ബഹുമതികള്‍ എന്നും ബഹുമാനിക്കപ്പെടട്ടെ

ബഹുമതികള്‍ എന്നും ബഹുമാനിക്കപ്പെടട്ടെ
Published on

ഭരണകൂടം നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതികള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധേയമാകാറുണ്ട്, ചിലപ്പോള്‍ വിവാദ വിധേയവും. കാരണം പുരസ്‌കാരങ്ങള്‍ അതില്‍ തന്നെ പറയാതെ പറയുന്ന ഒരു രാഷ്ട്രീയമുണ്ട്, ധാര്‍മ്മികതയുണ്ട്. അത് അനിഷേധ്യമാണ്.

പുരസ്‌കാര വേദി എന്നത് വലിയൊരു രാഷ്ട്രീയ പ്രദര്‍ശനം കൂടി ആകുന്നു. പുരസ്‌കാര വിതരണം സൃഷ്ടിക്കുന്ന ഒരു വൈകാരിക തരംഗമുണ്ട്. അതിന് വോട്ടുബാങ്കില്‍ വലിയ പ്രാധാന്യവും.

1954-ലാണ് രാജ്യം പദ്മ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത്. ആദ്യവര്‍ഷം രാജ്യത്തിന്റെ ഈ പരമോന്നനത പൗരബഹുമതികള്‍ ലഭിച്ച മലയാളികള്‍ മഹാകവി വള്ളത്തോളും സ്വതന്ത്രഭാരതശില്പികളില്‍ ഒരാളായിരുന്ന വി കെ കൃഷ്ണമേനോനും ആയിരുന്നു. മന്നത്ത് പത്മനാഭനെപോലുള്ള സമുദായനേതാക്കളും യേശുദാസിനെ പോലുള്ള കലാകാരന്മാരും പദ്മജേതാക്കളുടെ പട്ടികയില്‍ വളരെ നേരത്തെ ഇടംപിടിച്ചവരാണ്. കാര്‍ഡിനല്‍ ആന്റണി പടിയറയും മാര്‍ത്തോമ്മാസഭാധ്യക്ഷനായിരുന്ന അലക്‌സാണ്ടര്‍ മാര്‍ ക്രിസോസ്തം വലിയ മെത്രാപ്പോലീത്തായും മാത്രമാണ് ഈ പട്ടികയില്‍ കേരളത്തില്‍ നിന്നു നമുക്കു കാണാനാകുന്ന ക്രൈസ്തവമതാചാര്യന്മാര്‍.

പുരസ്‌കാരശ്രേണിയില്‍ ഒടുവിലത്തേതായ പദ്മശ്രീയാണ് 1998-ല്‍ പടിയറപ്പിതാവിനു നല്‍കിയത്. ഇത്തരം അംഗീകാരങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ നിരാസം അതു നല്‍കിയവരെ വേദനിപ്പിച്ചേക്കാമെന്നത് തന്റെ ആത്മീയതയ്ക്കു നിരക്കുന്നതല്ലാത്തതിനാല്‍ സ്വീകരിക്കുകയാണെന്നു മാണ് അന്നു പടിയറപ്പിതാവ് പ്രതികരിച്ചത്. ഫലത്തില്‍, അദ്ദേഹം ഈ അംഗീകാരം ഹൃദയത്തില്‍ ഏറ്റുവാങ്ങിയില്ല. ദൈവത്തിനുള്ള സേവനം സീസറിന്റെ അംഗീകാര ങ്ങള്‍ക്കുവേണ്ടിയല്ല, ആകരുത് എന്നദ്ദേഹം ചിന്തിച്ചു.

ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ വിവാദ ങ്ങള്‍ക്കു തിരി കൊളുത്തിയിട്ടുണ്ട്. ശ്രീ വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ ലഭിച്ചതാണ് അതിനൊരു കാരണം. ഈഴവ സമുദായത്തെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ 30 വര്‍ഷങ്ങളായി അദ്ദേഹം നടത്തിയ സംഘാടനത്തെക്കുറിച്ച്, ഇടപെടലുകളെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൃത്യമായ ഇടവേളകളില്‍ അദ്ദേഹം ആവര്‍ത്തിക്കുന്ന വര്‍ഗീയ ധ്രുവീകരണഭാഷണങ്ങളെ ക്കുറിച്ചു കേരള പൊതുസമൂഹത്തിന്ന് വേദനയുണ്ട്. അതുകൊണ്ടുതന്നെ പുരസ്‌കാര ലബ്ധി വര്‍ഗീയ ധ്രുവീകരണ സംഭാഷണങ്ങള്‍ക്കല്ല എന്ന് വിശ്വസിക്കാനാണ് കേരള പൊതുസമൂഹത്തിന് ഇഷ്ടം. സമുദായ ഉദ്ധാരണം സാംസ്‌കാരിക മൂല്യം ഉള്‍ക്കൊള്ളുന്നതാണെങ്കിലും വര്‍ഗീയ ധ്രുവീകരണ ഭാഷ അങ്ങനെയല്ലല്ലോ. ഭേദ ചിന്തകള്‍ക്കപ്പുറം മാനവികതയെ പ്രണയിച്ച ശ്രീനാരായണഗുരുവിന്റെ ആത്മീയ പ്രഭ പേറുന്ന പ്രസ്ഥാനത്തിന്റെ പേരില്‍ ആകുമ്പോള്‍ പ്രത്യേകിച്ചും.

ഹന്ന അരന്റ് നിരീക്ഷിക്കുന്നതുപോലെ ആധുനിക രാഷ്ട്രീയം പലപ്പോഴും പ്രദര്‍ശനങ്ങളുടെ വേദിയാണ് (Space for spectacles). അവിടെ പ്രവര്‍ത്തികളേക്കാള്‍ കാഴ്ചകള്‍ക്ക് പ്രാധാന്യമുണ്ട്. പുരസ്‌കാര വേദി എന്നത് വലിയൊരു രാഷ്ട്രീയ പ്രദര്‍ശനം കൂടി ആകുന്നു. പുരസ്‌കാര വിതരണം സൃഷ്ടിക്കുന്ന ഒരു വൈകാരിക തരംഗമുണ്ട്. അതിന് വോട്ടുബാങ്കില്‍ വലിയ പ്രാധാന്യവും.

വികസനമോ വികസനോന്മുഖമായ ആശയങ്ങളോ നല്‍കുന്നതിന് പകരം ജനങ്ങളുടെ വികാരങ്ങളെ പുരസ്‌കാരങ്ങള്‍ വഴി തൃപ്തിപ്പെടുത്തുന്നത് എളുപ്പ വഴിയാണ് ഭരണകൂടങ്ങള്‍ക്ക്. ഇതൊരു സമുദായത്തെ മുന്‍നിര്‍ത്തിയാകുമ്പോള്‍ ആ സമുദായത്തിന് അതൊരു പ്രതീകാത്മക കടപ്പാട് (symbolic debt) കൂടിയാവുന്നു. ചുരുക്കത്തില്‍, ആത്മാവില്ലാത്ത കൊടുക്കല്‍ വാങ്ങലുകളുടെ ഒരു കലയായി മാറുന്നു രാഷ്ട്രീയം. ഇത്തരം വിനിമയങ്ങള്‍ക്ക് പ്രവചനാതീതമായ പ്രഹരശേഷിയുണ്ട്. ഇലക്ഷന്‍ കാലത്ത് പ്രത്യേകിച്ച്.

പക്ഷേ, ഭരണകൂടം തിരിച്ചറിയേണ്ട് ഒന്നുണ്ട്. ഇത് ചിന്തിക്കുന്ന പൗരന്മാരെ വെറും വൈകാരിക ഉപഭോക്താക്കളായി ചുരുക്കുന്ന പരിപാടിയാണ്. സൗജന്യ വിതരണങ്ങളുടെ രാഷ്ട്രീയം പോലെ മറ്റൊന്ന്.

രാജ്യം അതിന്റെ പ്രഗത്ഭ പൗരന്മാരെ ആദരിക്കുന്നത് തീര്‍ത്തും അസ്ഥാനത്താണെന്നു പറയുക വയ്യ. എന്നാല്‍, പ്രാഗത്ഭ്യത്തിന്റെ അളവുകോലുകള്‍ ഭരണകൂട ത്തിന്റെ കേവലമായ ഇഷ്ടാനിഷ്ടങ്ങള്‍ ആയിക്കൂടാ. ഭരണകക്ഷിയുടെയും ആ കക്ഷിയെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പദ്മ പുരസ്‌കാരങ്ങളെ ചൂണ്ടയും ചവിട്ടു പടിയും കവചവുമാക്കുന്നത് ഉത്തമമായ രാജ്യതാത്പര്യ ത്തിനു ഗുണകരമല്ല, അതു ശരിയായ രാജ്യസ്‌നേഹികളോ ദേശാഭിമാനികളോ ചെയ്യുകയുമില്ല. എന്നാല്‍, അടുത്ത കാലത്തുള്ള പുരസ്‌കാരവാര്‍ത്തകളൊക്കെ അത്തരം സംശയങ്ങള്‍ പൗരസമൂഹത്തിന്റെ ഉള്ളിലുണര്‍ത്തുന്നുണ്ട്.

സമൂഹത്തിലെ ഏത് ശ്രേണികളില്‍നിന്നുമാകട്ടെ, ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ മതേതര മൂല്യങ്ങളുടെ പ്രകാശനം കൂടിയാവണം. കാരണം, ബഹുസ്വര ഇന്ത്യയുടെ ആത്മാവ് വസിക്കുന്നത് മതേതര മനസ്സുകളിലാണ്. 77 വയസ്സ് പ്രായമായ ഭരണഘടനയും പറയുന്നത് മറ്റൊന്നല്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org