഖലയിലെ മതാന്തരസംഭാഷണ ത്തിന്റെയും പരസ്പരാദരവിന്റെയും ഒരു പ്രതീകമായും ബസിലിക്ക പ്രവര്‍ത്തിക്കും. സഭാ നിയമപ്രകാരം ഉള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ട് ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കുന്ന വിശ്വാസികള്‍ക്ക് ദണ്ഡവിമോചനത്തിനും അവസരം ഉണ്ടായിരിക്കും.

കുവൈത്ത് സന്ദര്‍ശനത്തിന് എത്തിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കുവൈത്തിലെ ഉന്നത അധികാരികളു മായി ചര്‍ച്ചകള്‍ നടത്തി. വത്തിക്കാനും കുവൈത്തും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടു ത്തുന്നത് ലക്ഷ്യമിട്ടുള്ളതായിരുന്നു ചര്‍ച്ചകള്‍ എന്ന് വത്തിക്കാന്‍ അറിയിച്ചു.

വത്തിക്കാനുമായി പൂര്‍ണ്ണതോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാഷ്ട്രമാണ് കുവൈറ്റ്. 1968-ലായിരുന്നു ഇത്. അന്നു മുതല്‍ കുവൈറ്റില്‍ വത്തിക്കാന്റെ സ്ഥാനപതി കാര്യാലയം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മതവൈവിധ്യത്തെ മാനിക്കുന്നതിലും സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാക്കുന്നതിലും കുവൈത്തിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് വത്തിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പ്രകടിപ്പിച്ചിട്ടുള്ളത്.

അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു കത്തോലിക്കാ ദേവാലയത്തിന് ആദ്യമായാണ് മൈനര്‍ ബസിലിക്ക എന്ന പദവി നല്‍കപ്പെടുന്നത്. 1948-ലാണ് ഭരണകൂടം നല്‍കിയ സ്ഥലത്ത് ഇവിടെ ആദ്യമായി ചെറിയൊരു ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. ഇപ്പോഴുള്ള പള്ളി 1957-ല്‍ കുവൈറ്റ് ഓയില്‍ കമ്പനിയുടെ സംഭാവനകൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്. കുവൈറ്റിലെ കത്തോലിക്കരുടെ മാതൃദേവാലയമായി ഇത് അറിയപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org